താമരശ്ശേരി ചുരത്തിലൂടെ ചെറു വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ അനുമതി

0
45

കോഴിക്കോട്: പൂർണ്ണമായി ഗതാഗതം നിരോധിച്ച താമരശ്ശേരി ചുരത്തിലൂടെ ചെറുവാഹനങ്ങൾ കടത്തിവിടും. ഒരു ലൈൻ ആയിട്ടായിരിക്കും വാഹന ഗതാഗതം. ഭാരമേറിയ വാഹനങ്ങൾക്ക് പ്രവേശനമില്ല. അതെല്ലാം കുറ്റ്യാ ടി, നാടുകാണി ചുരം വഴി പോകണം. മഴയ്ക്ക് നേരിയ കുറവ് വന്ന സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചത്.

മഴ ശക്തമായാൽ വീണ്ടും ഗതാഗതം നിരോധിക്കേണ്ടി വരുമെന്ന് കോഴിക്കോട് ജില്ലാ കളക്‌ടർ പറഞ്ഞു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അടര്‍ന്നു നില്‍ക്കുന്ന പാറകള്‍ ഇനിയും റോഡിലേക്ക് വീഴാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് മുഴുവൻ സമയ നിരീക്ഷണം ഏര്‍പ്പെടുത്തും. റോഡില്‍ രാത്രികാലത്ത് ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗവും തഹസില്‍ദാറും ഉറപ്പാക്കും.

80 അടി മുകളിലാണ് മണ്ണിടിച്ചിലിന്‍റെ പ്രഭവ കേന്ദ്രമെന്ന് റവന്യൂ മന്ത്രി കെ രാജൻ വ്യക്തമാക്കിയിരുന്നു. പാറകള്‍ ബ്ലോക്കുകളായി ചിതറിയ നിലയിലാണുള്ളത്. താഴേക്കും പാറയിൽ പൊട്ടലുണ്ടോ എന്ന് പരിശോധിക്കണം. സോയില്‍ പൈപ്പിങ് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ മൂലം റോഡിന് കേടുപാടുകളോ ഭീഷണിയോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കെ രാജന്‍ വ്യക്തമാക്കിയിരുന്നു.

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി കുറ്റ്യാടി ചുരം പൂര്‍ണ ഗതാഗത സജ്ജമാക്കുക എന്ന നിലയിലാണ് നിലവില്‍ ക്രമീകരണങ്ങള്‍ നടപ്പാക്കുന്നത്. മഴ മാറിയ സാഹചര്യത്തിൽ വിദഗ്ധ പരിശോധനയുള്‍പ്പെടെ പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഇതിന് ശേഷം മാത്രമായിരിക്കും വാഹന ഗതാഗതം സംബന്ധിച്ച തുടര്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുക.

മണ്ണിടിച്ചിലിനെത്തുടർന്ന് ബുധനാഴ്‌ച രാത്രിയോടെ ഭാഗികമായി തുറന്ന ചുരം വീണ്ടും അടയ്‌ക്കേണ്ടിവന്നു. വയനാട് ചുരത്തിലെ വ്യൂ പോയിന്റിന് സമീപം വീണ്ടും കല്ലുകളും മരങ്ങളും പതിച്ചതിനെത്തുടർന്നാണ് ഗതാഗതം നിലച്ചത്. താമരശ്ശേരി ഡിവൈഎസ്‌പി സുഷീർ ആണ് ഗതാഗതം പൂർണമായി നിരോധിച്ച വിവരം അറിയിച്ചത്. അടിവാരത്തും ലക്കിടിയിലും വാഹനങ്ങൾ തടഞ്ഞിരുന്നു

ദുരിതനിവാരണ പ്രവർത്തനങ്ങൾ

റോഡിൽ നിന്ന് മണ്ണ് നീക്കം ചെയ്യാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. താമരശ്ശേരി തഹസിൽദാർ സി സുബൈറിൻ്റെ നേതൃത്വത്തിൽ പൊലീസ്, ഫയർ ആൻ്റ് റെസ്‌ക്യൂ ഉൾപ്പെടെയുള്ള ഏജൻസികൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്‌ടർ എം രേഖ, ഹസാഡ് അനലിസ്റ്റ് പി അശ്വതി, ജില്ലാ സോയിൽ കൺസർവേഷൻ ഓഫിസർ എം രാജീവ്, അസിസ്റ്റൻ്റ് ജിയോളജിസ്റ്റ് ദീപ എന്നിവരടങ്ങിയ സംഘം സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾ നിർദേശിച്ചിട്ടുണ്ട്. വലിയ പാറകൾ നീക്കം ചെയ്യേണ്ടതുകൊണ്ട് ഗതാഗതം സാധാരണ നിലയിലാകാൻ കൂടുതൽ സമയമെടുക്കുമെന്നും അധികൃതർ അറിയിച്ചു.

തുടരുന്ന ആശങ്കകൾ

വയനാട് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സണായ കലക്‌ടർ ഡിആർ മേഘശ്രീയും ഗതാഗത നിയന്ത്രണം തുടരുമെന്ന് അറിയിച്ചു. മഴയില്ലാതെയും മണ്ണിടിഞ്ഞത് അധികൃതർ അന്വേഷിക്കുന്നുണ്ട്. ദിവസങ്ങളോളം ഗതാഗത തടസ്സവും അവശ്യവസ്‌തുക്കളുടെ നീക്കത്തെയും ഇത് ബാധിക്കാൻ സാധ്യതയുണ്ട്. വിനോദസഞ്ചാര സീസണിൽ തിരക്കുള്ള സമയങ്ങളിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും 24 മണിക്കൂറും റിക്കവറി ക്രെയിൻ സൗകര്യം ഒരുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here