ഡിജിറ്റല്‍ സ്വര്‍ണം വാങ്ങിയോ? പണി വരുന്നുണ്ട്,

0
24

വില കുതിച്ചുയര്‍ന്നതോടെ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവര്‍ ഏറെയാണ്. ഒരു സുരക്ഷിത നിക്ഷേപമായിട്ടാണ് സ്വര്‍ണത്തെ ഇക്കാലത്ത് പലരും കാണുന്നത്. ആധുനിക കാലത്ത് സ്വര്‍ണത്തിൻ്റെ ഡിജിറ്റല്‍ പതിപ്പും സുലഭമാണ്. സ്വര്‍ണത്തിന് ഡിമാൻഡ് ഉയര്‍ന്നതോടെ നിരവധി പേര്‍ ഓണ്‍ലൈനായി ഇ ഗോള്‍ഡ് അല്ലെങ്കില്‍ ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങിക്കൂട്ടിയിരുന്നു.

എന്നാല്‍ ഇത് അത്ര സുരക്ഷിതമല്ലെന്നും അപകടസാധ്യത നിറഞ്ഞതെന്നുമാണ് ഇപ്പോള്‍ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) നല്‍കുന്ന മുന്നറിയിപ്പ്. ഡിജിറ്റൽ സ്വർണത്തിന് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ വർധിച്ച് വരുന്ന ഡിമാൻഡിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ് എന്നതും ശ്രദ്ധേയമാണ്.

വ്യക്തമായ ധാരണയില്ലാതെ ഇ ഗോള്‍ഡില്‍ ചാടിക്കേറി പണം നിക്ഷേപിക്കുന്നവർക്കാണ് സെബി മുന്നറിയിപ്പ് നൽകിയത്. ഈ നിക്ഷേപങ്ങൾ നിയന്ത്രണ സ്ഥാപനത്തിൻ്റെ പരിധിക്ക് പുറത്തുള്ളതും അപകട സാധ്യതകൾ കൂടുതലുമാണ്. വിപണിയിലെ സ്വർണത്തിന് ഒരു ബദലാണെന്ന് അവകാശപ്പെടുന്ന നിരവധി ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ‘ഡിജിറ്റൽ സ്വർണം’ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

അതുകൊണ്ട് തന്നെ നിരവധിപേര്‍ പണം നല്‍കി ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം ഇടപാടുകള്‍ റിസര്‍വ് ബാങ്ക് പോലുള്ള ഒരു നിയന്ത്രിത സ്ഥാപനത്തിന് കീഴില്‍ വരുന്നതല്ലെന്നും നിക്ഷേപകര്‍ തന്നെ ഇതിൻ്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കേണ്ടി വരുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

എന്താണ് ഡിജിറ്റൽ സ്വർണം?

നമ്മൾ നേരിട്ട് കടയില്‍ പോയി വാങ്ങുന്ന ഗോൾഡിൻ്റെ ഡിജിറ്റൽ പതിപ്പിനെയാണ് ഇ ഗോൾഡ് എന്ന് പറയുന്നത്. അതായത് സ്വർണം ഡിജിറ്റലായി ഓള്‍ലൈനിലൂടെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന രീതി. ഭൗതികമായി സ്വന്തമാക്കാതെ തന്നെ സ്വർണത്തിൽ നിക്ഷേപിക്കുന്ന ആധുനിക രീതിയാണിത്.

ഡിജിറ്റൽ സ്വർണം ഉത്പാദിപ്പിക്കുന്ന ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയിലൂടെ, വ്യക്തികൾക്ക് ഡിജിറ്റൽ രൂപത്തിൽ സ്വർണം വാങ്ങാനും വിൽക്കാനും സൂക്ഷിക്കാനും കഴിയും. ആവശ്യമെങ്കിൽ ഭൗതിക രൂപത്തിൽ സ്വർണമായി തന്നെ എടുക്കാവുന്നതുമായ നിക്ഷേപ പദ്ധതികൂടിയാണ് ഡിജിറ്റൽ ഗോൾഡ്.

ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി അല്ലെങ്കിൽ ആപ്പുകൾ, വെബ്‌സൈറ്റുകൾ വഴിയാണ് ഇ ഗോള്‍ഡ് വാങ്ങുന്നത്. ഇതിലൂടെ വാങ്ങുന്നയാൾക്ക് ഒരു ഡിജിറ്റൽ റെക്കോഡ് ലഭ്യമാകും. അത് കൈവശം വച്ചിരിക്കുന്ന സ്വർണത്തിൻ്റെ കണക്കുകൾ വ്യക്തമായി കാണിക്കുന്നു. ഏത് സമയത്തും അത് തിരികെ വിൽക്കാനോ അല്ലെങ്കിൽ ഫിസിക്കൽ ഡെലിവറി ആവശ്യപ്പെടാനോ ഉള്ള സൗകര്യം ഇതിൽ വാഗ്‌ദാനം ചെയ്യുന്നു.

 

ഡിജിറ്റൽ സ്വർണത്തിൻ്റെ ഗുണങ്ങൾ

  • ഡിജിറ്റൽ സ്വർണം സുരക്ഷിതമായി സൂക്ഷിക്കാം.
  • വളരെ ചെറിയ തുകയിൽ പോലും നിക്ഷേപങ്ങൾ നടത്താം.
  • സ്ഥലമോ സമയമോ പ്രശ്‌നമില്ല. ഡിജിറ്റൽ ഗോൾഡ് ലോകത്ത് എവിടെയിരുന്നും എപ്പോൾ വേണമെങ്കിലും വാങ്ങുകയും വിൽക്കുകയും ചെയ്യാം
  • നാണയമോ ബിസ്‌ക്കറ്റോ ആയി ഡിജിറ്റൽ ഗോൾഡ് വാങ്ങാം.
  • സ്വർണം അത്യാവശ്യം എങ്കിൽ കമ്പനി കൊറിയർ വഴി അയച്ചുതരും.
  • ഉറപ്പായ ലോഹ പരിശുദ്ധി. വ്യാജ ലോഹത്താൽ വഞ്ചിതരാകുന്നില്ല.
  • സംഭരണച്ചെലവ് ലാഭിക്കാം. സാധാരണ സ്വർണം സൂക്ഷിക്കാനായി ബാങ്ക് ലോക്കർ തെരഞ്ഞെടുക്കുന്ന സാഹചര്യത്തിൽ ലോക്കർ ഉപയോഗിക്കുന്നിടത്തോളം കാലം പ്രതിമാസ വാടക നൽകേണ്ടിവരും. എന്നാൽ ഡിജിറ്റൽ സ്വർണ നിക്ഷേപങ്ങൾ അധിക സംഭരണ ​​ചെലവുകളില്ലാതെ സുരക്ഷിതമായി സൂക്ഷിക്കാം.

ഡിജിറ്റൽ സ്വർണ്ണത്തിൻ്റെ ദോഷങ്ങൾ

  • സ്വർണം ഭൗതികമായി കൈവശം വയ്ക്കാൻ കഴിയില്ല. നിങ്ങളുടെ നിക്ഷേപത്തിന് യഥാർത്ഥ സ്വർണ്ണത്തിൻ്റെ പിന്തുണയുണ്ടെങ്കിലും, നിങ്ങൾ അത് ഭൗതികമായി കൈവശം വയ്ക്കുന്നില്ല. ഇത് പ്രത്യക്ഷ ആസ്‌തികൾ ഇഷ്ടപ്പെടുന്ന നിക്ഷേപകർക്ക് ആശങ്കയുണ്ടാക്കാം.
  • വിലയിലെ ചാഞ്ചാട്ടം: ആഗോള സാമ്പത്തിക ഘടകങ്ങളുടെയും വിപണി പ്രവണതകളുടെയും സ്വാധീനത്താൽ സ്വർണ വിലകൾ വളരെയധികം ചാഞ്ചാട്ടത്തിന് വിധേയമാകാം, ഇത് ചില സന്ദർഭങ്ങളിൽ നിക്ഷേപകരെ നഷ്‌ടത്തിലേക്ക് നയിച്ചേക്കാം.
  • റെഗുലേറ്ററി അപകടസാധ്യതകൾ: ഡിജിറ്റൽ സ്വർണ്ണ വിപണിയിലെ റെഗുലേറ്ററി മാറ്റങ്ങൾ ഈ നിക്ഷേപങ്ങളുടെ ലഭ്യതയെയും മൂല്യത്തെയും ബാധിച്ചേക്കാം. ഇത് ഒരു നിയന്ത്രിത സ്ഥാപനത്തിൻ്റെ കീഴില്‍ വരുന്നതല്ല

LEAVE A REPLY

Please enter your comment!
Please enter your name here