മാടായിപ്പാറയല്ല, കാക്കപ്പൂ വസന്തമൊരുക്കി പ്രകൃതിഭംഗിയുള്ള മറ്റൊരിടം

0
114

മാടായിപ്പാറയ്‌ക്ക് സമാനമായ പ്രകൃതിഭംഗിയുള്ള മറ്റൊരിടം. അധികമാരും എത്തിപ്പെടാത്ത ഈ കുന്നിൻ മുകള്‍ സമ്മാനിക്കുന്ന കാഴ്‌ച വാക്കുകളില്‍ വിവരിക്കുക അസാധ്യം.

കണ്ണൂർ : ചെറുകുന്ന് കോളജിലെ ശരീഫും ഫിറോസും വിളിച്ചിട്ട് ഒരു യാത്ര പോയതാണ്. കാക്ക പൂക്കളെ തേടി, മാടായിപ്പാറ മാറ്റിപ്പിടിച്ചൊരു യാത്ര. ‘കണ്ണപുരത്തെ ഉയരം കൂടിയ കുന്നിൻ പ്രദേശമാണ് തണ്ണൂപ്പാറ. ഞങ്ങള്‍ ഇടവേളകളിൽ വിശ്രമിക്കാൻ എത്തുന്ന ഇടം.

കേരളത്തിലെ ഇടനാടൻ ചെങ്കൽ കുന്നുകളിൽ കാണപ്പെടുന്ന എല്ലാത്തരം ജൈവവൈവിധ്യവും ഇവിടെയും കാണാം. ഡ്രോസിറ ഇൻഡിക്ക എന്ന ഇരപിടിയൻ സസ്യം മുതൽ കണ്ണാന്തളിയും അപ്പൂപ്പൻതാടി പറത്തി വിടുന്ന ആടുകൊട്ടപാലയും നീല വസന്തം വിരിയിക്കുന്ന കാക്കപ്പൂവുകളും എല്ലാം ഇവിടെ ധാരാളമായി കാണാനാകും’

കാട്ടുകോഴിയും മയിലും മുള്ളൻ പന്നിയും മെരുവും കുറുനരിയുമെല്ലാം ഇവിടുത്തെ നിത്യ സന്ദർശകരാണ്. കുന്നിനു മേലെ ഒരിക്കലും വറ്റാതെ കിടക്കുന്ന തടാകത്തിൽ ദാഹം തീർക്കാനായി എത്തുന്നതാകട്ടെ അസംഖ്യം പക്ഷികൾ. ഏതാണ്ട് മാടായിപ്പാറയോട് സാമ്യമുള്ള മനോഹരയിടം.

കുന്നിൻ്റെ പടിഞ്ഞാറൻ ചെരുവിൽ നിന്ന് അറബിക്കടലും കിഴക്കൻ ചെരുവിൽ നിന്ന് പശ്ചിമഘട്ടവും നോക്കി, കേരളത്തിന്‍റെ വീതി കണ്ടറിയാമെന്നത് അടക്കം ഒരുപാട് കാര്യങ്ങളുണ്ടിവിടെ. സഞ്ചാരികൾക്ക് പെട്ടെന്ന് എത്തിപ്പെടാൻ പാകത്തിന് വഴികളോ അതിന്‍റേതായ റോഡുകളോ ഇല്ല എന്നത് ഒരു വെല്ലുവിളിയാണ്.

മഴക്കാലം തണ്ണൂപ്പാറയ്‌ക്ക് വശ്യമായൊരു ഭംഗി നല്‍കും. അഞ്ചടിയോളം മാത്രം ആഴമുള്ള ഇവിടുത്തെ തടാകത്തിലെ കുളി നല്ലൊരു അനുഭവമാണ്. ഈ കുന്നിൻ്റെ ഓരോ ചെരുവിലും ഓരോ കാവുകൾ ഉണ്ട്. ഒരുഭാഗത്ത് കീഴറ കൂലം. മറ്റൊരു ഭാഗത്ത് പ്രയാം കോട്ടം. വേറൊരു ഭാഗത്ത് നീലിയാർ കോട്ടം. തെയ്യക്കാവുകൾക്ക് ഒട്ടും പഞ്ഞമില്ല ഇവിടെ.

തണ്ണൂപ്പാറ കുന്നിൻ്റെ വടക്ക് കിഴക്കൻ താഴ്‌വാരമാണ് കീഴറയും വള്ളുവൻകടവും. കുന്നിൻ്റെ തെക്കൻ താഴ്‌വാര പ്രദേശമാണ് ചുണ്ടയും അവിടുത്തെ കുറുവക്കാവുമെല്ലാം. തണ്ണൂപ്പാറ കുന്നിൻ്റെ തെക്ക് കിഴക്കൻ താഴ്‌വാര പ്രദേശമാണ് പുഞ്ചവയലും ചെമ്മര വയലും. മൊട്ടമ്മൽ എന്ന പ്രദേശം തണ്ണൂപ്പാറ കുന്നിന് തെക്ക് ഭാഗത്തായ മറ്റൊരു ചെറിയ കുന്നിൻ പ്രദേശമാണ്.

ഈ കുന്നിൻ പ്രദേശങ്ങളും അതിന്‍റെ താഴ്വാരങ്ങളും പുഴയോരങ്ങളുമെല്ലാം നാട്ടുമാവുകളുടെ ഈറ്റില്ലങ്ങളാണ്. തണ്ണൂപ്പാറ തീ പുളിയൻ മുതൽ വള്ളുവൻകടവിലെ ഇരുന്നൂറോളം വർഷം പ്രായമുള്ള മുത്തശ്ശി കണ്ണപുരം മാവും ചുവന്ന് തുടുത്ത കണ്ണപുരം റെഡും, അതീവ രുചിയുള്ള സിന്ദൂര രേഖയും, പ്രകൃത്യാലുള്ള ക്രോസ് പോളിനേഷനിലൂടെ ഉരുത്തിരിഞ്ഞ നാരകം മാങ്ങ എന്ന പുതിയ ഇനവുമെല്ലാം ഇവിടെ മാത്രമുള്ളവയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here