ഇസ്രായേലുമായുള്ള മൈക്രോസോഫ്റ്റിന്റെ ബന്ധത്തിൽ പ്രതിഷേധിച്ച്, പ്രസിഡണ്ടിന്റെ ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തിയ രണ്ട് ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടു. ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മൈക്രോസോഫ്റ്റ് പ്രസിഡണ്ട് ബ്രാഡ് സ്മിത്തിന്റെ ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തിയ അന്ന ഹട്ടിൽ , റിക്കി ഫമേലി എന്നിവരെയാണ് പിരിച്ചുവിട്ടത്. ഓഗസ്റ്റ് 27-നാണ് മൈക്രോസോഫ്റ്റ് പ്രസിഡണ്ടിന്റെ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടന്നത്. കമ്പനിയുടെ നയങ്ങളും പെരുമാറ്റച്ചട്ടവും ലംഘിച്ചതിനാണ് നടപടിയെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.
ബിസിനസ് പെരുമാറ്റച്ചട്ടം ലംഘിക്കുകയും എക്സിക്യൂട്ടീവ് ഓഫീസുകളിൽ നിയമവിരുദ്ധമായി അതിക്രമിച്ചു കയറുകയും കാമ്പസിൽ മറ്റ് പ്രകടനങ്ങളിൽ പങ്കെടുക്കുകയും ചെയ്തതിന്റെ പേരിൽ അന്ന ഹട്ടിൽ രണ്ട് തവണ കമ്പനി പരിസരത്ത് വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. റിക്കി ഫമേലി, എക്സിക്യൂട്ടീവ് ഓഫീസിൽ അതിക്രമിച്ചു കയറിയതിൽ പങ്കാളിയാവുകയും പിന്നീട് അറസ്റ്റിലാവുകയും ചെയ്തു. എക്സിക്യൂട്ടീവ് ഓഫീസുകളിൽ അതിക്രമിച്ചു കയറിയെന്നത് അംഗീകരിക്കാനാകാത്ത തെറ്റാണെന്ന് മൈക്രോസോഫ്റ്റ് വക്താവ് അറിയിച്ചു. ജീവനക്കാരിൽ നിന്ന് കമ്പനി പ്രതീക്ഷിക്കുന്ന കാര്യങ്ങൾക്ക് വിരുദ്ധമാണ് ഈ സംഭവങ്ങൾ.
ഇസ്രായേൽ സൈനിക നിരീക്ഷണ ഏജൻസി മൈക്രോസോഫ്റ്റിൻ്റെ അസൂർ ക്ലൗഡ് (Azure cloud) സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നുണ്ടെന്ന് ദി ഗാർഡിയൻ, +972 മാഗസിൻ, ലോക്കൽ കോൾ എന്നിവരടങ്ങിയ സംയുക്ത മാധ്യമ അന്വേഷണം റിപ്പോർട്ട് ചെയ്തിരുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം നടന്നത്. വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും പലസ്തീനികളുടെ ഫോൺ വിളികളുടെ റെക്കോർഡിംഗുകൾ സംഭരിക്കുന്നതിനും പലസ്തീനികളെ നിരീക്ഷിക്കുന്നതിനും ഏജൻസി അസൂർ ഉപയോഗിച്ചുവെന്ന് അന്വേഷണത്തിൽ പരാമർശിക്കുന്നു.
ഇസ്രായേലുമായുള്ള ബന്ധം മൈക്രോസോഫ്റ്റ് വിച്ഛേദിക്കണമെന്നും പലസ്തീനികൾക്ക് നഷ്ടപരിഹാരം നൽകണമെന്നുമാണ് പ്രതിഷേധിക്കുന്നവരുടെ ആവശ്യം. സ്വന്തം തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ചാണ് മൈക്രോസോഫ്റ്റ് ഇസ്രായേലിനെ സഹായിക്കുന്നതെന്നും, കൂട്ടക്കൊല നടത്താൻ ആവശ്യമായ ഉപകരണങ്ങൾ മൈക്രോസോഫ്റ്റ് നൽകുന്നത് തുടരുകയാണെന്നും അവർ ആരോപിച്ചു. എല്ലാവരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തെ തങ്ങൾ മാനിക്കുന്നുണ്ടെന്നും എന്നാൽ അത് നിയമപരമായിരിക്കണമെന്നും മൈക്രോസോഫ്റ്റ് പ്രസിഡൻ്റ് ബ്രാഡ് സ്മിത്ത് പ്രതികരിച്ചു.
മൈക്രോസോഫ്റ്റിനെതിരെ വേറെയും നിരവധി സമരങ്ങൾ ഗാസ പ്രശ്നത്തിനു ശേഷം നടന്നിരുന്നു. ഏപ്രിൽ മാസത്തിൽ സമാനമായ പ്രതിഷേധത്തെ തുടർന്ന് രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. യുഎസ്സിലെ വിവിധ സർവ്വകലാശാലകളിലും ഇസ്രായേലുമായുള്ള ബന്ധത്തിൽ വ്യാപകമായ പ്രതിഷേധം നടക്കുന്നുണ്ട്. കമ്പനി അന്വേഷണം തുടരുകയാണ്. നിയമ നിർവ്വഹണവുമായി പൂർണ്ണമായി സഹകരിക്കുന്നു- മൈക്രോസോഫ്റ്റ് വക്താവ് അറിയിച്ചു.









