പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർഥാടന കാലത്തേക്കുള്ള (2026-2027) ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിൽ പൂർണ സുതാര്യത ഉറപ്പാക്കാൻ ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. തെരഞ്ഞെടുപ്പിൽ യാതൊരുവിധ ക്രമക്കേടുകളോ ഇടപെടലുകളോ ഉണ്ടാകാതിരിക്കാൻ കർശന നിരീക്ഷണവും മാനദണ്ഡങ്ങളും നിശ്ചയിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്.
ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ വിശദമായ റിപ്പോർട്ട് പരിഗണിച്ച ശേഷം ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് നടപടികൾ നിഷ്പക്ഷമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് വി ജി അരുണിനെ പ്രത്യേക നിരീക്ഷകനായി കോടതി നിയോഗിച്ചു.
അഭിമുഖ നടപടികളിൽ പൂർണ വ്യക്തത ഉറപ്പാക്കുന്നതിനായി വിപുലമായ സുരക്ഷാ മുൻകരുതലുകളാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. അഭിമുഖം നടക്കുന്ന ഹാൾ പൂർണമായും വീഡിയോയിൽ ചിത്രീകരിക്കണം. ഉദ്യോഗാർഥികൾക്ക് നൽകുന്ന മാർക്കുകൾ പിന്നീട് യാതൊരു കാരണവശാലും തിരുത്തപ്പെടാതിരിക്കാൻ ബോൾ പോയിൻ്റ് പേന ഉപയോഗിച്ച് മാത്രമേ രേഖപ്പെടുത്താവൂ.
മാർക്ക് ലിസ്റ്റിൽ കോടതി നിയോഗിച്ച പ്രത്യേക നിരീക്ഷകൻ നേരിട്ട് ഒപ്പുവയ്ക്കുകയും, ഈ രേഖകൾ ദേവസ്വം കമ്മിഷണറുടെ അതീവ സുരക്ഷിത കസ്റ്റഡിയിൽ സൂക്ഷിക്കുകയും വേണം. അഭിമുഖത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ, മാർക്ക് ലിസ്റ്റ്, ഷോർട്ട് ലിസ്റ്റ് എന്നിവ മുദ്രവച്ച കവറിൽ ഒക്ടോബർ 15നകം ഹൈക്കോടതിയിൽ സമർപ്പിക്കണം.
സ്പെഷ്യൽ കമ്മിഷണറുടെയും കോടതി നിരീക്ഷകൻ്റെയും റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമേ അന്തിമ നറുക്കെടുപ്പിലേക്ക് കടക്കാൻ അനുമതി നൽകൂ. ഇക്കുറി ശബരിമല, മാളികപ്പുറം മേൽശാന്തിമാരാകാൻ മൊത്തം 78 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ ശബരിമലയിലേക്ക് 48 അപേക്ഷകളും മാളികപ്പുറത്തേക്ക് 30 അപേക്ഷകളുമാണുള്ളത്.
വിജിലൻസ് പരിശോധനയ്ക്ക് ശേഷം യോഗ്യത നേടിയ ശബരിമലയിലേക്കുള്ള അഞ്ചുപേരെയും മാളികപ്പുറത്തേക്കുള്ള മൂന്നുപേരെയും ഒക്ടോബർ അഞ്ചിന് തിരുവനന്തപുരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടക്കുന്ന അഭിമുഖത്തിലേക്ക് ശിപാർശ ചെയ്തിട്ടുണ്ട്.
അഭിമുഖവും മാർക്കും
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്, രണ്ട് ബോർഡ് അംഗങ്ങൾ, ദേവസ്വം കമ്മിഷണർ എന്നിവർക്കൊപ്പം താഴമൺ മഠത്തിലെ മുതിർന്ന തന്ത്രി, ഇളയ തന്ത്രി, പ്രത്യേകമായി തെരഞ്ഞെടുക്കുന്ന പുറത്തുനിന്നുള്ള തന്ത്രി എന്നിവരുൾപ്പെട്ട സമിതിയാണ് അഭിമുഖം നടത്തുന്നത്.
അഭിമുഖത്തിൽ ആകെ 90 മാർക്കാണുള്ളത്. ഇതിൽ 30 മാർക്ക് പൊതുവിജ്ഞാനത്തിനും വ്യക്തിത്വത്തിനുമായി ദേവസ്വം ബോർഡ് പ്രതിനിധികളും, ബാക്കിയുള്ള 60 മാർക്ക് സംസ്കൃത പരിജ്ഞാനം, പൂജാവിധികൾ, താന്ത്രിക ചിട്ടകൾ എന്നിവ പരിശോധിച്ച് തന്ത്രിമാരുമാണ് നൽകുക.
ഇതിൽ നിന്നാണ് അന്തിമ പട്ടിക തയ്യാറാക്കുന്നത്. അന്തിമ പട്ടികയിൽ നിന്ന് സന്നിധാനത്തുവച്ച് പന്തളം കൊട്ടാരം പ്രതിനിധി നാമനിർദേശം ചെയ്യുന്ന പത്തുവയസിൽ താഴെയുള്ള ആൺകുട്ടിയും പെൺകുട്ടിയും ചേർന്നാണ് ഹൈക്കോടതി നിരീക്ഷകൻ്റെ സാന്നിധ്യത്തിൽ ശബരിമലയിലേക്കും മാളികപ്പുറത്തേക്കുമുള്ള മേൽശാന്തിമാരെ നറുക്കെടുക്കുക.
ശബരിമല അയ്യപ്പ ക്ഷേത്രത്തിലെയും മാളികപ്പുറം ദേവി ക്ഷേത്രത്തിലെയും പ്രധാന പൂജാരിമാരാണ് മേൽശാന്തിമാർ. താന്ത്രികവിധി പ്രകാരമുള്ള പൂജകളും ചടങ്ങുകളും നിർവഹിക്കാനുള്ള ചുമതല ഇവർക്കാണ്. മേൽശാന്തിമാരായി ഒരു വർഷത്തെ കാലാവധിയാണുള്ളത്.
ഈ കാലയളവിൽ ക്ഷേത്രം അടച്ചിടുമ്പോഴും ഇവർ പുറപ്പെടാ ശാന്തിമാരായി സന്നിധാനത്ത് തന്നെ താമസിക്കണം. കുറഞ്ഞത് 10 വർഷത്തെ പൂജാ പരിചയമുള്ള മലയാളി ബ്രാഹ്മണരിൽ നിന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നത്.
നിയമപോരാട്ടം
ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിൽ മലയാളി ബ്രാഹ്മണർക്ക് മാത്രം അപേക്ഷിക്കാൻ യോഗ്യത നൽകുന്ന ദേവസ്വം ബോർഡിൻ്റെ വിജ്ഞാപനത്തിനെതിരെ വലിയ രീതിയിലുള്ള എതിർപ്പുകൾക്കൊപ്പം നിയമപോരാട്ടങ്ങളും വർഷങ്ങളായി നടന്നുവരികയാണ്.
ബ്രാഹ്മണരല്ലാത്ത പൂജാ പരിചയവും യോഗ്യതയുമുള്ള സി വി വിഷ്ണുനാരായണൻ, ടി എൽ സിജിത്ത് ഉൾപ്പെടെ നിരവധി ഹിന്ദു ശാന്തിമാർ ദേവസ്വം ബോർഡിൻ്റെ ഈ നടപടി ചോദ്യം ചെയ്ത് കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു.
മേൽശാന്തി തസ്തികയിലേക്ക് ഒരു പ്രത്യേക ജാതിയിൽപ്പെട്ടവർക്ക് മാത്രം അപേക്ഷിക്കാൻ അനുവാദം നൽകുന്നത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശത്തിൻ്റെ ലംഘനമാണെന്ന് ഹർജിക്കാർ വാദിച്ചു. യോഗ്യത നിശ്ചയിക്കേണ്ടത് ജാതി നോക്കിയല്ലെന്നും പൂജാവിഷയങ്ങളിലുള്ള അറിവും പരിചയവും നോക്കിയായിരിക്കണമെന്നും മലയാളി ബ്രാഹ്മണർക്ക് മാത്രം നൽകുന്ന ഈ പ്രത്യേകാവകാശം ഒരു തരം തൊട്ടുകൂടായ്മ ആണെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ നിയമവിദഗ്ധർ കോടതിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ ഹർജിക്കാർക്ക് എതിരായാണ് ദേവസ്വം ബോർഡും യോഗക്ഷേമസഭയും കോടതിയിൽ നിലപാട് അറിയിച്ചത്. ശബരിമലയിലെ പൂജാവിധികളും ആചാരങ്ങളും മലയാള തന്ത്രം എന്ന തനത് ശൈലിയിലുള്ളതാണെന്നും ഇത് കാലങ്ങളായി നിലനിൽക്കുന്ന ആചാരപരമായ കീഴ്‌വഴക്കമാണെന്നുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും യോഗക്ഷേമസഭയും കോടതിയെ അറിയിച്ചത്.
ശബരിമല മേൽശാന്തി നിയമനം ഒരു സ്ഥിരം സർക്കാർ ജോലിയല്ലെന്നും ഒരു വർഷത്തെ മാത്രം താത്കാലിക കരാർ നിയമനമാണെന്നും അതിനാൽ ഇത് ഭരണഘടനാപരമായ തൊട്ടുകൂടായ്മയുടെ പരിധിയിൽ വരില്ലെന്നുമായിരുന്നു വാദം.
ഈ കേസിൽ വിശദമായ വാദം കേട്ട കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് 2024 ഫെബ്രുവരി 27ന് ഹർജികൾ തള്ളിക്കൊണ്ട് വിധി പ്രസ്താവിച്ചു. ശബരിമല മേൽശാന്തിയായി മലയാളി ബ്രാഹ്മണരെ മാത്രം നിയമിക്കുന്ന ദേവസ്വം ബോർഡിൻ്റെ വിജ്ഞാപനത്തിലെ വ്യവസ്ഥ ഹൈക്കോടതി ശരിവച്ചു. ഈ യോഗ്യതാ മാനദണ്ഡം ഭരണഘടനയുടെ 17-ാം ആർട്ടിക്കിൾ പ്രകാരമുള്ള തൊട്ടുകൂടായ്മയായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
ഹൈക്കോടതി വിധിക്കെതിരെ ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. നിലവിൽ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സുപ്രീം കോടതി ഈ ഹർജിയിൽ ദേവസ്വം ബോർഡിനും സംസ്ഥാന സർക്കാരിനും നോട്ടിസ് അയച്ചിട്ടുണ്ട്. എന്നാൽ ഹൈക്കോടതി വിധിക്ക് നിലവിൽ സ്റ്റേ അനുവദിച്ചിട്ടില്ല. അതിനാൽ 2026-2027 വർഷത്തെ തെരഞ്ഞെടുപ്പും മലയാളി ബ്രാഹ്മണർ എന്ന നിലവിലുള്ള മാനദണ്ഡം അനുസരിച്ച് തന്നെയാണ് നടക്കുക.







