മലയാള ചലച്ചിത്രസാഹിത്യലോകത്ത് നിന്ന് പപ്പേട്ടൻ എന്ന പി പത്മരാജൻ വിടപറഞ്ഞിട്ട് ഇന്നേയ്‌ക്ക് 35 വർഷങ്ങൾ തികയുമ്പോൾ പത്മരാജൻ്റെ ഓർകളിലൂടെ സഞ്ചരിക്കാം..
ഞാൻ ഗന്ധർവ്വൻ… ചിത്രശലഭമാവാനും മേഘമാലകളാവാനും പാവയാവാനും മാനാവാനും മനുഷ്യനാവാനും നിൻ്റെ ചുണ്ടിൻ്റെ മുത്തമാവാനും നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി…” പി പത്മരാജൻ വിട പറഞ്ഞിട്ട് മുപ്പത്തഞ്ച് വർഷം തികയുമ്പോൾ ഇന്നും മലയാളി മനസിൽ നിന്ന് മായാത്ത മുഖം. അദ്ദേഹത്തിൻ്റെ ഓരോ ഡയലോഗുകളും രചനകളും ഓരോ കാലത്തിലും പ്രതിധ്വനിക്കുന്നു. മലയാളസാഹിത്യലോകത്തിന് സംഭവിച്ച ഏറ്റവും വലിയ നഷ്‌ടം. പി. പത്മരാജന് പ്രണാമം..
സർഗാത്മകതയുടെയും യൗവ്വനതീക്ഷണതയുടെയും സുവർണ കാലമാണ് അദ്ദേഹത്തോടൊപ്പം വിടവാങ്ങിയത്. മികച്ച സൃഷ്‌ടികളായ ചലച്ചിത്രങ്ങളോടൊപ്പം സാഹിത്യത്തിലുമുള്ള അദ്ദേഹത്തിൻ്റെ സംഭാവനകൾ അഗ്രഗണ്യമാണ്. ലഹരി പിടിപ്പിക്കുന്ന എഴുത്ത് വിദ്യകൊണ്ട് മായാജാലം തീർക്കുകയായിരുന്നു അദ്ദേഹം തൻ്റെ ജീവിതകാലത്തിൽ.
തൂവാനത്തുമ്പികൾ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, ഒരിടത്തൊരു ഫയൽവാൻ, ദേശാടനക്കിളി കരയാറില്ല, ഇതാ ഇവിടെ വരെ, അപരൻ, പെരുവഴിയമ്പലം, കള്ളൻ പവിത്രൻ എന്നിങ്ങനെ എത്രയോ ചിത്രങ്ങൾ ഇന്നും മലയാളികൾ നെഞ്ചിലേറ്റി നടക്കുന്നു. കഥാപാത്രസൃഷ്‌ടി, പരിസരം, മാനസിക സംഘർഷങ്ങൾ, സാമൂഹിക വ്യവസ്ഥകൾ, പ്രണയ സങ്കൽപ്പങ്ങൾ എല്ലാം കാലത്തിന് മുന്നേ സഞ്ചരിച്ചു.
പ്രകൃതി സൗന്ദര്യം, ഭാവന, വ്യക്തിത്വം, വികാരങ്ങൾക്ക് നൽകുന്ന ഊന്നൽ, അത്ഭുതങ്ങൾ, മിത്തുകൾ എല്ലാം പത്മരാജൻ ചിത്രത്തിൽ ഇടകലർന്നിരുന്നു. അപാരമായ ദൃശ്യബോധവും ആഖ്യാനശൈലിയും ഏറെ വ്യത്യസ്‌തത പുലർത്തി. ഇവയിലെല്ലാം ദൃശ്യമാകുന്ന ഒരു തരം സൗന്ദര്യപരതയും ആഴവും ജനപ്രിയമായി. ഇന്ന് അദ്ദേഹത്തിൻ്റെ മിക്ക കഥകളിലെയും ചിത്രങ്ങളിലെയും ഡയലോഗുകൾക്ക് സമൂഹമാധ്യമങ്ങളിൽ പ്രധാന ഇടമാണുള്ളത്. യുവാക്കൾ ഒന്നടങ്കം അവയെ ഇഷ്‌ടപ്പെടുകയും ഏറ്റെടുക്കുകയും ചെയ്യുന്നു.
തൻ്റെ ഒരു രചനകളൊന്നും സിനിമയെ മുന്നിൽക്കണ്ടല്ല രചിച്ചതെന്ന് പത്മരാജൻ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ പിന്നീട് ആ രചന ചലച്ചിത്രമായപ്പോൾ പുതിയൊരു വ്യക്തിത്വത്തോടുകൂടി ചിത്രങ്ങൾ മികച്ച മാതൃകകളായി പുനർജനിച്ചു. അതിന് ഉദാഹരണമാണ് എക്കാലത്തെയും മികച്ച പ്രണയ ചലച്ചിത്രങ്ങളിലൊന്നായ ‘തൂവാനത്തുമ്പികൾ’. ഉദകപ്പോള എന്ന നോവൽ വായിച്ചിട്ടുള്ളവർക്ക് സിനിമ കണ്ടാൽ വളരെ അത്ഭുതം തോന്നും. ക്ലാര എന്ന കഥാപാത്രത്തിന് അദ്ദേഹം നൽകിയ പരിവേഷം ഇന്നത്തെ കാലത്തിനോട് കിടപിടിക്കുന്നു. ലൈംഗികതയെ ഒരു അശ്ലീലമായല്ലാതെ എങ്ങനെ ചിത്രീകരിക്കാം എന്ന് മലയാള സിനിമയ്‌ക്ക് കാട്ടിത്തന്നത് പത്മരാജനാണ്. ക്ലാരയ്‌ക്കൊപ്പം നാട്ടിൻപുറത്തുകാരനായ ജയകൃഷ്‌ണനും രാധയും മികച്ചു നിൽക്കുന്നു. ചിത്രത്തിൽ മഴയെയും ഒരു കഥാപാത്രമാക്കിക്കൊണ്ട് പ്രകൃതിയെയും ചിത്രത്തിലേയ്‌ക്ക് ആവാഹിക്കുകയായിരുന്നു. സിനിമയുടെ അവസാനം ഒരു ചോദ്യമെങ്കിലും ബാക്കിവയ്‌ക്കാതെ ആരും മടങ്ങുകയില്ല.
മലയാളനോവൽസാഹിത്യചരിത്രത്തിൽ വേണ്ടരീതിയിൽ ചർച്ചചെയ്യപ്പെട്ടിട്ടില്ലാത്ത നോവലാണ് ഉദകപ്പോള. എന്നാൽ പതിറ്റാണ്ടുകൾക്ക് ശേഷവും നോവലിൻ്റെ പിന്തുടർച്ചക്കാരനായ തൂവാനത്തുമ്പികൾ ചർച്ചകൾക്കും പഠനങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുന്നു. യുവാക്കൾക്കും എഴുത്തുകാർക്കും പ്രചോദനമായി മാറിയിരിക്കുകയാണ് പത്മരാജൻ എന്ന പ്രതിഭ.
നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം…
ഏറെ ചർച്ചചെയ്യപ്പെട്ട ചിത്രമാണ് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ. കെ കെ സുധാകരൻ്റെ ‘നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം’ എന്ന നോവലാണ് ചിത്രത്തിനാധാരം. തൻ്റെ സാഹിത്യസൃഷ്‌ടികൾക്ക് പുറമേ മറ്റ് എഴുത്തുകാരുടെ സൃഷ്‌ടികളും സിനിമയാക്കാൻ അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല. പിൽക്കാലത്ത് വാസന്തിയുടെ ‘ഇല്ലിക്കാടുകൾ പൂത്തപ്പോൾ’ എന്ന നോവൽ ‘കൂടെവിടെ?’ എന്ന ചലച്ചിത്രമായി. പിന്നീട് വാസന്തിയുടെ ‘പുനർജന്മം’ എന്ന നോവൽ അദ്ദേഹം ‘ഇന്നലെ’ എന്ന പേരിലും ചലച്ചിത്രമാക്കി.
നോവൽ ചലച്ചിത്രമായി പരകായപ്രവേശം നടത്തിയപ്പോൾ മറ്റൊന്നിനെ നഷ്‌ടപ്പെടുത്താതെ പുതിയ ഒന്നിനെ വാർത്തെടുക്കുകയായിരുന്നു അദ്ദേഹം. രചനകളുടെ അടിസ്ഥാനം നിലനിർത്താൻ ശ്രമിച്ചു. കഥാപാത്രങ്ങൾക്ക് പുതുമുഖങ്ങളെയും തെരഞ്ഞെടുക്കുന്നതിൽ അദ്ദേഹം വളരെയധികം ശ്രദ്ധപുലർത്തിയിരുന്നു. സാങ്കൽപ്പിക കഥകൾക്കപ്പുറം യഥാർത്ഥ സംഭവങ്ങൾക്കാണ് അദ്ദേഹം ഊന്നൽ നൽകിയത്.
തിരക്കഥാകൃത്തിലേയ്‌ക്കുള്ള പലായനം
മറ്റ് സിനിമകൾക്ക് തിരക്കഥ എഴുതാനും അദ്ദേഹത്തിന് മടിയൊന്നും ഉണ്ടായിരുന്നില്ല. 1975 ല്‍ പുറത്തിറങ്ങിയ ഭരതന്‍റെ ‘പ്രയാണം’ എന്ന സിനിമയ്‌ക്ക് വേണ്ടി തിരക്കഥ എഴുതിക്കൊണ്ടാണ് വെള്ളിത്തിരയിലെത്തുന്നത്. ഭരതൻ സംവിധാനം ചെയ്‌ത് പ്രതാപ് പോത്തൻ, സുരേഖ, നെടുമുടി വേണു എന്നിവരെ താരനിരയാക്കി 1979 ൽ പുറത്തിറങ്ങിയ തകര എന്ന ചിത്രത്തിനും തിരക്കഥയെഴുതി. സുധ പി. നായരുടെ റോഡിയോ നാടകം ‘കരിയിലക്കാറ്റുപോലെ’ എന്ന പേരിലും തിരക്കഥയെഴുതി സംവിധാനം ചെയ്‌തിട്ടുണ്ട്. ‘രാപ്പാടികളുടെ ഗാഥ’ (1978) ആയിരുന്നു മൂന്നാമത്തെ തിരക്കഥ. ഇന്ത്യൻ സിനിമാചരിത്രത്തിൽ ‘രതിനിര്‍വേദം’ (1978) ആയിരുന്നു അദ്ദേഹത്തിൻ്റെ മറ്റൊരു ക്ലാസിക് തിരക്കഥ. 37 സിനിമകൾക്കാണ് തിരക്കഥയെഴുതിയത്. 18 ചിത്രങ്ങൾ സംവിധാനം ചെയ്‌തു.
ഇതിന് പുറമേ ധാരാളം ചെറുകഥകളും നോവലുകളും അദ്ദേഹം രചിച്ചു. ‘ലോല മിൽഫോർഡ് എന്ന അമേരിക്കൻ പെൺകിടാവ്’ ആണ് അദ്ദേഹത്തിൻ്റെ പ്രസിദ്ധീകരിച്ച ആദ്യത്തെ നോവൽ. കൈവരിയുടെ തെക്കേയറ്റം, കഴിഞ്ഞ വസന്തകാലത്തിൽ, ഋതുഭേദങ്ങളുടെ പാരിതോഷികം, നക്ഷത്രങ്ങളേ കാവൽ, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും, രതിനിർവേദം, ശവവാഹനങ്ങളും തേടി എന്നിങ്ങനെ നീളുന്നു കൃതികൾ.
കരുത്തുറ്റ സ്‌ത്രീകഥാപാത്രങ്ങൾ
അന്നത്തെ കാലത്തിൽ നിന്നുകൊണ്ട് സ്‌ത്രീകൾക്ക് കരുത്തുറ്റ വേഷങ്ങളും ഡയലോഗുകളും വ്യക്തിത്വവും നൽകാൻ പത്മരാജന് കഴിഞ്ഞു. പുരുഷൻ്റെ സ്‌ത്രീകാമനകളെയും അടിച്ചമർത്തലുകളെയും അതേപടി വരച്ചുകാട്ടുമ്പോൾ തൻ്റേടവും ധൈര്യവുമുള്ള സ്‌ത്രീകഥാപാത്രങ്ങളെ ഒപ്പത്തിനൊപ്പം അവതരിപ്പിച്ചു. സ്‌ത്രീ വിദ്യാഭ്യാസം, സ്വപ്‌നങ്ങൾ, സമൂഹത്തിൻ്റെ പുരാതന സ്‌ത്രീ സങ്കല്‌പങ്ങൾ, ലൈംഗികതയോടുള്ള അഭിനിവേശം എന്നിങ്ങനെ എല്ലാ മേഖലയിലും സ്‌ത്രീക്ക് ബഹുമാനാർഹമായ സ്ഥാനമാണ് അദ്ദേഹം തൻ്റെ ചിത്രങ്ങളിലൂടെ നൽകിയത്. പല സധാചാര സങ്കൽപ്പങ്ങളെയും അഴിച്ച് പണിയാൻ പത്മരാജൻ ചിത്രങ്ങൾക്ക് സാധിച്ചു എന്നുതന്നെ പറയാം.
ഇതിന് ഉത്തമ ഉദാഹരണമാണ് ക്ലാരയും സോഫിയും ആലീസും സാലിയുമൊക്കെ. പുരുഷാധികാരത്തിൻ്റെയും അഹന്തയുടെയും മൂടുപടം വലിച്ചുകീറി സ്‌ത്രീയെ സംരക്ഷിക്കുന്ന ആത്മാർഥമായി പ്രണയിക്കുന്ന സോളമനെന്ന കഥാപാത്രത്തെ ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’ എന്ന ചിത്രത്തിൽ ആവിഷ്‌ക്കരിക്കുന്നു.
മനുഷ്യകാമനകളുടെയും പ്രതികാരത്തിൻ്റെയും അതിജീവനത്തിൻ്റെയും കൈക്കരുത്തിൻ്റെയും സാധ്യതകളിലേയ്‌ക്ക് ചിത്രം എത്തിനോക്കി. സ്‌ത്രീയുടെ തനത് വ്യക്തിത്വത്തെ പാത്രസൃഷ്‌ടിയിലൂടെ ഉയർത്തിപ്പിടിച്ചപ്പോൾ സ്‌ത്രീകളിലെ സ്വവർഗലൈംഗികതയെ എടുത്ത് പറഞ്ഞ് ‘ദേശാടനക്കിളി കരയാറില്ല’ എന്ന ചിത്രവും മികച്ചു നിന്നു. മനുഷ്യമനസിൻ്റെ എല്ലാ വികാരങ്ങളെയും പൂർണമായി ഉൾക്കൊള്ളുന്ന ചിത്രങ്ങളായിരുന്നു അദ്ദേഹം ലോകത്തിന് സമ്മാനിച്ചത്.
മലയാള സിനിമയിലെ ഗന്ധർവ്വ സാന്നിധ്യം
എക്കാലവും ഓർമ്മിക്കപ്പെടുന്ന പത്മരാജൻ ചലച്ചിത്രമാണ് ‘ഞാൻ ഗന്ധർവ്വൻ’. പത്മരാജൻ ചിത്രങ്ങളുടെ അവസാന ഏട്. മഹാഭാരതത്തിൽ കൃഷ്‌ണനായി തിളങ്ങിയ നിതീഷ് ഭരദ്വാജും നടി സൗപർണയും വേറിട്ട് തിളങ്ങി നിന്ന കോമ്പിനേഷൻ ചിത്രം. വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ചിത്രം ക്ലാസിക്കുകളിൽ ഒന്നായി നിലനിൽക്കുന്നു. ഇതിലെ ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം…എന്ന പാട്ട് ഇന്നും ഏറെ ജനപ്രിയമാണ്.
നിരവധി പ്രതിബന്ധങ്ങളെ നേരിട്ടുകൊണ്ടാണ് പത്മരാജൻ ഈ ചിത്രം പൂർത്തിയാക്കിയത്. എന്നാലിത് അവസാന ചിത്രം ആയിരിക്കും എന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. പല തടസങ്ങളും നേരിട്ടിട്ടും സ്വന്തം ഭാര്യ വരെ വിലക്കിയിട്ടും പത്മരാജൻ പിന്മാറിയില്ല. അങ്ങനെയാണ് ‘ഞാൻ ഗന്ധർവ്വൻ’ പിറന്നത്.
പിന്നീട് 1991 ജനുവരി 23 ന് പുലർച്ചെ കോഴിക്കോട്ടെ ഹോട്ടൽ പാരമൗണ്ട് ടവേഴ്‌സിൽ വച്ച് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമായിരുന്നു എന്ന് പോസ്‌റ്റുമോർട്ടം ചെയ്‌ത ഡോക്‌ടർ പറയുന്നു. അദ്ദേഹത്തിൻ്റെ മരണത്തിന് പിന്നിൽ പല നിമിത്തങ്ങളും ഉയർത്തികാട്ടി പലരും സംസാരിച്ചിട്ടുണ്ട്. എന്നാൽ ‘ഞാൻ ഗന്ധർവ്വൻ’ ചിത്രീകരിച്ചതുകൊണ്ടാണ് മരണം സംഭവിച്ചത് എന്ന ചില വാദങ്ങൾ ഇന്നും യുക്തിക്ക് ചേരാത്ത മട്ടിൽ നിലനിൽക്കുകയാണ്.
മലയാള സിനാമാലോകത്ത് നിന്ന് വിടപറഞ്ഞിട്ടും തലമുറകൾ വളർന്നിട്ടും പത്മരാജൻ ചിത്രങ്ങളും രചനകളും പുതുതലമുറയെ സ്വാധീനിക്കുന്നു. പത്മരാജനേപ്പോലെ കഥകൾ എഴുതണമെന്ന് ആഗ്രഹിക്കുന്നവരും ഇന്നുണ്ട്. ചലച്ചിത്രസാഹിത്യലോകത്തിന് അദ്ദേഹം സമ്മാനിച്ച കലാസൃഷ്‌ടികൾ വരും കാലങ്ങളിലും സ്വീകരിക്കപ്പെടും. ഒരു മായാത്ത ഗന്ധർവ്വ സാന്നിധ്യമായി അവ പ്രപഞ്ചത്തിൽ പ്രതിധ്വനിക്കും.








