രാജ്യം നടുങ്ങിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 17 വർഷം,

0
28

ഹൈദരാബാദ്: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് 17 വർഷം തികയുന്നു. ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് രാഷ്ട്രപതി ദ്രൗപതി മുർമു ആദരാഞ്ജലികൾ അർപ്പിച്ചു. 2008 നവംബർ 26നാണ് ഭീകരാക്രമണം നടന്നത്. 166 പേർ കൊല്ലപ്പെടുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത ദാരുണമായ സംഭവമായിരുന്നു.

“മുംബൈ ഭീകരാക്രമണത്തിൻ്റെ വാർഷികത്തിൽ, നമ്മുടെ രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാൻ വീരമൃത്യുവരിച്ച ധീര സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. രാഷ്ട്രം അവരുടെ പരമോന്ന ത്യാഗത്തെ നന്ദിയോടെ സ്‌മരിക്കുന്നു. എല്ലാ രൂപത്തിലുമുള്ള ഭീകരതയെ ചെറുക്കാനുള്ള നമ്മുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കാം. ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയത്തോടെ പുരോഗതിയുടെ പാതയിൽ നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം,” രാഷ്‌ട്രപതി എക്‌സിൽ കുറിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു. ഭീകരതയ്‌ക്കെതിരായ മോദി സർക്കാരിൻ്റെ വിട്ടുവീഴ്‌ചയില്ലാത്ത നയം വ്യക്തമാണെന്നും “ലോകം മുഴുവൻ ഇന്ത്യയുടെ ഭീകരവിരുദ്ധ പ്രചാരണങ്ങളെ അഭിനന്ദിക്കുകയും വിശാലമായ പിന്തുണ നൽകുകയും ചെയ്യുന്നുണ്ടെന്നും” അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്, ഭീകരത ഒരു രാജ്യത്തിന് മാത്രമല്ല, മുഴുവൻ മനുഷ്യവംശത്തിന് ശാപമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരാക്രമണത്തിൽ ജീവൻ നഷ്‌ടപ്പെട്ട പൊലീസുകാരുടെ കുടുംബാംഗങ്ങളും രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ജീവ ത്യാഗം ചെയ്‌ത രക്തസാക്ഷികൾക്ക് പുഷ്‌പാർച്ചന നടത്തി. ഉപമുഖ്യമന്ത്രി അജിത് പവാറും സംസ്ഥാന മന്ത്രി ആശിഷ് ഷെലാറും തെക്കൻ മുംബൈയിലെ പൊലീസ് കമ്മീഷണർ ഓഫീസ് പരിസരത്തുള്ള രക്തസാക്ഷി സ്‌മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

2008 നവംബർ 26 ന് മുംബൈയിലെ പലയിടങ്ങളിലും ഭീകരാകരമണം നടന്നിരുന്നു. പാകിസ്ഥാനിൽ നിന്നുള്ള പത്ത് ഭീകരർ ഒരേസമയം പലയിടങ്ങളിലും ആക്രമണം നടത്തി. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി)യിലെ പ്രവർത്തകർ കടൽ വഴി നഗരത്തിൽ പ്രവേശിച്ച് താജ്‌ഹൽ പാലസ് ഹോട്ടൽ, ഒബ്‌റോയ് ട്രൈഡൻ്റ് ഹോട്ടൽ, സിഎസ്‌ടി റെയിൽവേ സ്റ്റേഷൻ, നരിമാൻ ഹൗസ് എന്നിവയുൾപ്പെടെ നിരവധി ഉന്നത സ്ഥലങ്ങളിൽ ഏകോപിത ആക്രമണ പരമ്പര നടത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here