തലച്ചോർ സ്‌മാർട്ടായി പ്രവർത്തിക്കാൻ ഡയറ്റിൽ വേണം ഈ ഭക്ഷണങ്ങൾ

0
33

രീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് തലച്ചോർ. എന്നാൽ പ്രായമാകും തോറും തലച്ചോറിന്‍റെ പ്രവർത്തനം കുറയാനുള്ള സാധ്യത കൂടുതലാണ്. നമ്മൾ ചെയ്യുന്നതും ചിന്തിക്കുന്നതും തുടങ്ങീ നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തിയും തലച്ചോറിന്‍റെ ക്ഷമതയെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. അതിനാൽ തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണം, നല്ല ഉറക്കം, വ്യായാമം എന്നിവയെല്ലാം തലച്ചോറിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഘടകങ്ങളാണ്. ഇവയിൽ തന്നെ പോഷകസമ്പുഷ്‌ടമായ ആഹാരം കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കും. അത്തരത്തിൽ തലച്ചോറിനെ ആരോഗ്യത്തോടെ നിലനിർത്താനും പ്രായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, ഓക്‌സിഡേറ്റീവ് സമ്മർദ്ദം എന്നിവയിൽ നിന്ന് സംരക്ഷിക്കാനും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ഫാറ്റി ഫിഷ്
സാൽമൺ, മത്തി തുടങ്ങിയ മത്സങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ കോശങ്ങൾ നിർമിക്കുന്നതിനും നന്നാക്കുന്നതിനും വീക്കം കുറയ്ക്കാനും പ്രധാന പങ്ക് വഹിക്കുന്നു. ഓർമശക്തി നിലനിർത്താനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും തലച്ചോറ് വേഗത്തിൽ പ്രവർത്തിക്കാനും ആരോഗ്യകരമായ കൊഴുപ്പുകൾ സഹായിക്കും. വാർധക്യ സമയത്ത് തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ സഹായിക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ആഴ്‌ചയിൽ രണ്ട് തവണയെങ്കിലും കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം.

ബ്ലൂബെറി
ശക്തമായ ആന്‍റി ഓക്‌സിഡന്‍റുകളായ ഫ്ലേവനോയ്‌ഡുകൾ ബ്ലൂബെറിയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകളിൽ നിന്ന് തലച്ചോറിനെ സംരക്ഷിക്കാൻ ഇത് സഹായിക്കും. തലച്ചോറിലെ വീക്കം കുറയ്ക്കാനും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും വർധക്യവുമായി ബന്ധപ്പെട്ട തകർച്ചയെ മന്ദഗതിയിലാക്കാനും ഓർമ്മശക്തി വർധിപ്പിക്കാനും ഇത് ഗുണം ചെയ്യും. അൽഷിമേഴ്‌സ് രോഗ ലക്ഷണങ്ങൾ വൈകിപ്പിക്കാനും ഏകാഗ്രത വർധിപ്പിക്കാനും പതിവായി ബ്ലൂബെറി കഴിക്കുന്നത് നല്ലതാണ്.

നട്‌സുകളും വിത്തുകളും
വാൽനട്ട്, ബദാം, മത്തങ്ങ വിത്തുകൾ തുടങ്ങിയ നട്‌സുകളിലും വിത്തുകളിലും ആരോഗ്യകരമായ കൊഴുപ്പുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. തലച്ചോറിലെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന ശക്തമായ ആന്‍റി ഓക്‌സിഡന്‍റായ വിറ്റാമിൻ ഇ ഇതിൽ ധാരാളമുണ്ട്. വാൾനട്ടിൽ ഡിഎച്ച്എ പോലുള്ള ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ ഓർമശക്തി മെച്ചെപ്പടുത്താനും പഠന ശേഷിയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. മത്തങ്ങാ വിത്തിൽ അടങ്ങിയിട്ടുള്ള സിങ്ക്, മഗ്നീഷ്യം, ഇരുമ്പ്, ചെമ്പ് എന്നിവ തലച്ചോറിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും നാഡീ പ്രവർത്തനങ്ങളെയും പിന്തുണയ്ക്കും. അതിനാൽ ദിവസേന ചെറിയ അളവിൽ പോലും നട്‌സുകളും വിത്തുകളും കഴിക്കുന്നത് തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും വൈജ്ഞാനിക തകർച്ചയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.

ഇലക്കറികൾ
വിറ്റാമിൻ കെ, ഫോളേറ്റ്, ബീറ്റാ കരോട്ടിൻ എന്നിവയുടെ സമ്പന്ന സ്രോതസാണ് ഇലക്കറികൾ. തലച്ചോറിന്‍റെ ഘടന ശക്തിപ്പെടുത്താനും മാനസിക തകർച്ചയിൽ നിന്ന് സുരക്ഷ നൽകാനും ഇവ സഹായിക്കും. ആന്‍റി ഓക്‌സിഡന്‍റുകളും ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുള്ളതിനാൽ തലച്ചോറിനെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ ഇവ ഗുണം ചെയ്യും. തലച്ചോറിലെ കോശങ്ങളെ സമ്മർദ്ദത്തിൽ നിന്ന് അകറ്റി നിർത്തുകയും ഓർമ്മശക്തി മെച്ചപ്പെടുത്താനും വാർധക്യ കാലത്ത് തലച്ചോറിന്‍റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും ഇലക്കറികൾ സഹായിക്കും. അതിനാൽ ദിവസേനെ ചീര, കാലെ, ബ്രോക്കോളി തുടങ്ങിയ ഇലക്കറികൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.

ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുള്ള ആന്‍റി ഓക്‌സിഡന്‍റുകൾ, ഫ്ലേവനോയഡുകൾ, കഫീൻ എന്നിവ തലച്ചോറിന്‍റ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ഓർമ്മശക്തി മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. മൊത്തത്തിലുള്ള മാനസികാവസ്ഥ മെച്ചപ്പെടുത്താനും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് വർധിപ്പിക്കാനും ഇത് ഗുണം ചെയ്യും. ഇതിലെ ഫ്ലേവനോയ്‌ഡുകൾ തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കും. കൂടാതെ തലച്ചോറിലെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here