തിരുവനന്തപുരം: മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതോടെ കേരളം കടുത്ത ക്ഷാമത്തിലേക്ക് നീങ്ങുകയാണെന്ന് മന്ത്രി അനൂപ് ജേക്കബ്. സംസ്ഥാനത്തിനുള്ള ത്രൈമാസ മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിക്ക് കത്ത് അയച്ചു. 4,068 കിലോലിറ്റർ മണ്ണെണ്ണയാണു നിലവിൽ കേരളത്തിനുള്ള ത്രൈമാസ വിഹിതം. അതു 9,564 കിലോലിറ്ററായി വർധിപ്പിക്കണമെന്നാണ് ആവശ്യം.
സാമ്പത്തിക ദുർബലവിഭാഗങ്ങൾ, കുടിയേറ്റ തൊഴിലാളികൾ, മറ്റു പിന്നാക്കവിഭാഗങ്ങൾ എന്നിവർ സബ്സിഡി മണ്ണെണ്ണ ആശ്രയിക്കുന്നതിനാൽ, സംസ്ഥാന സർക്കാരിന് വിതരണ അളവ് 0.5 ലിറ്ററിൽ നിന്ന് ഒരുലിറ്ററായി വർധിപ്പിക്കാതെ മറ്റു മാർഗമില്ലെന്ന് അനൂപ് ജേക്കബ് സുരേഷ് ഗോപിയ്ക്ക് അയച്ച കത്തിൽ പറയുന്നു.
തീരദേശ, കുന്നിൻ പ്രദേശങ്ങൾ, വിദൂര നാടുകൾ എന്നിവിടങ്ങളിൽ ഗാർഹിക ആവശ്യങ്ങൾക്കായി മണ്ണെണ്ണയെ ആശ്രയിക്കുന്ന കുടുംബങ്ങളുടെ എണ്ണം കേരളത്തിൽ ഗണ്യമാണ്. എൽപിജി വിതരണനിയന്ത്രണം മൂലം മണ്ണെണ്ണയ്ക്കും മറ്റു പാചക ഇന്ധനങ്ങൾക്കും ആവശ്യം വർധിച്ചു. സംസ്ഥാനത്ത് 95.5 ലക്ഷം റേഷൻ കാർഡ് ഉടമകളുണ്ട്. 2026-27 ലെ ആദ്യപാദത്തിൽ 5496 കെഎൽ അധികവിഹിതം അനുവദിക്കണമെന്ന് സിവിൽ സപ്ലൈസ് കമ്മിഷണർ കേന്ദ്ര സർക്കാരിനോട് നേരത്തെ അഭ്യർഥിച്ചിരുന്നതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചതാണ് മണ്ണെണ്ണ ക്ഷാമത്തിന് കാരണമായത്. നേരത്തെ ലഭിച്ചിരുന്ന 56.76 ലക്ഷം ലിറ്ററിൽ നിന്ന് ഇത്തവണ ഒക്ടോബർ-ഡിസംബർ പാദത്തിലും വിഹിതം 40.68 ലക്ഷം ലിറ്ററായി കേന്ദ്രം പരിമിതപ്പെടുത്തി. ഇതിലൂടെ ആകെ 16.08 ലക്ഷം ലിറ്ററിൻ്റെ കുറവാണു സംസ്ഥാനത്തിനുണ്ടായത്.
നിലവിലെ വിഹിതം അനുസരിച്ച് 5.94 ലക്ഷം വരുന്ന മഞ്ഞ കാർഡുകാർക്ക് മൂന്നുമാസത്തിലൊരിക്കൽ ഒരു ലിറ്റർ വീതവും, പിങ്ക്, നീല, വെള്ള കാർഡുകാർക്ക് അര ലിറ്റർ വീതവുമാണു മണ്ണെണ്ണ നൽകുന്നത്. എന്നാൽ വിഹിതം പകുതിയോളം കുറഞ്ഞതോടെ എല്ലാ കാർഡുടമകൾക്കും ഇതു നൽകാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.








