ഇടുക്കി: മൂന്നാറിലെ സ്കൈ ഡൈനിങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങിയ സംഭവത്തില്‍ നടത്തിപ്പുകാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. പ്രവീണ്‍, സോജന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന പ്രവര്‍ത്തികള്‍ എന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. ക്രെയിനിൻ്റെ സാങ്കേതിക തകരാറാണ് സംഭവത്തിന് കാരണമെന്ന് അധികൃതർ പറയുന്നു.
അഞ്ച് പേരാണ് ഇന്നലെ സ്‌കൈ ഡൈനിങ്ങില്‍ കുടുങ്ങിക്കിടന്നത്. പൊലീസിൻ്റെയും അഗ്നിരക്ഷസേന അംഗങ്ങളുടെയും മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൊടുവിലാണ് ഇവരെ താഴെയിറക്കിയത്. മംഗലാപുരം സ്വദേശികളായ മലയാളികളാണ് കുടുങ്ങിയത്. അതേസമയം ജീവനക്കാരിയായ ഹരിപ്രിയയും ഇവര്‍ക്കൊപ്പം കുടുങ്ങിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിലൂടെ ആദ്യം കുട്ടികളെയാണ് താഴെയിറക്കിയത്. രണ്ടര വയസുള്ള കുട്ടി ഉള്‍പ്പെടെയാണ് ഡൈനിങ്ങില്‍ കുടുങ്ങിയത്.
ജീവനക്കാരി അടക്കം അഞ്ച് പേരാണ് അപകടത്തില്‍പ്പെട്ടതെന്നും ഇവിടെയുണ്ടായിരുന്ന റോപ്പ് ഉപയോഗിച്ച് 5 പേരെയും സുരക്ഷിതമായി താഴെയിറക്കിയെന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ആനച്ചാലിലുള്ള സ്വകാര്യ സ്‌കൈ ഡൈനിങ്ങിലാണ് അഞ്ചംഗ സംഘം മൂന്ന് മണിക്കൂറോളം കുടുങ്ങിക്കിടന്നത്. സംഭവത്തിന് ശേഷം ഏതാണ്ട് ഒന്നര മണിക്കൂറിന് ശേഷമാണ് മൂന്നാര്‍ അടിമാലി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് എത്തിയത്.
സെൻസറിന് തകരാറുണ്ടായതാണ് സംഭവത്തിന് കാരണമായതെന്നാണ് ഇതിൻ്റെ നടത്തിപ്പുകാര്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാല്‍ അപകടം നടന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് അപകട വിവരം തങ്ങളെ അറിയിച്ചതെന്നും ഇവിടെയുള്ളവര്‍ ഇക്കാര്യം തങ്ങളെ ആദ്യം അറിയിക്കാൻ തയ്യാറായില്ലെന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നാലംഗ കുടുംബം ഇതില്‍ കുടുങ്ങിയതിന് പിന്നാലെ ആദ്യ അരമണിക്കൂറില്‍ സഹായത്തിനായി പൊലീസോ ഫയര്‍ ഫോഴ്‌സോ വന്നില്ലെന്ന് പ്രദേശവാസികളും പ്രതികരിച്ചു. “ഇത് ആകാശത്തെ റെസ്‌റ്റോറൻ്റ് എന്ന് പറഞ്ഞ് തുടങ്ങിയ അതിസാഹസിക വിനോദമാണ്, ക്രെയിൻ ഉപയോഗിച്ചാണ് ഇത് നടത്തുന്നത്. നാലംഗ കുടുംബം ഇതില്‍ കുടുങ്ങിയതിന് പിന്നാലെ ആദ്യ അരമണിക്കൂറില്‍ സഹായത്തിനായി പൊലീസോ ഫയര്‍ ഫോഴ്‌സോ വന്നില്ല” പ്രദേശവാസി പറഞ്ഞു.
ഇടുക്കി ആനച്ചാലിൽ അടുത്തിടെയാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി അഡ്വെഞ്ചർ ടൂറിസത്തിൻ്റെ ഭാഗമായി പദ്ധതി തുടങ്ങിയത്. 120 അടി ഉയരത്തിലാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചെലവിടുക. ഒരേസമയം 15 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്. ആകാശക്കാഴ്ച്ച ആസ്വദിക്കാനുള്ള സൗകര്യത്തോടെയാണ് പദ്ധതി.







