മോഡേണൈസേഷൻ ഓഫ് ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയ തിരുവനന്തപുരം ശംഖുമുഖത്തെ ഫുഡ് സ്ട്രീറ്റ് ഹബ്ബിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ശംഖുമുഖം ബീച്ച് സൗന്ദര്യവത്ക്കരണത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർവഹിച്ചു.
തിരുവനന്തപുരം: കേരളത്തെ ഡെസ്റ്റിനേഷൻ ആക്കുകയെന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി നാല് സ്ഥലങ്ങൾ തെരഞ്ഞെടുത്തു. ആദ്യ ഘട്ടത്തിൽ തിരുവന്തപുരം കൂടാതെ എറണാകുളം കസ്തൂർബാ നഗർ, കോഴിക്കോട് ബീച്ച്, മലപ്പുറം കോട്ടക്കുന്ന് എന്നീ സ്ഥലങ്ങളിലും ഫുഡ് സ്ട്രീറ്റുകൾ സജ്ജമായി. കൂടുതൽ സ്ഥലങ്ങളിൽ ഫുഡ് സ്ട്രീറ്റ് വ്യാപിപ്പിക്കുമെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
സേഫ് ഫുഡ് സ്ട്രീറ്റ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഏറ്റെടുത്ത പ്രധാന പദ്ധതിയാണ്. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നവർ കൂടി വരുന്നു. ആഹാരം ആരോഗ്യകരമാകണം. ഭക്ഷണം സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ്. ഭക്ഷണത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് വലിയ പ്രവർത്തനമാണ് നടത്തി വരുന്നത്. പാഴ്സലിൽ തീയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം.
വൃത്തിയുള്ള, മനോഹരമായ അന്തരീക്ഷത്തിൽ നല്ല ഭക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായാണ് ആധുനിക ഫുഡ് സ്ട്രീറ്റുകൾ യാഥാർത്ഥ്യമാക്കിയത്. ഒരു കോടി രൂപ ചിലവിൽ ആണ് തിരുവനന്തപുരത്തെ ഫുഡ് സ്ട്രീറ്റ് യാഥാർത്ഥ്യമാക്കിയിട്ടുള്ളത്. ഈ പദ്ധതി ടൂറിസം മേഖലയെ കൂടി ശക്തിപ്പെടുത്തും. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഡിടിപിസി, എൻഎച്ച്എം, നഗരസഭ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളുള്ള 18 സ്ഥിരം ഭക്ഷണ സ്റ്റാളുകളും, പൊതുവായ ഡൈനിംഗ് സ്ഥലം, മാലിന്യ നിർമ്മാർജന സംവിധാനം, വാഷിംഗ് ഏരിയ, ശുചിമുറികൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിച്ചായിരിക്കും ഈ ഭക്ഷണ ശാലകൾ പ്രവർത്തനം നടത്തുന്നത്. ശംഖുമുഖത്തെത്തുന്ന പൊതുജനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും വിവിധ രുചിവെവിധ്യം സുരക്ഷിതമായി ആസ്വദിക്കാൻ ഈ ഫുഡ് സ്ട്രീറ്റ് സഹായകമാകും. തിരുവനന്തപുരത്തിന്റെ തെരുവ് ഭക്ഷണ സംസ്‌കാരത്തിനും രാത്രി ജീവിതത്തിനും പുതിയ മാനം നൽകുന്നതാണ് ഈ പദ്ധതി.
മോഡേണൈസേഷൻ ഓഫ് ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയ തിരുവനന്തപുരം ശംഖുമുഖത്തെ ഫുഡ് സ്ട്രീറ്റ് ഹബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോർജ്. ശംഖുമുഖം ബീച്ച് സൗന്ദര്യവത്ക്കരണത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർവഹിച്ചു.






