ആഗോളതലത്തില്‍ തരംഗമായി വാഴ 2; ബിഗ് ബജറ്റ് സിനിമകളുടെ റെക്കോര്‍ഡ് തകര്‍ത്തു,

0
41

ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ വാഴ 2 തരംഗം സൃഷ്‌ടിച്ച് മുന്നേറുകയാണ്. വിപിന്‍ദാസിന്‍റെ തിരക്കഥയില്‍ നവാഗതനായ സവിന്‍ സാ സംവിധാനം ചെയ്‌ത വാഴ 2 ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസ് എന്ന ചിത്രം ബ്ലോക്ക് ബസ്റ്ററായി മാറുമെന്നതില്‍ സംശയമില്ല. ആഗോളതലത്തില്‍ വന്‍ സ്വീകാര്യതയാണ് ചിത്രത്തില്‍ ലഭിക്കുന്നത്.

ഏപ്രില്‍ 2 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിന് എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണവും നിരീപക പ്രശംസയും നേടി ചിത്രം ബോക്‌സ് ഓഫിസില്‍ മിന്നും പ്രകടനമാണ് കാഴ്‌ച വയ്ക്കുന്നത്. ചിത്രം റിലീസായി അഞ്ചുദിവസത്തിനുള്ളില്‍ വമ്പന്‍ കലക്ഷന്‍ വാരിക്കൂട്ടി ശരവേഗത്തിലാണ് ബോക്‌സ് ഓഫിസില്‍ കുതിക്കുന്നത്. നിലവിലെ സിനിമയുടെ ഈ കുതിപ്പ് 100 കോടി ക്ലബിലേക്കാണെന്നാണ് ട്രാക്കര്‍മാരുടെയും സിനിമാ പ്രേമികളുടെയും വിലയിരുത്തല്‍. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വീക്കന്‍റ് കലക്ഷന്‍ നേടുന്ന സിനിമകളുടെ പട്ടികയില്‍ ഞൊടിയിടയിലാണ് വാഴ 2 ഇടം പിടിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങളെ പിന്തള്ളിയാണ് വാഴ 2 വിന്‍റെ ഈ തേരോട്ടം.

അഞ്ചു ദിവസത്തെ ആഗോള കലക്ഷന്‍

ആദ്യ ദിനം ലോകമെമ്പാടുമായി 10 കോടി രൂപയിലധികം കലക്ഷനാണ് ചിത്രം നേടിയത്. പിന്നീടുള്ള തുടര്‍ച്ചയായ മൂന്നു ദിവസവും ഞെട്ടിക്കുന്ന കലക്ഷനാണ് ചിത്രം വാരിക്കൂട്ടിയത്. വാരാന്ത്യമുള്‍പ്പെടെ നാലു ദിവസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏകദേശം 67 കോടി രൂപയ്ക്ക് മുകളിലാണ് ആഗോളതലത്തില്‍ ചിത്രം സ്വന്തമാക്കിയത്. ഒരു മലയാള പടത്തിന് വാരാന്ത്യത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിംഗ് കലക്ഷനാണ് വാഴ2 വിന് ലഭിച്ചിരിക്കുന്നത്.

അഞ്ചാം ദിവസം, വാഴ 2: ബയോപിക് ഓഫ് എ ബില്യൺ ബ്രോസ് 1,760 ഷോകളിലായി ₹ 6.85 കോടി കലക്ഷനാണ് നേടിയത് . ഇതോടെ ഇന്ത്യയിലെ മൊത്തം ഗ്രോസ് കലക്ഷൻ ₹38.04 കോടി രൂപയായും ഇന്ത്യയിലെ മൊത്തം നെറ്റ് കലക്ഷൻ ₹32.85 കോടി രൂപയായും ഉയർന്നു . അഞ്ചാം ദിവസം വിദേശത്ത് ചിത്രം ₹4.00 കോടി നേടിയതോടെ ഇതുവരെയുള്ള വിദേശ കലക്ഷൻ ₹40.90 കോടി രൂപയായി ഉയര്‍ന്നു . ഇത് ലോകമെമ്പാടുമുള്ള മൊത്തം കലക്ഷൻ ₹78.94 കോടി രൂപയാണ്.

കേരള ബോക്‌സ് ഓഫീസ് ആധിപത്യം

വാഴ 2 വിന് ഏറ്റവു കൂടുതല്‍ നേട്ടം കൈവരിക്കാന്‍ സാധിച്ചത് കേരളത്തില്‍ നിന്നു തന്നെയാണ്. ആദ്യ വാരാന്ത്യത്തില്‍ സംസ്ഥാനത്ത് നിന്നു മാത്രം ഏകദേശം 26.30 കോടി രൂപയാണ് കൊയ്തെടുത്തത്. താരതമ്യേന സൂപ്പര്‍സ്റ്റാറുകളൊന്നും ഇല്ലാതെ പുതുമുഖങ്ങള്‍ മാത്രം അണിനിരന്ന ഈ ചിത്രത്തിന് അത്ഭുതകരമായ സംഖ്യയാണ് നേടിയത്.

കേരളത്തില്‍ ശക്തമായ പ്രകടനമാണ് കാഴ്‌ച വയ്ക്കുന്നത്. വാരാന്ത്യത്തിലാണ് കലക്ഷന്‍ കുത്തനെ ഉയര്‍ന്നത്. മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും ചിത്രത്തിന് ലഭിക്കുന്നുണ്ട്. 26 കോടി രൂപയിലധികം ഗ്രോസ് കലക്ഷന്‍ നേടിയ ഈ ചിത്രം സംസ്ഥാനത്തെ ഏറ്റവും വലിയ ഓപ്പണിംഗ് നേടിയ അഞ്ചു ചിത്രങ്ങളില്‍ ഇടം പിടിച്ചു.

അന്താരാഷ്‌ട്ര വിപണികളില്‍ പ്രത്യേകിച്ച് ഗള്‍ഫ് നാടുകളിലുള്‍പ്പെടെ ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ യുദ്ധം മൂലം മിഡില്‍ ഈസ്റ്റിലെ മോശം സാഹചര്യങ്ങള്‍ക്കിടയിലും വാഴ 2 വമ്പന്‍ പ്രകടനമാണ് നടത്തുന്നത്. ഈ മേഖലയിലെ നമ്പന്‍ വണ്‍ ചിത്രമായി വാഴ 2 ഇതിനോടകം തന്നെ മാറി കഴിഞ്ഞു. വിദേശത്ത് നിന്ന് നാലു ദിവസത്തിനുള്ളില്‍ മാത്രം 37 കോടി രൂപയാണ് ചിത്രം നേടിയത്.

മലയാളത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് നേടിയ ചിത്രങ്ങള്‍

മലയാളത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് നേടുന്ന അഞ്ചു ചിത്രങ്ങളില്‍ വാഴ 2 ഇടം പിടിച്ചിട്ടുണ്ടെന്നത് അത്ഭുതകരമായ കാര്യമാണ്. കാരണം സോഷ്യല്‍ മീഡിയയില്‍ മാത്രം കണ്ടുപരിചയമുള്ള താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരന്നത്. അതുകൊണ്ട് തന്നെ താരപൊലിമയില്ലാതെ ഈ ചിത്രത്തിന്‍റെ തേരോട്ടം സിനിമാസ്വാദകരെയടക്കം അമ്പരപ്പെടുത്തുന്നുണ്ട്.

മലയാളത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് വാരാന്ത്യ കലക്ഷൻ നേടിയ മൂന്ന് ചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും മോളിവുഡിലെ ഏറ്റവും വലിയ വാരാന്ത്യങ്ങളിൽ ഒന്നായി മാറാൻ ഈ ചിത്രം പരമാവധി ശ്രമിച്ചിട്ടുണ്ട്. വെറും 3 ദിവസത്തിനുള്ളിൽ തന്നെ അതിന്റെ മുൻഗാമിയായ 38.25 കോടി രൂപയുടെ ഗ്രോസ് കലക്ഷനെ മറികടന്നു.

ആദ്യ വാരാന്ത്യത്തില്‍ തന്നെ ബോക്‌സ് ഓഫിസ് വിജയം ഈ ചിത്രം നേടി. ലോകമെമ്പാടുനിന്നുമായി 100 കോടി ക്ലബില്‍ പ്രവേശിക്കാനുള്ള പാതയിലാണ് ഈ ചിത്രം. സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫിസ് പുറത്തുവിട്ട ലിസ്റ്റ് അനുസരിച്ച് ആദ്യ വാരാന്ത്യത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന പത്ത് ചിത്രങ്ങളില്‍ വാഴയുമുണ്ട്. ആദ്യത്തെ മൂന്നെണ്ണം മോഹന്‍ലാലിന്‍റെ ചിത്രങ്ങളാണ്. 175 കോടി രൂപയിലധികം നേടിയ എമ്പുരാന്‍ ആണ് ഒന്നാം സ്ഥാനത്ത്. ജയസൂര്യ ചിത്രം ആട് 3 രണ്ടാം സ്ഥാനത്തും തുടരും മൂന്നാം സ്ഥാനത്തുമാണ്. നാലമത് ഹാഷിര്‍ പ്രധാന വേഷത്തിലെത്തിയ വാഴ 2 ആണ്. അഞ്ചാം സ്ഥാനത്ത് 45 കോടി രൂപ നേടികൊണ്ട് മമ്മൂട്ടി ചിത്രം ടര്‍ബോ ആണ്. പിന്നീട് ലോക, ആടുജീവിതം, ലുസിഫര്‍, ഭീഷ്മപര്‍വം, സര്‍വം മായ എന്നീ ചിത്രങ്ങളുമാണ്.

WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളിലായി വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളി മങ്കിസ്, രജത് പ്രകാശ് (ഹാറ്റ്സ്മിത്ത് ), പാർവതീഷ് പ്രദീപ്‌, റമീസ് ആർസി, മുത്തു, ആർക്കഡോ, ജസിർ മുഹമ്മദ്‌, അശ്വിൻ ആര്യൻ & ഇലക്ട്രോണിക് കില്ലി എന്നിവരാണ് സംഗീതം ചെയ്യുന്നത്. അതോടൊപ്പം അങ്കിത് മേനോനാണ് മ്യൂസിക് സൂപ്പർവിഷൻ കൈകാര്യം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം- അഖിൽ ലൈലാസുരൻ, എഡിറ്റർ – കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കനിഷ്ക ഗോപി ഷെട്ടി,

പ്രൊഡക്ഷൻ കൺട്രോളർ – റിന്നി ദിവാകർ, കല – ബാബു പിള്ള, മേക്കപ്പ് – സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് – അശ്വതി ജയകുമാർ, സ്റ്റിൽസ് – ബിജിത്ത് ധർമ്മടം, പരസ്യകല – യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രജിവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈനർ – അരുൺ എസ്. മണി, ആക്ഷൻ – കലൈ കിംഗ്സൺ, വിക്കി നന്ദഗോപാൽ, ഡിഐ – ജോയ്നർ തോമസ്, ടൈറ്റിൽ ഡിസൈൻ – സർക്കാസനം, സൗണ്ട് ഡിസൈൻ – വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – അനീഷ് നന്തിപുലം, പ്രൊമോഷൻ കൺസൾട്ടന്റ് – വിപിൻ കുമാർ, പി.ആർ.ഒ – എസ്. ദിനേശ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ്.

LEAVE A REPLY

Please enter your comment!
Please enter your name here