ചില പച്ചക്കറികളോടൊപ്പം കക്കിരി കൃഷി ചെയ്യുന്നത് അവയുടെ വളർച്ച മുരടിക്കാനും വിള നശിക്കാനും കാരണമാകും.
നാട്ടിപുറങ്ങളിൽ സുലഭമായി വിളയുന്ന ഒരു വേനൽക്കാല പച്ചക്കറിയാണ് കക്കിരി. മതിലുകളിലും വേലികളിലും പടർന്ന് പന്തലിക്കുന്ന കക്കിരി വളരെ വേഗത്തിൽ വിളവെടുക്കാൻ സാധിക്കുന്നവാണ്. മിതമായ ചൂടുള്ള കാലാവസ്ഥയും നീർവാർച്ചയുള്ള മണ്ണുമാണ് ഇവ വളരാൻ ഏറ്റവും ആവശ്യം. വളരെ എളുപ്പത്തിൽ അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്യാവുന്ന ഒന്നുകൂടിയാണിത്. എന്നാൽ അടുക്കളത്തോട്ടത്തിൽ കക്കിരി കൃഷി ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റുള്ള പച്ചക്കറികളോടൊപ്പം കക്കിരി നടുന്നത് വളർച്ച മുരടിക്കാനും വിള നശിക്കാനും കാരണമാകും. അത്തരത്തിൽ കക്കിരിയുടെ സമീപം ഇടവിളയായി കൃഷി ചെയ്യാൻ പാടില്ലാത്ത പച്ചക്കറികൾ ഏതൊക്കെയെന്ന് നോക്കാം.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങും കക്കിരിയും അടുത്തടുത്ത് കൃഷി ചെയ്യരുത്. പോഷക സമൃദ്ധമായതും ഈർപ്പമുള്ളതുമായ മണ്ണാണ് ഉരുളക്കിഴങ്ങിന് ആവശ്യം. അതിനാൽ ഇവ രണ്ടും അടുത്ത് നടുന്നത് കക്കിരിയുടെ വളർച്ചയെ ബാധിക്കും. മാത്രമല്ല ഉരുളക്കിഴങ്ങിന് രോഗം വരാൻ സാധ്യത കൂടുതലാണ്. ഇത് കക്കിരിയിലേക്കും പടർന്നേക്കും.
തണ്ണിമത്തൻ
കക്കിരിയ്ക്കും തണ്ണിമത്തനും വളരാൻ കൂടുതൽ സ്ഥലം ആവശ്യമാണ്. ഇവ രണ്ടും അടുത്ത് നട്ടുപിടിപ്പിക്കുമ്പോൾ ഓരോന്നിന്‍റെയും വളർച്ചയ്ക്ക് ആവശ്യമായ സ്ഥലം ലഭിക്കാതെ പോകും. ഇത് വായുസഞ്ചാരം കുറയാനും പോഷകങ്ങൾക്കായുള്ള മത്സരത്തിനും കാരണമാകും. ഇവയെല്ലാം ചെടികളുടെ വളർച്ച മുരടിപ്പിക്കുകയും പഴങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും.
റോസ്മേരി, ബേസിൽ
ഭക്ഷണങ്ങളുടെ രുചി വർധിപ്പിക്കാനും സുഗന്ധത്തിനും വേണ്ടി ഉപയോഗിക്കുന്ന ഔഷധസസ്യങ്ങളാണ് റോസ്മേരി, ബേസിൽ തുടങ്ങിയവ. ഇവയുടെ ശക്തമായ ഗന്ധം കക്കിരിയുടെ രുചിയെ ബാധിച്ചേക്കാം. ഇതിനു പുറമെ സേജ് പോലുള്ള ചില സസ്യങ്ങൾ പുറത്തുവിടുന്ന രാസവസ്‌തുക്കൾ കക്കിരിയുടെ വളർച്ചയെ തടസപ്പെടുത്തും.
പുതിന
പുതീനയുടെ മികച്ച വളർച്ചയ്ക്ക് പോഷകങ്ങളും വെള്ളവും സൂര്യപ്രകശവും ധാരാളം ആവശ്യമാണ്. കക്കിരി ഉൾപ്പെടെ സാവധാനത്തിൽ വളരുന്ന പച്ചക്കറികളുടെ സമീപം പുതിന നട്ടുവളർത്തുന്നത് മറ്റുള്ളവയുടെ വളർച്ചയ്ക്ക് ആവശ്യമായ വെള്ളവും വളവും ലഭിക്കാത്ത അവസ്ഥയ്ക്ക് കാരണമാകും. അതിനാൽ പുതിന എപ്പോഴും ചട്ടിയിലോ മറ്റോ നട്ടുവളർത്തുന്നതാണ് നല്ലത്.
തക്കാളി
അടുത്തടുത്തായി കൃഷി ചെയ്‌ത തക്കാളി ചെടിയിൽ നിന്നും കക്കിരിയിൽ നിന്നും മികച്ച വിളവ് ലഭിക്കാറുണ്ട്. എന്നാൽ ഇവ രണ്ടിനും ബീറ്റ് കേർളി ടോപ്പ് വൈറസ് (BCTV) പോലുള്ള വൈറൽ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഇവ അടുത്ത് നടുന്നത് രോഗങ്ങൾ വേഗത്തിൽ പടരാൻ ഇടയാക്കും. അതിനാൽ തക്കാളിയും കക്കിരിയും കൃത്യമായ അകലം പാലിച്ച് വേണം നട്ടുവളർത്താൻ.







