ദീപാവലി ആഘോഷം: പടക്കത്തിന്‍റെ പുക വില്ലനായേക്കും,

0
36
Fireworks of different colors over a night sky - Extra large size

ദീപാവലി ആഘോഷങ്ങൾക്കായി രാജ്യം ഒരുങ്ങി കഴിഞ്ഞു. ദീപങ്ങൾ തെളിയിച്ചും പടക്കങ്ങൾ പൊട്ടിച്ചും മധുരം പങ്കിട്ടുമെല്ലാം ദീപാവലി പൊടിപൊടിക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. ദക്ഷിണേന്ത്യേയിലേതിൽ നിന്ന് വ്യത്യസ്‍തമായി അതിഗംഭീരമായാണ് ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷിക്കുന്നത്. വടക്കൻ സംസ്ഥാനങ്ങളിൽ 5 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണിത്. എന്നാൽ ദീപാവലി കൊണ്ടാടുമ്പോൾ വളരെയധികം ശ്രദ്ധ ആവശ്യമാണ്. വിളക്കുകകൾ കത്തിച്ചും പടക്കങ്ങൾ പൊട്ടിച്ചുമുള്ള ആഘോഷമായതിനാൽ ചെറിയ അശ്രദ്ധപോലും വലിയ ആപത്തുകൾ വിളിച്ചുവരുത്തും. പടക്കങ്ങൾ പൊട്ടിക്കുമ്പോൾ പൊള്ളൽക്കാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ തന്നെ പടക്കങ്ങളുടെ പുക ശ്വസിക്കുന്നതും പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. പടക്കങ്ങളുടെ പുക മൂലമുണ്ടാകുന്ന ശ്വാസന പ്രശ്‌നങ്ങളും പടക്കങ്ങൾ പൊട്ടിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയെന്നും അറിയാം.

ശ്രദ്ധിക്കേണ്ടത് ആരൊക്കെ ?
പടക്കത്തിന്‍റെ പുക ശ്വസിക്കുന്നത് ആർക്കും സുരക്ഷിതമല്ല. പ്രത്യേകിച്ച് കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയുള്ള ആളുകൾ പടക്കത്തിന്‍റെ പുക ശ്വസിക്കുന്നത് വളരെയധികം അപകടകരമാണ്. പടക്കത്തിലെ ദോഷകരമായ രാസവസ്‌തുക്കൾ അന്തരീക്ഷത്തിൽ കലരുകയും വായു മലിനീകരണത്തിന് കാരണമാകുകയും ചെയ്യുന്നു. ഇത് ശ്വസിക്കുമ്പോൾ ശ്വസനവ്യവസ്ഥയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ശ്വാസതടസ്സം, ആസ്ത്മ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വസന സംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. മാത്രമല്ല രക്തത്തിന്‍റെ ഓക്‌സിജൻ വഹിക്കാനുള്ള ശേഷി കുറയ്ക്കുകയും കണ്ണിന് അസ്വസ്ഥത, ഹൃദയത്തിന് ആയാസം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്‌തേക്കാം.

പടക്കങ്ങൾ ദോഷകരമാകുന്നത് എങ്ങനെ?
ദീപാവലി ആഘോഷങ്ങൾ വായുമലിനീകരണത്തിന് കാരണമാകുന്നു. പടക്കങ്ങളിൽ സൾഫർ ഡൈ ഓക്സൈഡ്, നൈട്രജൻ ഡൈ ഓക്സൈഡ്, PM2.5, PM10 എന്നീ കണികാ പദാർത്ഥങ്ങൾ, ലെഡ്, ബേരിയം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. പടക്കങ്ങൾ പൊട്ടിക്കുമ്പോൾ ദോഷകരമായ ഈ രാസസംയുക്തങ്ങൾ വായുവിൽ കലരും. ഇത് ശ്വസനവ്യവസ്ഥയെ പ്രകോപിപ്പിക്കാൻ കാരണമാകുന്നു. കൂടാതെ മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും ഇടയാക്കും.

ദീർഘകാല ഫലങ്ങൾ
പടക്കങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം ശ്വാസകോശ അവസ്ഥ വഷളാക്കാൻ കാരണമാകും. ക്രോണിക് ഒബ്‌സ്‌ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) ഉൾപ്പെടെയുള്ള ദീർഘകാല ശ്വാസകോശ രോഗങ്ങൾ വഷളാക്കുകയും ശ്വസന വൈകല്യങ്ങൾക്ക് ഇടയാക്കുകയും ചെയ്യും. സ്വന്തമായി ശ്വസിക്കാൻ കഴിയാതെ വരികയോ വെന്‍റിലേറ്റർ പിന്തുണ ആവശ്യമായി വരികയോ ചെയ്തേക്കാം. മാത്രമല്ല മലിനമായ വായു ശ്വസിക്കുന്നത് സ്വാസന അവയവങ്ങളെ നശിപ്പിക്കുകയും പ്രതിരോധ ശേഷി ദുർബലപ്പെടുത്തുകയും ചെയ്തേക്കും. ഇത് ഇൻഫ്ലുവൻസ, വൈറൽ അണുബാധ, ബാക്‌ടീരിയ അണുബാധ തുടങ്ങിയ അവസ്ഥകൾക്ക് കാരണമാകും.

സ്വീകരിക്കേണ്ട മുൻകരുതൽ എന്തൊക്കെ ?

  • മാസ്‌ക് ധരിക്കുക
  • പടക്കങ്ങൾ പൊട്ടിക്കുന്ന സമയത്ത് വീടിനുള്ളിൽ തന്നെ തുടരുക.
  • എയർ പ്യൂരിഫയർ ഉപയോഗിക്കുക. ഇൻഡോർ വായു മലിനീകരണ സാധ്യത കുറയ്ക്കാൻ ഇത് സഹായിക്കും.
  • പുകയും ദോഷകരമായ കണികകളും വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത് തടയാൻ ജനാലകളും വാതിലുകളും അടയ്ക്കുക.
  • ആസ്ത്മ രോഗികൾ ഡോക്‌ടർ ശുപാർശ ചെയ്‌ത ഇൻഹേലറുകളും മരുന്നുകളും കൈവശം വയ്ക്കുക.
  • വായു ഗുണനിലവാരത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുക
  • ഫ്ലൂ, ന്യുമോണിയ വാക്‌സിനുകൾ സ്വീകരിക്കാം. ശ്വസനവ്യവസ്ഥയെ വഷളാക്കുന്ന അണുബാധകൾക്കുള്ള സാധ്യത ഒഴിവാക്കാൻ ഇത് സഹായിക്കും.

ശാരീരിക അസ്വസ്ഥത നേരിട്ടാൽ എന്തുചെയ്യണം?
ശ്വാസതടസം, കഠിനമായ ചുമ തുടങ്ങീ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത നേരിട്ടാൽ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

  • വായുസഞ്ചാരമുള്ള ഇടത്തേക്ക് മാറുക.
  • കണ്ണുകൾക്ക് അസ്വസ്ഥത തോന്നിയാൽ ശുദ്ധജലം ഉപയോഗിച്ച് കഴുകുക.
  • ലക്ഷണങ്ങൾ വഷളായാൽ ഉടൻ വൈദ്യസഹായം തേടുക.
  • സ്ഥിരമായ ശ്വസന പ്രശ്‌നങ്ങൾക്ക്, ഒരു ഡോക്‌ടറെ സമീപിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here