എരുമേലിയിൽ സുരക്ഷാ ഒരുക്കങ്ങൾ വിലയിരുത്തി,ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവം:

0
3

കോട്ടയം: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് എരുമേലിയിൽ സുരക്ഷാ ക്രമീകരണങ്ങളും അയ്യപ്പഭക്തർക്ക് സുഗമമായ തീർത്ഥാടനം ഉറപ്പാക്കുന്നതിനുള്ള ഒരുക്കങ്ങളും വിലയിരുത്തുന്നതിനായി അവലോകന യോഗം സംഘടിപ്പിച്ചു. എരുമേലി പൊലീസ് സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ വെള്ളിയാഴ്‌ച ചേർന്ന യോഗത്തിൽ കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. എം. സാബു മാത്യു ഐപിഎസ് അധ്യക്ഷത വഹിച്ചു.

മണ്ഡലകാലത്ത് എരുമേലിയിലെത്തുന്ന അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ തീർത്ഥാടനം ഉറപ്പാക്കുന്നതിനും ഗതാഗതം, സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കാര്യക്ഷമമായി ക്രമീകരിക്കുന്നതിനും സ്വീകരിച്ച നടപടികൾ യോഗം വിലയിരുത്തി.

മുൻവർഷങ്ങളിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട മേഖലകളും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയും ചർച്ച ചെയ്‌തു.

പൊലീസ്, വനം, എക്സൈസ്, കെഎസ്ഇബി, വാട്ടർ അതോറിറ്റി, ദേവസ്വം ബോർഡ്, ആരോഗ്യവകുപ്പ്, പൊതുമരാമത്ത് വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികളും ജനപ്രതിനിധികളും വിവിധ സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

എരുമേലി ജുമാ മസ്‌ജിദ്, കാളകെട്ടി ക്ഷേത്രം, അയ്യപ്പസേവാസംഘം, വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയവയുടെ പ്രതിനിധികളും പങ്കെടുത്തു.

വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും നിർദേശങ്ങളും ആവശ്യങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്‌തു. തീർത്ഥാടനവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഭക്തജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും എല്ലാ വകുപ്പുകളെയും സംഘടനകളെയും ഏകോപിപ്പിച്ച് പ്രവർത്തിക്കാനുള്ള തീരുമാനങ്ങളും കൈക്കൊണ്ടു.

2026-27 വർഷത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടനം മുൻവർഷത്തേക്കാൾ മികച്ച രീതിയിൽ സുരക്ഷിതമായും സുഗമമായും നടത്തുന്നതിനുള്ള തുടർനടപടികൾ യോഗം വിലയിരുത്തി.

കുമളിവഴിയും വണ്ടിപ്പെരിയാർ വഴിയും ശബരിമലയിൽ എത്തുന്ന ഭക്തർക്ക് സുരക്ഷിതവും സുഗമവുമായ തീർഥാടനം ഉറപ്പുവരുത്താൻ സ്വീകരിക്കുവാൻ ഇടുക്കി, തേനി ജില്ലാ കളക്‌ടർമാരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന അന്തർ സംസ്ഥാന യോഗം തീരുമാനിച്ചിരുന്നു.

തീർഥാടകർക്ക് കുടിവെള്ളം, ഭക്ഷണം, ചികിത്സാ സൗകര്യങ്ങൾ തുടങ്ങിയ ഉറപ്പാക്കുമെന്ന് ഇടുക്കി ജില്ലാ കളക്‌ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. ഗതാഗത സംവിധാനങ്ങളും മെഡിക്കൽ സൗകര്യങ്ങളും അടക്കം തീർഥാടകർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ഇടുക്കി ജില്ലാ ഭരണകൂടവുമായി ചേർന്നു പ്രവർത്തിക്കുമെന്ന് തേനി ജില്ലാ കളക്‌ടർ വി. ശിവകൃഷ്‌ണമൂർത്തി പറഞ്ഞു.

ഇത്തവണ ദേവസ്വം ബോർഡിൻ്റെ ഓൺലൈൻ ബുക്കിംഗ് കേന്ദ്രം വണ്ടിപ്പെരിയാറിനു സമീപം വാളാർഡിയിലായിരിക്കും പ്രവർത്തിക്കുക. അവിടെ ആരോഗ്യ പരിശോധന നടത്തിയ ശേഷമായിരിക്കും സത്രം വഴിയുള്ള കാനന പാതയിലൂടെ തീർഥാടകരെ കടത്തിവിടുന്നത്. ഹൃദ്രോഗമുൾപ്പെടെ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ പമ്പ വഴിയുള്ള യാത്രയ്ക്ക് പ്രേരിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here