ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഉത്സവമാണ് നവരാത്രി

0
40

ശാക്തേയ വിശ്വാസപ്രകാരം ജഗദീശ്വരി എന്നറിയപ്പെടുന്ന ആദിപരാശക്തിയുടെ (ശാക്തേയ) ആരാധനയുടെയും വിദ്യാരംഭത്തിന്റെയും കലകളുടെയും ഉത്സവമാണ് നവരാത്രി അഥവാ മഹാനവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം. ഇതിൽതന്നെ അവസാന മൂന്ന് ദിവസങ്ങൾ ആണ് ഏറ്റവും വിശേഷം. ഇവ ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നി പേരുകളിൽ അറിയപ്പെടുന്നു. ശരത് നവരാത്രി, നവരാത്രി വ്രതം, ദുർഗ്ഗാ പൂജ, കാളി പൂജ, ദസ്റ, ആയുധപൂജ, ശക്തി പൂജ, കൊലുവയ്പ്പ്, മഹാസരസ്വതി പൂജ, വിദ്യാരംഭം, ശാക്തേയ പൂജ, മഹാലക്ഷ്മി പൂജ തുടങ്ങിയ പ്രാദേശികമായ പല പേരുകളിലും ഈ ഉത്സവം അറിയപ്പെടുന്നു.

പ്രധാനമായും സെപ്റ്റംബർ‌-ഒക്ടോബർ മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. പൊതുവേ നാലു നവരാത്രികൾ ആണ് പ്രധാനമായിട്ടുള്ളത്. വസന്ത നവരാത്രി മീന മാസത്തിൽ, ആഷാട നവരാത്രി അല്ലെങ്കിൽ വാരാഹി നവരാത്രി മിഥുനത്തിൽ, ശരദ് നവരാത്രി/ മഹാനവരാത്രി കന്നി മാസത്തിൽ, മാഘ നവരാത്രി ധനു മാസത്തിൽ. ഇതിൽ മീനമാസത്തിലെയും കന്നിമാസത്തിലെയും നവരാത്രിക്കു പ്രാധാന്യമേറും. അതിൽത്തന്നെ കന്നിമാസത്തിലെ നവരാത്രിക്ക് ആണ് പ്രാധാന്യം കൂടുതൽ എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ അത് നവരാത്രികളിലുത്തമമായ മഹാനവരാത്രിയായി ഗണിക്കപ്പെടുന്നു.

ബാലിക, യുവതി, സ്ത്രീ, മാതൃത്വം, മഹാശക്തി, യുദ്ധ വിജയം, പ്രകൃതി, ഊർവരത, ഐശ്വര്യം, സാമ്പത്തികം, വിദ്യ തുടങ്ങിയയുമായി ബന്ധപ്പെട്ട് പല ഭാവങ്ങളിൽ ഭഗവതിയായ ആദിപരാശക്തിയെ ആരാധിക്കുന്ന ദിവസങ്ങൾ എന്ന നിലയിൽ നവരാത്രി വിശേഷിപ്പിക്കപ്പെടാറുണ്ട്. താന്ത്രിക വിധിപ്രകാരം, പ്രപഞ്ചത്തിൽ സൂക്ഷ്മമായി അന്തർലീനമായ ഭഗവതിയുടെ ശക്തിവിശേഷങ്ങളെ ബാഹ്യപ്രതലങ്ങൾ വരെ ആരാധിച്ചു ആവിഷ്കരിക്കുന്ന ഒരാഘോഷമാണ്. ദേവി ഭാഗവതം, ദേവി മാഹാത്മ്യം, കാളികാ പുരാണം, ഭദ്രകാളി മാഹാത്മ്യം തുടങ്ങിയവയിൽ കാണപ്പെടുന്ന മഹിഷാസുരൻ, ദുർഗ്ഗമൻ, ചണ്ടമുണ്ടന്മാർ, രക്തബീജൻ, സുംഭനിസുംഭന്മാർ തുടങ്ങിയവരുടെ നിഗ്രഹ കഥയുമായി ഈ ആഘോഷം ബന്ധപെട്ടു കിടക്കുന്നു.

ശാക്തേയ വിശ്വാസപ്രകാരം ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളെ ആരാധിക്കുന്നു. അതിന്റെ ഭാഗമായി ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ മഹാകാളിയായും അടുത്ത മൂന്ന് ദിവസം മഹാലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ മഹാസരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. ഇതിലൂടെ അറിവും, സമ്പത്തും സമൃദ്ധിയും, ദുരിതനാശവും ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

മറ്റൊരു രീതിയിൽ ശക്തിസ്വരൂപിണിയായ ദുർഗ്ഗയുടെ ഒൻപത് ഭാവങ്ങളെ (നവദുർഗ്ഗ) ആരാധിക്കുന്നു. ഇത് ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനികാളി(കാലരാത്രി), മഹാഗൗരിസിദ്ധിദാത്രി എന്നിവരെ ഒൻപത് ദിവസങ്ങളിലായി ആരാധിക്കുന്നു. മറ്റ് ചിലയിടങ്ങളിൽ ദുർഗ്ഗാഷ്ടമി വരെ ദുർഗ്ഗയെയും നവമിയിൽ മഹാലക്ഷ്മിയേയും ദശമിക്ക് മഹാസരസ്വതിയേയും ആരാധിക്കുന്നു. ബംഗാളിൽ ദുർഗ്ഗാഷ്ടമിക്കാണ് പ്രാധാന്യം.

കേരളത്തിൽ വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് മഹാസരസ്വതി പൂജയ്ക്ക് ഈ ദിവസങ്ങളിൽ പ്രാധാന്യം വരുന്നു. ഇത് വിദ്യാരംഭം എന്നറിയപ്പെടുന്നു. അജ്ഞാനമാകുന്ന ഇരുളിനെ അകറ്റി അറിവിൻറെ പ്രകാശം പ്രദാനം ചെയ്യുന്നു എന്നതാണ് നവരാത്രി ആഘോഷത്തിന്റെ സന്ദേശം. പൊതുവേ ദുർഗ്ഗയെ വിവിധ ഭാവങ്ങളിൽ ആരാധിക്കുന്ന നാളുകളാണ് നവരാത്രി എന്ന്‌ പറയാം.

പ്രാദേശിക ഭേദങ്ങൾക്കനുസരിച്ച് നവരാത്രി ആഘോഷത്തിനു വ്യത്യസ്ത ഭാവതലങ്ങളുണ്ട്. കേരളത്തിൽ പൂജവെപ്പും വിദ്യാരംഭവും, തമിഴ്നാട്ടിൽ കൊലുവെയ്പ്പ്, കർണാടകയിൽ ദസറ, കൊല്ലൂർ മൂകാംബികയിൽ പുഷ്പ രഥോത്സവം, ഉത്തരഭാരതത്തിൽ രാമലീല, ബംഗാളിൽ ദുർഗ്ഗാപൂജ, അസമിൽ കുമാരീ പൂജ, ശ്രീവിദ്യാ ഉപാസകർക്ക് ശ്രീചക്രപൂജ എന്നിങ്ങനെ നീളുന്നു വ്യത്യസ്തതയുടെ ഭാവതലങ്ങൾ. ചിലർ നവരാത്രി നാളുകളിൽ വ്രതം അനുഷ്ഠിക്കുന്നു.

ഭഗവതി ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണിത്. പല ദേവി ക്ഷേത്രങ്ങളിലും വിദ്യാരംഭം, ഉത്സവം, പൊങ്കാല, പൂരം, ദേവിഭാഗവത നവാഹയജ്ഞം, ചണ്ഡികാഹോമം, ഐശ്വര്യപൂജ, ശ്രീചക്രപൂജ, അഷ്ടലക്ഷ്മിപൂജ, സരസ്വതിപൂജ, ലളിതാ സഹസ്രനാമ പാരായണം, കനകധാരാ സ്തോത്രം, ആത്മീയ പ്രഭാഷണങ്ങൾ തുടങ്ങിയവ ഈ സമയത്ത് നടത്തപ്പെടുന്നു.

നവരാത്രി ദിവസങ്ങളിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട ചില ചടങ്ങുകൾ താഴെ കൊടുക്കുന്നു. പ്രാദേശിക ഭേദം അനുസരിച്ചു ഇവ മാറുന്നു.1. ഘടസ്ഥാപനം:

വീടുകളിൽ ആദ്യ ദിനം കലശം സ്ഥാപിച്ച് അതിന് മുകളിൽ ഒരു തേങ്ങ വച്ച് പരാശക്തിയായ ഭഗവതിയെ ക്ഷണിക്കുന്നു. ഇതിനെ ഘടസ്ഥാപനം എന്ന്‌ പറയുന്നു. ചിലർ കൊലു വയ്ക്കുന്നു.

2. വ്രതം:

പലരും ഒമ്പത് ദിവസവും വ്രതമെടുക്കും. അതിന് സാധിക്കാത്തവർ അവസാന മൂന്ന് ദിവസം മാത്രം വ്രതമെടുക്കും. ഇത്രയും ദിവസം പഴം, പാൽ, പഴവർഗങ്ങൾ, നിവേദ്യങ്ങൾ തുടങ്ങിയവ മാത്രമായിരിക്കും കഴിക്കുക. അരിയാഹാരം ഒരു നേരം മാത്രം. ചിലർ ഒരു നേരം ഉപ്പ്, എണ്ണ തുടങ്ങിയവ ഒഴിവാക്കും. ഭഗവതി ക്ഷേത്ര ദർശനം നടത്തും.

3. പൂജയും പ്രാർഥനയും:

ദേവി മാഹാത്മ്യംലളിതാസഹസ്രനാമം, ദേവി ഭാഗവതം, മഹാലക്ഷ്മി അഷ്ടകം, കനകധാരാ സ്തോത്രം തുടങ്ങിയവ പാരായണം ചെയ്യും. നിലവിളക്ക് തെളിയിച്ച് പൂക്കളും കുങ്കുമവും പലഹാരങ്ങൾ, പായസം, പഴങ്ങൾ തുടങ്ങിയ നിവേദ്യവും മറ്റും സമർപ്പിക്കും.

4. കന്യകാപൂജ, നാരീപൂജ:

അവസാന ദിവസം (അഷ്ടമി അല്ലെങ്കിൽ നവമി) പെൺകുട്ടികളെ, സ്ത്രീകളെ ഭഗവതിയായി സങ്കല്പിച്ചു ആരാധിച്ച് ഭക്ഷണവും സമ്മാനങ്ങളും നൽകും.

5. പൂജ വയ്പ്പ്: ദുർഗ്ഗാഷ്ടമി ദിവസം ആളുകൾ അവരുടെ തൊഴിൽ ഉപകരണങ്ങൾ ഭഗവതിക്ക് മുൻപിൽ പ്രാർഥനയോടെ പൂജ വയ്ക്കുന്നു. ഇത് ഒരു ദിവസം കഴിഞ്ഞു വിജയദശമി ദിവസം പ്രഭാതത്തിൽ തിരികെ എടുക്കുന്നു.

6. വിദ്യാരംഭം: വിജയദശമി ദിവസം രാവിലെ അക്ഷരം കുറിച്ച് കൊണ്ട് വിദ്യാരംഭം നടത്തുന്നു.

7. സംഗീതം, നൃത്തം എന്നിവയ്ക്ക് പ്രാധാന്യം ഉള്ള സമയം കൂടിയാണ് ഇത്.

8. ബംഗാളിൽ ദുർഗ്ഗാ പൂജയ്ക്ക് വിശേഷപ്പെട്ട മത്സ്യമാംസാദി വിഭവങ്ങൾ ഭഗവതിക്ക് നിവേദിക്കുകയും ആഹാരമാക്കുകയും ചെയ്യുന്നു.

വിശ്വാസം

വ്രതങ്ങളുടെ റാണിയാണ് നവരാത്രി വ്രതം എന്നാണ് സങ്കല്പം. നവരാത്രിയിൽ ഭഗവതിയെ ഉപാസിക്കുന്നവർക്ക് ആഗ്രഹപൂർത്തിയും സമ്പത്തും ദുഃഖമോചനവും വിദ്യാഭ്യാസ ഉന്നതിയും മരണാനന്തരം മോക്ഷവും ഫലം എന്ന് വിശ്വാസം. ക്ഷേത്രങ്ങളിലും വീടുകളിലും ലളിതാ സഹസ്രനാമം, ദേവീ മാഹാത്മ്യം, കനകധാരാ സ്തോത്രം, മഹാലക്ഷ്മി അഷ്ടകം തുടങ്ങിയവ പാരായണം ചെയ്യുന്ന ദിവസങ്ങൾ കൂടിയാണ് ഇത്. ശ്രീചക്ര പൂജ, ഐശ്വര്യ പൂജ, ശാക്തേയ പൂജ, ഭുവനേശ്വരി പൂജ, ദുർഗ്ഗാ പൂജ, ഭദ്രകാളി പൂജ തുടങ്ങിയവ പലരും ചെയ്യുന്നു. നവരാത്രിയിലെ വെള്ളിയാഴ്ച മഹാലക്ഷ്മിയെ വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ട് വരലക്ഷ്മി പൂജ ചെയ്യുന്നതും പതിവാണ്. ചിലർ ഈ ദിവസങ്ങളിൽ പൊങ്കാല ഇടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here