ഇടിവിൽ നിന്ന് കരകയറിയ ബിഎസ്ഇ സെൻസെക്‌സ് 427.14 പോയിൻ്റ് അഥവാ 0.52 ശതമാനം ഉയർന്ന് 82,925.28 ലും നിഫ്റ്റി 145.95 പോയിൻ്റ് അഥവാ 0.57 ശതമാനം ഉയർന്ന് 25,600.30 ലും വ്യാപാരം തുടർന്നു.
മുംബൈ: നഷ്‌ടത്തിൽ ആരംഭിച്ച ആഗോള ഓഹരി വിപണിയിൽ ഓഹരി സൂചികകളായ നിഫ്റ്റിയും സെൻസെക്‌സും ഉയർന്നു. ബാങ്കിങ്, മൂലധന വസ്‌തുക്കളുടെ വാങ്ങലിന് പിന്നാലെയാണ് സൂചികകൾ നേട്ടത്തിൽ തുടർന്നത്. ഇടിവിൽ നിന്ന് കരകയറിയ ബിഎസ്ഇ സെൻസെക്‌സ് 427.14 പോയിൻ്റ് അഥവാ 0.52 ശതമാനം ഉയർന്ന് 82,925.28 ലും നിഫ്റ്റി 145.95 പോയിൻ്റ് അഥവാ 0.57 ശതമാനം ഉയർന്ന് 25,600.30 ലും വ്യാപാരം തുടർന്നു.
എന്നാൽ ഇന്നലെ (ഫെബ്രുവരി 19)ഒരൊറ്റ ദിവസം കൊണ്ട് നിക്ഷേപകരുടെ നഷ്‌ടം 7.5 ലക്ഷം കോടി രൂപയായിരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വ്യാപാരത്തിൻ്റെ ഒരു സെഷനിലും പ്രതീക്ഷ നല്‍കാന്‍ സൂചികകള്‍ക്കു സാധിച്ചിരുന്നില്ല. സെന്‍സെക്‌സ് 1236 പോയിൻ്റിലും നിഫ്റ്റി 25,450 ലും ക്ലോസ് ചെയ്യുകയായിരുന്നു.
എന്നാൽ ഇന്നും നഷ്‌ടത്തിൽ ആരംഭിച്ച വിപണി ഏതാനും മിനിറ്റുകള്‍ കഴിഞ്ഞതോടെ മികച്ച നേട്ടമാണ് കൈവരിച്ചത്. ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, എൻടിപിസി, ലാർസൺ & ട്യൂബ്രോ, ഹിന്ദുസ്ഥാൻ യൂണിലിവർ, ടൈറ്റാൻ, ആക്‌സിസ് ബാങ്ക്, ടാറ്റ സ്‌റ്റീൽ, പവർഗ്രിഡ്, സൺ ഫാർമസ്യൂട്ടിക്കൽസ്, അൾട്രാടെക് സിമൻ്റ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ വിപണിയിൽ നേട്ടമുണ്ടാക്കി.
ടെക് മഹീന്ദ്ര, ഇൻഫോസിസ്, എറ്റേണൽ, ഭാരതി എയർടെൽ, എച്ച്‌സിഎൽ ടെക്നോളജീസ്, മഹീന്ദ്ര & മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, ഏഷ്യൻ പെയിൻ്റ്‌സ്, ട്രെൻ്റ് എന്നിവ പിന്നിലായിരുന്നു. വിവിധ പ്രതിസന്ധികൾക്കിടയിലും വിപണി ഉയർന്നത് വ്യാപാരികളെ സംബന്ധിച്ച് ആശ്വാസമാണ്.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ശക്തിയും മൂന്നാം പാദ സംഖ്യകളിൽ പ്രതിഫലിക്കുന്ന കോർപ്പറേറ്റ് വരുമാനത്തിലെ വീണ്ടെടുക്കലും വിപണിക്ക് അനുകൂല ഘടകങ്ങളാണെന്ന് ജിയോജിത് ഇൻവെസ്‌റ്റ്‌മെൻ്റ് ലിമിറ്റഡിലെ ചീഫ് ഇൻവെസ്‌റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാർ വ്യക്തമാക്കി. ബാങ്കിങ്, ഫൈനാൻഷ്യൽസ്, ഓട്ടോകൾ, ഫാർമസ്യൂട്ടിക്കൽസ്, ഹോട്ടലുകൾ, പ്രമുഖ മൂലധന വസ്‌തുക്കൾ, ടെലികോം എന്നിവയിലെ ഉയർന്ന നിലവാരമുള്ള ഓഹരികൾ വാങ്ങാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യൻ വിപണികളി ഇടിവ്
ഏഷ്യൻ വിപണികളിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ. ദക്ഷിണ കൊറിയയുടെ കോസ്‌പി രണ്ട് ശതമാനം ഉയർന്നപ്പോൾ ജപ്പാൻ, ഹോങ്കോങ് സൂചികകൾ ഇടിഞ്ഞതായാണ് റിപ്പോർട്ടുകള്‍. എന്നാൽ ചാന്ദ്ര പുതുവത്സര ദിനത്തോട് അനുബന്ധിച്ച് ചൈനയിലെ പ്രധാന ഓഹരി വിപണികൾക്ക് അവധിയായിരുന്നു. അതേസമയം യുഎസ് ഓഹരി വിപണികൾ നഷ്‌ടത്തിൽ ക്ലോസ് ചെയ്‌തു. ബ്രെൻ്റ് ക്രൂഡ് ഓയിൽ ബാരലിന് 0.33 ശതമാനം ഉയർന്ന് 71.90 യുഎസ് ഡോളറിലെത്തി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.






