ഇന്ത്യയെ നയിച്ച പെൺപുലിയായിരുന്നു ഇന്ദിര ഗാന്ധി. ‘പെണ്ണിനെന്ത് കഴിയും’ എന്ന ചോദ്യത്തിന് സ്വന്തം ജീവൻ വരെ കൊടുത്ത ധീര വനിതയ്‌ക്ക് ഇന്ന് 108-ാം ജന്മവാര്‍ഷികം. രാജ്യത്തിൻ്റെ അഞ്ചാമത്തെ പ്രധാനമന്ത്രിയും ഏക വനിതാ പ്രധാനമന്ത്രിയുമായ ഇന്ദിര ഗാന്ധി.
21-ാം വയസിൽ ആദ്യമായി രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ ആരും കരുതിയിരുന്നില്ല ധൈര്യത്തിൻ്റെയും ആത്മവിശ്വാസത്തിൻ്റെയും പെൺകരുത്തായി മാറുമെന്നും, ഇന്ത്യൻ പ്രധാനമന്ത്രിയാകുമെന്നും. ഇന്ത്യയ്‌ക്ക് ലഭിച്ച ആദ്യത്തെ വനിതാ പ്രധാനമന്ത്രി, ഇന്ത്യൻ രാഷ്‌ട്രീയത്തിൻ്റെ മുഖഛായ മാറ്റിയവൾ, ഒരാളുടെ മുമ്പിലും മുട്ട് മടക്കാൻ സമ്മതിക്കാത്ത ചങ്കുറപ്പുള്ളവൾ, അങ്ങനെ നിരവധി കാര്യങ്ങളുണ്ട് ഇന്ദിരാഗാന്ധിയെ വിവരിക്കാൻ.
ഇന്ദിരാ പ്രിയദർശിനി നെഹ്‌റു എന്നായിരുന്നു യഥാർഥ പേര്. 1917 നവംബർ 19-നാണ് ഇന്ദിര ജനിക്കുന്നത്. സ്വാതന്ത്ര്യ സമരസേനാനിയും ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്‌റുവിൻ്റെ മകളായിരുന്നു. 1932 മുതലാണ് പൊതുപ്രവർത്തനരംഗത്ത് സജീവമായി തുടങ്ങിയത്. 1938ലാണ് ഇന്ദിരാഗാന്ധി കോൺഗ്രസിൽ അംഗമായത്, അന്ന് പ്രായം 21. 1942ൽ നടന്ന ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തവരുടെ കൂട്ടത്തിൽ ഇന്ദിരയും ഉണ്ടായിരുന്നു.
1966 ജനുവരിയിൽ ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി ചുമതലയേറ്റു. 1977-1980 കാലയളവ് ഒഴിച്ചാൽ 1984 ഒക്ടോബറിൽ തന്‍റെ അന്ത്യം വരെ ഇന്ത്യയെ നയിച്ചത് ഇന്ദിരാ ഗാന്ധിയായിരുന്നു. മഹാത്മ ഗാന്ധിയുടെയും നെഹ്റുവിന്‍റെയും പാത പിന്തുടർന്നു കൊണ്ട് ഇന്ത്യയെ വളർത്തുകയും ഇന്ത്യൻ ജനതയെ നയിക്കുകയും ചെയ്‌തു.
67 വർഷത്തെ രാഷ്‌ട്രീയ ജീവിതം കൊണ്ട്, ലോകം കണ്ട ഒരു ഉരുക്കുവനിതയായിട്ടാണ് ചരിത്രം ഇന്ദിരയെ വിശേഷിപ്പിക്കുന്നത്. 1984-ൽ സിഖ് തീവ്രവാദികളെ അമർച്ച ചെയ്യുന്നതിനായി സുവർണ്ണക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടിയെ (ഓപ്പറേഷൻ ബ്ലൂസ്റ്റാർ) തുടർന്ന്, അതേവർഷം ഒക്ടോബർ 31-ന് സിഖ് അംഗരക്ഷകരുടെ വെടിയേറ്റ് ഇവർ കൊല്ലപ്പെട്ടു. അതേസമയം, ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച 1975-1977 ലെ അടിയന്തരാവസ്ഥ ജനാധിപത്യ ഇന്ത്യയിലെ ഒരു ഇരുണ്ട അധ്യായമായി ഇന്നും നിലനില്‍ക്കുന്നു.
‘എൻ്റെ പ്രചോദനം മുത്തശ്ശിയാണ്’: രാഹുൽ ഗാന്ധി
ഇന്ദിരാഗാന്ധിയുടെ 108-ാം ജന്മവാർഷിക ദിനത്തിൽ സ്‌നേഹാഞ്ജലികൾ അർപ്പിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എല്ലാ സാഹചര്യങ്ങളിലും രാജ്യത്തിൻ്റെ താൽപ്പര്യത്തിന് മുൻഗണന നൽകാനുമുള്ള പ്രചോദനം തനിക്ക ലഭിച്ചത് മുത്തശ്ശിയിൽ നിന്നാണെന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. ഇന്ത്യക്കു വേണ്ടി പ്രവർത്തിക്കാനും അനീതിക്കെതിരെ ഉറച്ചുനിൽക്കാൻ ധൈര്യം, ദേശസ്‌നേഹം, ധാർമ്മികത എന്നിവ ലഭിച്ചതും അവരുടെ കൈകളിൽ നിന്നാണെന്ന് രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ഇന്ദിരാ ഗാന്ധിയെ അനുസ്‌മരിച്ച് പ്രധാനമന്ത്രി
ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി ജിക്ക് ആദരാഞ്ജലികൾ എന്ന് നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു. മറ്റ് നിരവധി നേതാക്കളും അദരാഞ്ജലികൾ അർപ്പിച്ചു.





