രാജ്യത്ത് ഇൻഫ്ലുവൻസ വൈറസ് വ്യാപനം വർധിക്കുന്നു; ഏറ്റവും കൂടുതൽ മരണം കേരളത്തിൽ,

0
27

രാജ്യത്ത് ഈ വർഷം റിപ്പോർട്ട് ചെയ്‌തത് 2400 H1N1 കേസുകള്‍. കേരളത്തിൽ മാത്രം 306 കേസുകള്‍. മരണസംഖ്യയിൽ കേരളം മുന്നിൽ. ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്.

 

ന്യൂഡൽഹി: രാജ്യത്ത് H1N1, H3N2 ഇൻഫ്ലുവൻസ വൈറസ് വ്യാപനം കുതിച്ചുയരുന്നു. വിവിധ സംസ്ഥാനങ്ങളിലായി ഈ വർഷം 2400 H1N1 കേസുകളും 13 മരണങ്ങളും റിപ്പോർട്ട് ചെയ്‌തതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കേരളത്തിൽ മാത്രം ഈ വർഷം 306 കേസുകളും എട്ട് മരണവും റിപ്പോർട്ട് ചെയ്‌തു. തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതൽ കേസുകള്‍ റിപ്പോർട്ട് ചെയ്‌തത്. 917. 407 കേസുകളുമായി രണ്ടാം സ്ഥാനത്തുള്ള കർണാടകയുടെ തൊട്ടുപിറകിലാണ് കേരളം.

സംസ്ഥാനം എണ്ണം
തമിഴ്‌നാട് 917
കർണാടക 407
കേരളം 306

കേരളത്തിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്‌തത്. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. രണ്ട് മരണം റിപ്പോർട്ട് ചെയ്‌തു. ഹിമാചൽ പ്രദേശ്, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഓരോ മരണം വീതവും റിപ്പോർട്ട് ചെയ്‌തു.

സംഭവത്തില്‍ മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്താന്‍ അധികൃതര്‍ നീക്കം നടത്തുമ്പോഴും രാജ്യത്ത് വലിയ ആശങ്കയാണ് ഉയരുന്നത്. അണുബാധ ഒഴിവാക്കാൻ പരമാവധി മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വിദഗ്‌ധർ നിർദേശിക്കുന്നു. രോഗ വ്യാപനം തടയാനും മറ്റ് മുൻകരുതലുകൾ എടുക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാർ സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്. വ്യാപനം മറികടക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സജീവമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥൻ ഇടിവി ഭാരതിനോട് പറഞ്ഞു.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) കണക്കുകള്‍ പ്രകാരം, ഈ വർഷം ജൂലൈ മുതൽ എച്ച്3എൻ2 പോലുള്ള ഇൻഫ്ലുവൻസ വൈറസ് ബാധിച്ചവരുടെ എണ്ണം ഗണ്യമായ ഉയർന്നു. തുടക്കത്തിൽ 10 മുതൽ 15 വരെയുള്ള കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. എന്നാൽ ഓഗസ്‌റ്റ് കഴിഞ്ഞതോടെ ഇത് 40–50 കേസുകളായി വർധിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ രാജ്യത്ത് 88 H3N2 ഇൻഫ്ലുവൻസ വൈറസ് കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു.

സെപ്റ്റംബറിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തത്. 86 കേസുകൾ റിപ്പോർട്ട് ചെയ്യ്തു‌. പനിയോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടെങ്കിൽ ഉടൻ ഡോക്‌ടറെ കാണണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും ഐസിഎംആറിലെ മുതിർന്ന ശാസ്ത്രജ്ഞൻ പറഞ്ഞു. അടുത്തിടെ നടത്തിയ ഒരു സർവേയിൽ ഡൽഹി എൻസിആർ മേഖലയിലുടനീളം എച്ച്3എൻ2 പനി പടർന്നുപിടിക്കുന്നതിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

69-70 ശതമാനം ആളുകൾക്കും പനി പോലുള്ള ലക്ഷണങ്ങൾ ഉള്ളതായി റിപ്പോർട്ട് ചെയ്‌തതായും സർവേയിൽ പറയുന്നു. ഡൽഹി, ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ഗാസിയാബാദ് തുടങ്ങിയ നഗരങ്ങളിലാണ് ഇത്തരം കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. വൈറൽ പനി, പനി, കോവിഡ്-19 എന്നിവയ്ക്ക് സമാനമായ ലക്ഷണങ്ങളും കണ്ടുവരുന്നതായും സർവേ ചൂണ്ടിക്കാട്ടി.

ഇൻഫ്ലുവൻസ വൈറസുകൾ

ഇൻഫ്ലുവൻസ അലെങ്കിൽ ഫ്ലൂ വൈറസ് ശ്വാസകോശ അണുബാധയാണ്. ഒരു പകർച്ചവാധിയാണിത്. ഇത്തരം അസുഖം ഉള്ളവർക്ക് ശരീരവേദന, തലവേദന, ക്ഷീണം, ഛർദ്ദി, വയറിളക്കം എന്നീ ലക്ഷണങ്ങൾ കണ്ടുവരുന്നു. മുതിർന്നവരേക്കാൾ കുട്ടികളിൽ ഇത് കൂടുതലായി കാണപ്പെടുന്നുവെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) മുൻ പ്രസിഡൻ്റ് വിനയ് അഗർവാൾ പറഞ്ഞു.

എന്താണ് എച്ച്3 എൻ2 വൈറസ്?

ശ്വാസകോശ സംബന്ധമായ അണുബാധകൾക്ക് കാരണമാവുന്ന ഒരു തരം ഇൻഫ്ലുവൻസ വൈറസാണ് എച്ച്3 എൻ2. ഇത് പക്ഷികളിലും സസ്‌തനികളിലും കാണപ്പെടാറുണ്ട്. സെന്‍റേര്‍സ്‌ ഫോർ ഡിസീസ് കൺട്രോൾ (സിഡിസി), ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നത് അനുസരിച്ച് ഇൻഫ്ലുവൻസ എ വൈറസിന്‍റെ സബ്‌ ടൈപ്പാണ് എച്ച്3 എൻ2.

രോഗ ലക്ഷണങ്ങള്‍

പനി, ചുമ, നേരിയ ശ്വാസകോശ അണുബാധ മുതൽ കഠിനമായ ന്യുമോണിയ വരെ ലക്ഷണങ്ങളായി ഉണ്ടാവാം. വൈറസ് അക്യൂട്ട് റെസ്‌പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം (ശ്വാസകോശത്തിലെ വായു അറകളില്‍ ദ്രാവകം നിറഞ്ഞതിനെ തുടര്‍ന്ന് ഓക്‌സിജന്‍ ലഭിക്കാതെ വരുന്ന അവസ്ഥ) ഉണ്ടാവുകയും ചില കേസുകളിൽ മരണം വരെ സംഭവിച്ചേക്കാനും സാധ്യതയുണ്ട്. വിറയൽ, ചുമ, പനി, ചർദി, തൊണ്ടവേദന, ശരീരവേദന, വയറിളക്കം, മൂക്കൊലിപ്പ് എന്നിവയും ഈ വൈറസിന്‍റെ സാധാരണ ലക്ഷണങ്ങളാണ്. ശ്വസിക്കാൻ ബുദ്ധിമുട്ട്, നെഞ്ചുവേദന, തുടർച്ചയായ പനി, ഭക്ഷണം വിഴുങ്ങുമ്പോൾ തൊണ്ടയിൽ വേദന എന്നിവ അനുഭവപ്പെടുകയാണെങ്കിൽ ഡോക്‌ടറെ കാണേണ്ടത് നിര്‍ബന്ധമാണ്.

എന്താണ് എച്ച്1എൻ1?

വായുവിലൂടെ പകരുന്ന വൈറല്‍ പനിയാണിത്. തുടക്കത്തില്‍ തന്നെ ചികിത്സിക്കുകയാണെങ്കില്‍ പ്രശ്‌നം ഗുരുതരമാകാതെ ശ്രദ്ധിക്കാൻ കഴിയും. ഇന്‍ഫ്ലുവെന്‍സ എന്ന ഗ്രൂപ്പില്‍പെട്ട വൈറസാണ് ഈ രോഗത്തിന് കാരണം. പന്നികളിലാണ് സാധാരണ ഇത് കൂടുതലായി കണ്ടുവരുന്നത്.

രോഗ ലക്ഷണങ്ങള്‍

പനി, ശരീര വേദന, തൊണ്ടവേദന, കഫമില്ലാത്ത വരണ്ട ചുമ, ക്ഷീണം, വയറിളക്കം എന്നിവയാണ് പൊതുവെ കണ്ടുവരുന്ന രോഗ ലക്ഷണങ്ങള്‍. മിക്കവരിലും ഒരു സാധാരണ പനി പോലെ നാലോ അഞ്ചോ ദിവസംകൊണ്ട് ഭേദമാകും. എന്നാല്‍, ചിലരില്‍ അസുഖം ഗുരുതരമാവാന്‍ ഇടയുണ്ട്.

ശ്വാസകോശത്തിലെ അണുബാധ, തലച്ചോറിലെ അണുബാധ, നിലവിലുള്ള അസുഖങ്ങള്‍ ഗുരുതരമാകുക എന്നിവയാണ് രോഗത്തിന്‍റെ സങ്കീര്‍ണതകള്‍. ഗർഭിണികള്‍, പ്രായമായവർ, ചെറിയ കുട്ടികള്‍, മറ്റേതെങ്കിലും രോഗമുള്ളവർ രോഗ ലക്ഷണം കണ്ടാൽ കൂടുതല്‍ ശ്രദ്ധ നൽകണം.

LEAVE A REPLY

Please enter your comment!
Please enter your name here