ചിതൽ (Termite ) – സാമൂഹിക ഘടന

0
45

പൊതുവേ എല്ലായിടത്തും കാണുന്ന ഒരു ഷഡ്പദമാണ് ചിതൽ. ഐസൊപ്റ്റെറ വിഭാഗത്തിൽ പെടുന്ന ഇത് സാമൂഹ്യജീവിയാണ്. ഉറുമ്പുകളേയുംതേനീച്ചകളേയും കടന്നലുകളേയും പോലെ നിരവധിയെണ്ണം എണ്ണം വലിയ കോളനിയായി കഴിയുന്നു. മനുഷ്യർ പൊതുവേ ചിതലിനെ ശല്യമുണ്ടാക്കുന്ന ഒരു കീടമായാണു കാണുന്നതെങ്കിലും പാരിസ്ഥിതികമായി പ്രാധാന്യമുള്ള ജീവിയാണിത്. ഒരു സാധാരണ കോളനിയിൽ നിംഫുകൾ (പ്രായപൂർത്തിയെത്താത്തവ), ജോലിക്കാർ, പട്ടാളക്കാർ, പ്രത്യുത്പാദന ശേഷിയുള്ളവർ, രാജ്ഞി (ചിലപ്പോൾ ഒന്നിലധികം) എന്നിവയാണുണ്ടാവുക. ഉഷ്ണമേഖലഉപോഷ്ണമേഖല പ്രദേശങ്ങളിൽ കൂടുതലായി കണ്ടുവരുന്നു. പറക്കാൻ ശേഷിയുള്ള ചിതലുകൾ കോളനിയുടെ വലിപ്പം വല്ലാതെ വർദ്ധിക്കുമ്പോൾ പുതിയ കോളനിയുണ്ടാക്കാനായി കൂടുവിട്ട് പുറത്തിറങ്ങാറുണ്ട്. ഇവയെ ഈയലുകൾ (ഈയാംപാറ്റ) എന്നു വിളിക്കുന്നു. ഉറുമ്പുകളുമായി ചിതലുകൾക്ക് അകന്ന ബന്ധമേയുള്ളു. പാറ്റകളാണ് ചിതലുകളുടെ അടുത്ത ബന്ധുക്കൾ.

പറക്കാൻ ശേഷിയുള്ള, ഇണചേർന്ന, മുട്ടയിടുന്ന പെൺ ചിതലിനെ രാജ്ഞി എന്നു വിളിക്കുന്നു. ഇണ ചേരാൻ കഴിവുള്ള രാജ്ഞിയുടെ സമീപത്തു തന്നെയുള്ള പറക്കാൻ കഴിവുള്ള ആൺ ചിതലിനെ രാജാവ് എന്നും വിളിക്കാറുണ്ട്. പ്രായപൂർത്തിയായ ഒരു പ്രഥമ രാജ്ഞിയ്ക്ക് വളരെയധികം മുട്ടകൾ ഇടാനുള്ള കഴിവുണ്ട്. രാജ്ഞിയിൽ സാധാരണയുള്ളതിലധികമായി അണ്ഡാശയങ്ങൾ ബാഹ്യഘടന ഉൾപ്പെടെ ഉണ്ടായിവരുന്നതായിരിക്കും. ഇത് രാജ്ഞിയുടെ ഉദരഭാഗം വളരെ വീർത്തിരിക്കുന്നതിനും, പ്രത്യുത്പാദന ശേഷി കൂടാനും കാരണമാകുന്നു. ഒരു ദിവസം രാജ്ഞി രണ്ടായിരത്തിലധികം മുട്ടകൾ ഇടാൻ കഴിവുണ്ടായിരിക്കും. രാജ്ഞിയുടെ ഉദരഭാഗം വളരെ വീർത്തിരിക്കുന്നതുകൊണ്ട് സ്വതന്ത്രമായി ചലിക്കുക രാജ്ഞിയ്ക്ക് ബുദ്ധിമുട്ടായിരിക്കും, അതിനു വേലക്കാരുടെ സഹായം ആവശ്യമായി വരുന്നു. സമൂഹപരിപാലനത്തിനായി ചിതലുകൾ ഫിറമോണുകൾ ഉപയോഗിക്കുന്നു. രാജ്ഞിയാണ് ഫിറമോണുകൾ ഉത്പാദിപ്പിക്കുന്നത്. രാജ്ഞിയെ നക്കിത്തുടയ്ക്കുമ്പോൾ ഈ ഫിറമോണുകൾ വേലക്കാരിലെത്തുന്നു. പിന്നീട് ഒരേ ഭക്ഷണം പങ്ക് വെച്ചു കഴിക്കുമ്പോൾ മറ്റുള്ള ചിതലുകളിലും എത്തുന്നു. രാജ്ഞിയിൽ നിന്നുള്ള ഫിറമോണുകളുടെ അളവിനു കുറവു സംഭവിക്കുമ്പോൾ പ്രായം കൂടിയ ഒരു നിംഫ് രാജ്ഞിയായി മാറുന്നു. ഇത്തരത്തിലുള്ളവയ്ക്ക് ക്രമേണ പ്രത്യുത്പാദന ശേഷിയുണ്ടാകുന്നു.

ഉറുമ്പുകളിൽ നിന്നും വ്യത്യസ്തമായി ചിതലുകളിൽ പ്രത്യുത്പാദന ശേഷിയുള്ള ആൺ ചിതലുകൾ ജീവിതകാലം മുഴുവനും രാജ്ഞിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. കൂട്ടത്തിലെ ചിറകുള്ളവ അഥവാ ഈയലുകളേയും പ്രത്യുത്പാദന ശേഷിയുള്ളവയായി കണക്കാക്കുന്നു. ചിതലുകളിൽ വികസിച്ച കണ്ണുകൾ ഇവയ്ക്കാണുള്ളത് (ചില ജാതികളിൽ പട്ടാളക്കാർക്കോ, വേലക്കാർക്കോ കണ്ണുകളുണ്ടാകാറുണ്ട്). ഒരു കൂട്ടിലെ ചിതലുകളുടെ എണ്ണം കൂടുംതോറും രാജകീയ ഫിറമോണിന്റെ അളവു കുറയുകയും തുടർന്ന് നിരവധി നിംഫുകൾ പ്രത്യുത്പാദകരായി ഉയർത്തപ്പെടുകയും ചെയ്യുന്നു.

ഒരു കൂടിനു ഉൾക്കൊള്ളാൻ പറ്റാത്തത്രയെണ്ണം ചിതലുകൾ ഉണ്ടാകുമ്പോൾ മഴക്കാലത്തിനു തൊട്ടുമുമ്പ് ചിറകുള്ളവ കൂടുവിട്ടു പുറത്തു പോകുന്നു. ഈ കൂട്ടപ്പറക്കലിന് ‘’സ്വാമിങ്‘’ എന്നു പറയുന്നു. ഇവ പിന്നീട് കോളനി സ്ഥാപിക്കാൻ പറ്റിയ ഒരിടം കണ്ടെത്തി അവിടെ കൂടുണ്ടാക്കാൻ തുടങ്ങുന്നു. കൂ‍ടുണ്ടാക്കാൻ തുടങ്ങുന്നതിനു മുമ്പ് ഇവ തങ്ങളുടെ ചിറകുകൾ പൊഴിച്ചു കളയുന്നതാണ്.

ജോലിക്കാർ: ഒരു കോളനിയിലെ ഭക്ഷണ സമ്പാദനം, ഭക്ഷണ സംരക്ഷണം, കുഞ്ഞുങ്ങളെ പരിപാലിക്കൽ, കൂടിന്റെ പരിപാലിക്കൽ തുടങ്ങിയ സാമൂഹിക കർത്തവ്യങ്ങൾ ചെയ്യുന്ന അംഗങ്ങളെ ജോലിക്കാർ എന്നു വിളിക്കുന്നു. ചില ജാതികളിൽ പരിരക്ഷണ പ്രവർത്തനങ്ങളും ഇവ ചെയ്യാറുണ്ട്. ഒരു ഒറ്റച്ചിറകുകളാവും ഉണ്ടാവുക. ദഹിപ്പിച്ചതോ പാതി ദഹിപ്പിച്ചതോ ആയ വസ്തുക്കൾ വായിലൂടെയോ വിസർജ്ജ്യമായോ പുറത്തെടുത്ത് വിതരണം ചെയ്താണ് ജോലിക്കാർ കൂട്ടിലെ ഭക്ഷണ വിതരണ സംവിധാനം നിലനിർത്തുന്നത്. സ്വയം ഭക്ഷണം കഴിക്കാൻ പ്രാപ്തമല്ലാത്തതുകൊണ്ട് കുഞ്ഞുങ്ങൾക്കും, പ്രതിരോധത്തിനനുസൃതമായി മുഖത്തിന്റെ ഘടനയിൽ വ്യത്യാസമുള്ളതുകൊണ്ട് ഭക്ഷണം കഴിക്കാൻ കഴിവില്ലാത്ത പട്ടാളക്കാർക്കും ഭക്ഷണം നൽകേണ്ടത് ജോലിക്കാരാണ്. ഇതോടൊപ്പം രാജ്ഞിയുടെ കാര്യങ്ങൾ നോക്കുക, മുട്ടകളേയും കുഞ്ഞുങ്ങളേയും അനുയോജ്യമായ സ്ഥലങ്ങളിലേയ്ക്ക് മാറ്റുക, കൂട്ടിലെ താപനിലയും വായൂ ഗമനാഗമനവും നിയന്ത്രിക്കുക എന്നീ ജോലികളും ചെയ്യുന്നത് ജോലിക്കാരാണ്. ജോലിക്കാർക്ക് ഒട്ടും വികസിക്കാത്ത കണ്ണുകളാണുള്ളത്.

പട്ടാളക്കാർ : ആക്രമണങ്ങളെ നേരിടാൻ ശാരീരികവും സ്വഭാവപരവുമായ പ്രത്യേകതകൾ ഉള്ള ചിതലുകളാണ് പട്ടാളക്കാർ. ബലമേറിയവയും ഉറച്ചശരീരവുമാണിവയ്ക്കുണ്ടാവുക. പൊതുവേ ഉറുമ്പുകളാണ് ചിതലുകളുടെ പ്രധാന ശത്രുക്കൾ. മിക്ക പട്ടാളക്കാരുടേയും താടിയിൽ അവ കടിക്കാനുപയോഗിക്കുന്ന മാൻഡിബിളുകൾ വളർന്നിരിക്കുന്നതിനാൽ അവയ്ക്ക് ഭക്ഷണം കഴിയ്ക്കാൻ കഴിവുണ്ടാകാറില്ല. നേർത്ത പാതകൾ അടച്ചുസംരക്ഷിക്കുന്നതിനായി തങ്ങളുടെ വലിയ തലകൾ ഉപയോഗിച്ച് വഴി ഇവ അടച്ചു സൂക്ഷിക്കുന്നു.

ഉറുമ്പുകളെയാണ് പട്ടാളക്കാർക്ക് മിക്കപ്പോഴും നേരിടേണ്ടിവരിക. ഇടുങ്ങിയ വഴികളിൽ വലിയ തലയും ശക്തമായ മാൻഡിബിളുകളുമുപയോഗിച്ച് ഇവ ഫലപ്രദമായി പ്രതിരോധിച്ചു നിൽക്കുന്നു. വലിയ വഴിയാണെങ്കിൽ പട്ടാളക്കാർ അടുക്കടുക്കായി നിന്ന് ഉറുമ്പുകളുടെ ആക്രമണത്തെ നേരിടുന്നു. ഓരോ പട്ടാളക്കാരുടെയും പിന്നിലായി മറ്റൊരു പട്ടാളക്കാരൻ നിൽക്കുന്ന സ്വഭാവവും കണ്ടു വരുന്നു. ഏതെങ്കിലും ഒരു പട്ടാളക്കാരൻ കൊല്ലപ്പെടുകയാണെങ്കിൽ തത്സ്ഥാനത്തേയ്ക്ക് പിന്നിൽ നിൽക്കുന്ന പട്ടാളക്കാരൻ കയറുന്നതാണ്. മുന്നിൽ പട്ടാളക്കാർ പോരാടുമ്പോൾ പിന്നിൽ ജോലിക്കാർ വഴി പൂർണ്ണമായും അടയ്ക്കുകയും അത് മുന്നിൽ നിൽക്കുന്ന പട്ടാളക്കാരുടെയെല്ലാം മരണത്തിനു കാരണമാവുകയും ചെയ്യാറുണ്ട്.

ചിലപ്പോൾ ചിലയിനങ്ങളിലെ പട്ടാളക്കാർ മാൻഡിബിളുകൾ സ്വയം അടർത്തിമാറ്റി പോരാട്ടത്തിനിടെ ചാവേറുകൾ ആകാറുണ്ട്. അപ്പോൾ ഊറിവരുന്ന ദ്രാവകം വായുവുമായുള്ള സംയോഗത്താൽ പശിമയുള്ളതായി തീരുകയും അങ്ങനെ അധിനിവേശം നടത്തുന്ന ജീവികളെ കുടുക്കി നിർത്താനും കഴിയുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here