2026 ജനുവരി 26-ൽ ഡൽഹിയിലെ കര്‍ത്തവ്യപഥില്‍ നടക്കുന്ന പരേഡിൽ ഓപ്പറേഷന്‍ സിന്ദൂർ പ്രമേയമാക്കി നിശ്ചലദൃശ്യങ്ങള്‍ പ്രദർശിപ്പിക്കും. വന്ദേമാതരത്തിൻ്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് പരേഡിൽ വന്ദേമാതരം അവതരിപ്പിക്കും.
ന്യൂഡൽഹി: കഴിഞ്ഞ വർഷം നടത്തിയ സൈനിക നടപടി ഓപ്പറേഷന്‍ സിന്ദൂർ ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ നിശ്ചല ദൃശ്യമായി അവതരിപ്പിക്കും. മൂന്ന് സൈനിക വിഭാഗങ്ങളും സംയുക്തമായാണ് പരേഡിൽ നിശ്ചല ദൃശ്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ വിജയം ആഘോഷമാക്കിയാണ് ഓപ്പറേഷൻ സിന്ദൂർ പ്രദർശിപ്പിക്കുന്നത്.
2026 ജനുവരി 26-ൽ ഡൽഹിയിലെ കര്‍ത്തവ്യപഥില്‍ നടക്കുന്ന പരേഡിൽ സൈനിക കാര്യ വകുപ്പ് (ഡിഎംഎ) ടാബ്ലോ രണ്ട് ഭാഗങ്ങളായാണ് അവതരിപ്പിക്കുന്നത്. “ഒരു വശത്ത് ഓപ്പറേഷൻ സിന്ദൂരിലെ നിർണായകമായ സൈനിക ആയുധങ്ങൾ പ്രദർശിപ്പിക്കും. മറുവശത്ത് ശത്രു പക്ഷത്തുണ്ടായ പ്രത്യാഘാതത്തെ ചിത്രീകരിക്കും” എന്ന് ഒരു സൈനിക ഉദ്യോഗസ്ഥൻ വ്യാഴാഴ്‌ച (ജനുവരി 22) പറഞ്ഞു.
ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് മെയ് ഏഴിന് ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്. പാകിസ്ഥാന്‍ നിയന്ത്രണത്തിലുള്ള ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ സൈനിക നടപടി. നാല് ദിവസത്തോളം കടുത്ത ആക്രമണം അരങ്ങേറി. മെയ് പത്തിനാണ് ആക്രമണം അവസാനിപ്പിക്കാമെന്ന ധാരണ ഉണ്ടായത്.
“88 മണിക്കൂർ നീണ്ടുനിന്ന ഒരു സൈനിക നടപടിയായിരുന്നു അത്. സായുധ സേനകളുടെ സംയുക്ത പരിശ്രമത്തിലൂടെ നേടിയ വിജയത്തിൻ്റെ സന്ദേശം പ്രദർശന വിഷയമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്ന് ഉദ്യോഗസ്ഥൻ മാധ്യമത്തോട് പറഞ്ഞു.
റിപ്പബ്ലിക് ദിന പരേഡ് ചടങ്ങിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 17 നിശ്ചലദൃശ്യങ്ങളുണ്ടാകും. മന്ത്രാലയങ്ങളിൽ നിന്നും വിവിധ സേവനങ്ങളിൽ നിന്നുമായി 13 നിശ്ചലദൃശ്യങ്ങളും കര്‍ത്തവ്യപഥില്‍ അണിനിരക്കും.
വന്ദേമാതരത്തിൻ്റെ 150-ാം വാർഷികം
വന്ദേമാതരത്തിൻ്റെ വാർഷികമാണ് ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ പ്രധാന പ്രമേയം. വന്ദേമാതരത്തിൻ്റെ 150-ാം വാര്‍ഷികമാണെന്നതിനാലാണ് കേന്ദ്രസാംസ്‌കാരിക വകുപ്പ് ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ വന്ദേമാതരം അവതരിപ്പിക്കുന്നത്.
77-ാമത് റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി ഡൽഹി കൻ്റോൺമെൻ്റിലെ രാഷ്ട്രീയ രംഗശാല ക്യാമ്പിൽ ടാബ്ലോ പ്രിവ്യൂ പ്രതിരോധ മന്ത്രാലയം നടത്തി. ‘സ്വതന്ത്ര കാ മന്ത്രം: വന്ദേമാതരം’, ‘സമൃദ്ധി കാ മന്ത്രം: ആത്മനിർഭർ ഭാരത്’ എന്നിവയാണ് ഈ ടാബ്ലോകളുടെ പ്രമേയം.
മുഖ്യ പ്രമേയമായി പശ്ചിമ ബംഗാൾ തിരഞ്ഞെടുത്ത വിഷയം ‘ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ ബംഗാൾ’ എന്നതാണ്. പശ്ചിമ ബംഗാളിൻ്റെ റിപ്പബ്ലിക് ദിന ടാബ്ലോയുടെ മുൻവശത്ത് വന്ദേമാതരത്തിന്‍റെ രചയിതാവ് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ശില്‍പ്പമുണ്ട്. അതോടൊപ്പം സ്വാതന്ത്ര്യസമര സേനാനികളെയും പ്രദർശിപ്പിക്കുന്നുണ്ട്.
ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഒരു അർദ്ധകായ പ്രതിമയാണ് ഉള്ളത്. അതിൻ്റെ ഇരു വശങ്ങളിലായി ബംഗാളി ഭാഷയിൽ ‘വന്ദേമാതരം, ആനന്ദമഠം, ബങ്കിം ചന്ദ്ര ചാറ്റർജി’ എന്ന് എഴുതിയിരിക്കുന്ന ഒരു ആർക്കൈവൽ പേജിൻ്റെ ചിത്രവും പ്രദർശിപ്പിക്കുന്നു.
മധ്യഭാഗത്ത് നേതാജിയുടെ ഒരു കുതിരസവാരി പ്രതിമയും കൊളോണിയൽ കാലഘട്ടത്തിൽ പൊലീസ് ഉദ്യോഗസ്ഥർ മർദ്ദിക്കുന്ന ഒരു കൂട്ടം ഇന്ത്യക്കാരുടെ പ്രതീകാത്മക ചിത്രവും ഉൾപ്പെടുത്തിയിരിക്കുന്നു. അതിനു പിന്നിൽ സ്വാതന്ത്ര്യസമര സേനാനി മാതംഗിനി ഹസ്രയുടെ ശിൽപവുമുണ്ട്.
ഫ്ലോട്ടിൻ്റെ മറ്റൊരു ഭാഗത്തെ പാനലുകളിലായി സ്വാതന്ത്ര്യ സമരത്തിന് സംഭാവന നൽകിയ ബംഗാൾ മേഖലയിൽ നിന്നുള്ള ഒരു കൂട്ടം ഇന്ത്യൻ വ്യക്തിത്വങ്ങളെ ചിത്രീകരിച്ചിരിക്കുന്നു. ചിത്തരഞ്ജൻ ദാസ്, ഈശ്വരചന്ദ്ര വിദ്യാസാഗർ, അരബിന്ദോ, സ്വാമി വിവേകാനന്ദൻ, ബിനോയ്, ബാദൽ, ദിനേശ്, ബാഗ ജതിൻ, പ്രീതിലത വാദേദാർ, കാസി നസ്രുൾ ഇസ്ലാം, റാഷ് ബിഹാരി ബോസ് എന്നിവരാണ് അവരിൽ ചിലർ.
പാനലിൻ്റെ മധ്യഭാഗത്ത് കൊൽക്കത്തയിലെ ചരിത്ര പ്രസിദ്ധമായ അലിപൂർ ജയിലിൻ്റെ (ഇപ്പോൾ മ്യൂസിയം) മുൻഭാഗം ചിത്രീകരിച്ചിരിക്കുന്നു.
ഇന്ത്യയുടെ നാഗരിക യാത്ര
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പോരാടിയ ധീര വനിതയായിരുന്ന ഭിക്കാജി കാമ തയാറാക്കിയ ‘വന്ദേമാതരം’ ആലേഖനം ചെയ്‌ത ത്രിവർണ്ണ പതാകയുടെ പാരമ്പര്യത്തെ ഗുജറാത്തിൻ്റെ ടാബ്ലോയിൽ ചിത്രീകരിക്കുന്നു. താൻ രൂപകൽപ്പന ചെയ്‌ത പതാക പിടിച്ചുകൊണ്ട് നിൽക്കുന്ന ഭിക്കാജി കാമയെ ഗുജറാത്ത് ഫ്ലോട്ടിൻ്റെ മുൻവശത്ത് ചിത്രീകരിച്ചിരിക്കുന്നു.
‘കരകൗശല ഗ്രാമം’ എന്ന പ്രമേയത്തിലാണ് അസമിൻ്റെ ടാബ്ലോ. ഗുജറാത്ത് ‘സ്വതന്ത്ര കാ മന്ത്രം: വന്ദേമാതരം’, ജമ്മു കശ്‌മീരിൻ്റെ ഫ്ലോട്ടിൽ അവിടുത്തെ കരകൗശലവസ്‌തുക്കളും നാടോടി നൃത്തങ്ങളും പ്രദർശിപ്പിക്കും. ഉത്തർപ്രദേശിൻ്റെ ബുന്ദേൽഖണ്ഡ് സംസ്‌കാരവും, രാജസ്ഥാനിലെ ബിക്കാനീർ സ്വർണ കലയും ഫ്ലോട്ടായി പ്രദർശിപ്പിക്കും.
സിഖ് ഗുരുവായ ഗുരു തേജ് ബഹാദൂറിൻ്റെ രക്തസാക്ഷിത്വത്തിൻ്റെ 350-ാം വാർഷികത്തോടനുബന്ധിച്ചാണ് വരാനിരിക്കുന്ന പരേഡിൽ പഞ്ചാബിൻ്റെ ടാബ്ലോ അവതരിപ്പിക്കുന്നത്. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിൻ്റെ ടാബ്ലോയിൽ ഇന്ത്യയുടെ നാഗരിക യാത്രയാണ് പ്രമേയമാക്കുന്നത്.







