ശബരിമല മണ്ഡലകാലത്ത് അനുഭവപ്പെടുന്ന അനിയന്ത്രിതമായ ഭക്തജനത്തിരക്കിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനുമെതിരെ അതിരൂക്ഷമായ വിമർശനമുയർത്തി ഹൈക്കോടതി. ഭക്തരെ ശ്വാസം മുട്ടിച്ച് മരണത്തിലേക്ക് തള്ളിവിടാനാവില്ല എന്നും, വലിയ ദുരന്തം ഉണ്ടാകാതിരിക്കാൻ ഉടനടി നടപടിയെടുക്കണമെന്നും കോടതി മുന്നറിയിപ്പ് നൽകി.
മണ്ഡലകാല മുന്നൊരുക്കങ്ങളിലെ വീഴ്ചയിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ദേവസ്വം ബോർഡ് പറഞ്ഞതൊന്നും നടന്നില്ലല്ലോ എന്നും കേവലം ഉത്സവം നടത്തുന്നപോലെയാണോ ശബരിമലയിൽ മുന്നൊരുക്കങ്ങൾ നടത്തേണ്ടത് എന്നും കോടതി ചോദിച്ചു.
ആറ് മാസം മുൻപേ മുന്നൊരുക്കങ്ങൾ നടത്തണമായിരുന്നുവെന്നും ദേവസ്വം ബോർഡിന് ഏകോപനമില്ലെന്നും കോടതി കുറ്റപ്പെടുത്തി. “ഇത്രയും പേരെ എന്തിന് കയറ്റുന്നു?” എന്ന് ചോദിച്ച കോടതി, ശാസ്ത്രീയമായ രീതിയിൽ കാര്യങ്ങൾ ക്രമീകരിക്കണമെന്നും ഭക്തരുടെ എണ്ണം കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു.
90,000 പേരെ എവിടെ മുതൽ എവിടെ വരെ നിർത്താനാകുമെന്ന് വ്യക്തതയുണ്ടാകണം. പൊലീസ് മാത്രം പോരാ, തിരക്ക് നിയന്ത്രണത്തിന് ഏകോപനത്തിന് ആളു വേണം.
എട്ട് മണിക്കൂർ ക്യൂ നിൽക്കുന്ന ഭക്തർക്ക് ശുചിമുറി വൃത്തിയാക്കാൻ ആളില്ല, വെള്ളമില്ല. ആളുകൾക്ക് ക്യൂവിൽ ശ്വാസമുട്ടുകയാണ്. കുട്ടികളുമായി വരുന്നവരുടെ ബുദ്ധിമുട്ട് മനസിലാക്കണം. “ഇങ്ങനെപോയാൽ വലിയ ദുരന്തം ഉണ്ടാകുമെന്നും” “ആളുകളെ തിരുകി കയറ്റിയിട്ട് എന്ത് കാര്യം?” എന്നും കോടതി വിമർശിച്ചു.
അനിഷ്ട സംഭവങ്ങൾ ഉണ്ടാകരുതെന്ന് ആവർത്തിച്ച കോടതി, ഈ വിഷയങ്ങളിൽ വിശദീകരണം നൽകാൻ വെള്ളിയാഴ്ചയ്ക്കുള്ളിൽ സർക്കാരിനും ദേവസ്വം ബോർഡിനും നിർദേശം നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ നട തുറന്നതു മുതൽ അനിയന്ത്രിതമായ തിരക്ക് കാരണം ഭക്തർ കടുത്ത ബുദ്ധിമുട്ടുകൾ നേരിടുന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ.
അതേസമയം ഇന്നലെ ക്രമതാതീതമായ തിരക്ക് അനുഭവപ്പെട്ട സാഹചര്യത്തില്‍ പമ്പയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് അധികം കാത്തുനില്‍ക്കാതെ സുഗമമായി ദര്‍ശനം നടത്തുന്നതിന് സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് കെ ജയകുമാര്‍ പറഞ്ഞിരുന്നു. പമ്പയില്‍ തീര്‍ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിലയ്ക്കലില്‍ നിയന്ത്രിക്കും. മരക്കൂട്ടം മുതല്‍ ശരംകുത്തി വരെ 20 ഓളം ക്യൂ കോംപ്ലക്‌സുകളുണ്ട്. ഒരേ സമയം 500-600 ആളുകള്‍ക്ക് അവിടെ വിശ്രമിക്കുന്നതിന് സൗകര്യമുണ്ട്. ക്യൂ കോംപ്ലക്‌സില്‍ എത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ കുടിവെള്ളവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഇത് തീര്‍ഥാടകര്‍ ഫലപ്രദമായി ഉപയോഗിക്കണം. ക്യൂ കോംപ്ലക്‌സിലെ സൗകര്യങ്ങള്‍ മനസിലാക്കുന്നതിനും അനൗണ്‍സ്‌മെൻ്റ് ഉണ്ടാകും. ഇവിടെ ഏകോപനത്തിനായി കോ ഓര്‍ഡിനേറ്ററെ നിയോഗിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജയകുമാർ വ്യക്തമാക്കിയിരുന്നു.
ശബരിമലയില്‍ ഭക്ത ജനത്തിരക്ക് നിയന്ത്രിക്കുന്നത് പൊലീസാണെന്നും ഇതുവരെ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിയിട്ടില്ലെന്നും ശബരിമല പൊലീസ് ചീഫ് കോ കോർഡിനേറ്റർ എഡിജിപി ശ്രീജിത്ത് മാധ്യമങ്ങളോട് ഇന്നലെ പറഞ്ഞിരുന്നു.
തിരക്ക് നിയന്ത്രണവിധേയം
ശബരിമലയില്‍ ഇന്ന് തിരക്ക് നിയന്ത്രണ വിധേയമാണ്. ഭക്തര്‍ക്ക് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥ നിലവിലില്ല. ശബരിമലയിലേക്കുള്ള ഗതാഗതവും ഇന്ന് സാധാരണനിലയിലായിട്ടുണ്ട്. എവിടെയും വാഹനങ്ങള്‍ തടയുന്ന അവസ്ഥയും ഉണ്ടായിട്ടില്ല. കഴിഞ്ഞദിവസം ഇത് അഞ്ചും ആറും മണിക്കൂറായിരുന്നു നടപ്പന്തലില്‍ ക്യൂ നില്‍ക്കേണ്ടി വന്നതെങ്കില്‍ ഇന്നത് ഒരു മണിക്കൂര്‍ ആയി കുറഞ്ഞിട്ടുണ്ട്. തിരക്ക് നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങളും തുറന്നിരുന്നു. ഇന്ന് ഈ കേന്ദ്രങ്ങളില്‍ അധിക തിരക്ക് അനുഭവപ്പെടുന്നില്ല.









