കണ്ണൂർ: ടിം… ടിം…. ഡബിൾ ബെല്ലടിച്ച് ആ കെഎസ്‌ആർടിസി ബസ് യാത്ര ആരംഭിച്ചു. യാത്രക്കാരെല്ലാം ആവേശത്തിലാണ്. മനസ് നിറയെ വിരിഞ്ഞ സൂര്യകാന്തിപ്പുക്കൾ നിറച്ച് ആ കാഴ്‌ച നേരിട്ട് കാണാനാണ് അവരുടെ യാത്ര. സ്‌ത്രീകളും കുട്ടികളുമായി ഏറെ പേരാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം വിഭാഗം കണ്ണൂരിൽ നിന്ന് കർണാടകയിലെ ഗുണ്ടൽപേട്ടിലെ പൂപ്പാടങ്ങളിലേക്ക് സംഘടിപ്പിച്ച ഏകദിന യാത്രയുടെ ഭാഗമായത്.
സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ഗുണ്ടൽപേട്ടിലെ സൂര്യകാന്തി, ചെണ്ടുമല്ലി പാടങ്ങൾ നേരിട്ടുകണ്ട് ആസ്വദിക്കാനായിരുന്നു കെഎസ്‌ആർടിസി അവസരം ഒരുക്കിയത്. ആടിയും പാടിയും ഉല്ലസിച്ചൊരു യാത്ര. പശ്ചിമഘട്ടത്തിൻ്റെ മടിത്തട്ടിലാണ് ‘ഇന്ത്യയുടെ പൂന്തോട്ടം’ എന്നറിയപ്പെടുന്ന ഗുണ്ടൽപേട്ട് സ്ഥിതിചെയ്യുന്നത്. അതിനാല്‍ തന്നെ സൂര്യൻ്റെ പ്രഭയില്‍ കുന്നിൻ്റെ പശ്ചാത്തലത്തിൽ പരന്നു കിടക്കുന്ന ചെണ്ടുമല്ലി പാടങ്ങൾ ആരെയും ആകർഷിക്കുന്ന കാഴ്‌ചയാണ്.
പൊളി വൈബ്
ടൂറിസം സെൽ കണ്ണൂർ ജില്ലാ കോർഡിനേറ്റർ തൻസീർ കെ ആർ നേതൃത്വം നൽകിയ യാത്രയിൽ യൂണിറ്റ് ഇൻ-ചാർജ് രജീഷ് കെ, ഗൈഡ് സ്വപ്‌ന പിപി എന്നിവരും കെഎസ്ആർടിസി കണ്ണൂർ യൂണിറ്റിലെ സ്ഥിരം യാത്രക്കാരുടെ സംഘവുമാണ് ഉണ്ടായിരുന്നത്. വൈബ് അടിച്ച് പോകാൻ ആനവണ്ടി തന്നെ ധാരളം എന്നാണ് യാത്രക്കാരുടെ അഭിപ്രായം.
ഗുണ്ടൽപേട്ടിലെ കാഴ്‌ച മനോഹരമാണെന്നും കെഎസ്‌ആർടിസിയുടെ മികച്ച യാത്ര ക്രമീകരണമാണ് ഒരുക്കിയതെന്നും വിനോദസഞ്ചാരികളിൽ ഒരാളായ അനഘ രാജൻ പറഞ്ഞു. “നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, കെഎസ്ആർടിസിയിൽ യാത്ര ചെയ്യുക എന്നാൽ ബസിൽ യാത്ര ചെയ്യുക എന്നതാണ്. എന്നാൽ ഗുണ്ടൽപേട്ട് കാഴ്‌ചകൾ നിറഞ്ഞതും പ്രകൃതിഭംഗി നിറഞ്ഞതുമാണ്. നല്ല ഭക്ഷണമാണ് ഒരുക്കിയിരുന്നത്. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും മികച്ചതായിരുന്നു. ജീവനക്കാർ ഉൾപ്പെടെ എല്ലാവരും വളരെ സൗഹൃദപരമായിരുന്നു” – അനഘ എഎൻഐയോട് പറഞ്ഞു.
-
ജില്ലാ ഗതാഗത ഓഫീസർ വി മനോജ് കുമാറിന്‍റെ പ്രത്യേക നിർദേശപ്രകാരം ക്രമീകരിച്ച യാത്ര രാവിലെ 5 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് അർദ്ധരാത്രിയോടെയാണ് തിരിച്ചെത്തിയത്. കേരളക്കര ഒന്നാകേ ആഘോഷിക്കപ്പെടുന്ന ഓണക്കാലത്ത് ബജറ്റ് സൗഹൃദ വിനോദയാത്ര വാഗ്‌ദാനം ചെയ്യാനുള്ള കെഎസ്ആർടിസിയുടെ ശ്രമങ്ങളുടെ ഭാഗമാണിത്.





