കര്‍ണാടകയില്‍ രണ്ടിനം കഫ് സിറപ്പുകള്‍ നിരോധിച്ച് സര്‍ക്കാര്‍. ശ്രേസൻ ഫാർമയും കെയ്‌സൺസ് ഫാർമയും വിതരണം ചെയ്യുന്ന കഫ് സിറപ്പുകള്‍ക്കാണ് നിരോധനം. മധ്യപ്രദേശിലും രാജസ്ഥാനിലും കഫ് സിറപ്പ് കഴിച്ചുള്ള മരണത്തെ തുടര്‍ന്നാണ് നടപടി.
ശ്രേസന്‍ ഫാര്‍മ നിര്‍മിക്കുന്ന കോള്‍ഗ്രിഫ് സിറപ്പ്, കെയ്‌സണ്‍സ് ഫാര്‍മ നിര്‍മിക്കുന്ന ഡെക്‌സ്ട്രോമെത്തോർഫാൻ ഹൈഡ്രോബ്രോമൈഡ് സിറപ്പ് എന്നിവയുടെ വില്‍പ്പനയും ഉപയോഗവുമാണ് സര്‍ക്കാര്‍ നിരോധിച്ചത്. സംസ്ഥാന ലൈസൻസിങ് അതോറിറ്റിയും അഡിഷണൽ ഡ്രഗ്‌സ് കൺട്രോളറും ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
മധ്യപ്രദേശിലും രാജസ്ഥാനിലുമുള്ള മരണത്തിന് ഈ സിറപ്പുകൾ കാരണമായതായി സംശയിക്കുന്നുണ്ട്. അതുകൊണ്ടാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്ത് ഇവയുടെ വിതരണം നടക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും മരുന്ന് വിതരണക്കാരും ഉറപ്പ് വരുത്തണമെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.
നിരോധിച്ച കഫ് സിറപ്പുകളുടെ വാങ്ങലും വില്‍ക്കലും തടയണമെന്നും സർക്കുലറിൽ കർശന നിർദേശം നൽകിയിട്ടുണ്ട്. വിപണിയിലുള്ള ഇവയുടെ സ്റ്റോക്കുകള്‍ കമ്പനികള്‍ തിരിച്ചെടുക്കണമെന്നും തുടർ നടപടികൾക്കായി അസിസ്റ്റൻ്റ് ഡ്രഗ് കൺട്രോളറുടെ ഓഫിസുമായി ബന്ധപ്പെടണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
നിലവില്‍ സംസ്ഥാനത്ത് വില്‍ക്കുന്ന മുഴുവന്‍ കഫ് സിറപ്പുകളുടെയും സാമ്പിള്‍ ലബോറട്ടറി പരിശോധനക്ക് വിധേയമാക്കാനും നിര്‍ദേശമുണ്ട്. മധ്യപ്രദേശിലും രാജസ്ഥാനിലും കഫ് സിറപ്പ് കഴിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെയാണ് നടപടിയെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. മുൻകരുതൽ നടപടിയായി എല്ലാ കഫ് സിറപ്പുകളുടെയും സാമ്പിളുകൾ പരിശോധിക്കാൻ വകുപ്പ് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം. കഫ് സിറപ്പ് പരിശോധനക്കുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മരുന്നുകളില്‍ മായം ചേര്‍ക്കുന്നത് സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് കര്‍ശനമായ നിയമങ്ങള്‍ ആവശ്യമാണെന്നും ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം തന്‍റെ ആവശ്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗുണ്ടു റാവു പറഞ്ഞു.
സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ക്ക് സസ്‌പെന്‍ഷന്‍: കഫ് സിറപ്പ് കഴിച്ച് മരണം സംഭവിച്ച മധ്യപ്രദേശില്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ അടക്കം നാല് പേര്‍ക്ക് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി മോഹൻ യാദവിന്‍റെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് പിന്നാലെയാണ് നടപടി.
മരിച്ചവരുടെ കുടുംബത്തെ സന്ദര്‍ശിച്ചു: കഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളുടെ കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി മോഹന്‍ യാദവ്. ദുരന്തത്തിന്‍റെ ഉത്തരാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം കുടുംബങ്ങള്‍ക്ക് ഉറപ്പ് നല്‍കി. കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.






