തുന്പ വിഷഹാരി, വേദനസംഹാരി

0
71

തേള്‍ കുത്തിയാലുടന്‍ തുന്പച്ചാറില്‍ അല്പം ചുണ്ണാന്പു ചാലിച്ച് പുരട്ടിയാല്‍ വിഷവും വേദനയും ശമിക്കും. കുത്തേറ്റ ഭാഗത്ത് തുന്പയില തുടര്‍ച്ചയായി അരച്ചുതേയ്ക്കുകയോ ഇലനീര്‍ തോരെത്തോരെ പുരട്ടുകയോ ചെയ്താലും വിഷം ശമിക്കും. തുന്പപ്പൂക്കുലയോടൊപ്പം കൃഷ്ണതുളസിയിലയും ചെമന്നുള്ളിയും സമം എടുത്ത് ഗോമൂത്രത്തില്‍ അരച്ചു പുരട്ടുകയും ആര്യവേപ്പിന്‍തൊലിയും കുരുമുളകും പുളിച്ച പശുവിന്‍മോരില്‍ അരച്ചുകലക്കി, തിളപ്പിച്ച്, സഹിക്കാവുന്ന ചൂടില്‍ കോള്‍വായില്‍ ധാര കോരുകയും ചെയ്താല്‍ തേള്‍വിഷവും വേദനയും മാറും. പഴുതാരവിഷം ശമിക്കാന്‍ പഴുത്ത പ്ലാവിലഞെട്ട് തുന്പച്ചാറില്‍ അരച്ചുതേയ്ക്കുകയോ തുന്പയില ഗോമൂത്രത്തില്‍ അരച്ചുപുരട്ടുകയോ ചെയ്യുക. പാന്പുകടിച്ചാല്‍ കുറെ തുന്പയില ചവച്ചരച്ചു തിന്നുകയും കടിയേറ്റ സ്ഥലത്തിനുമുകളില്‍ കെട്ടിയ ശേഷം വിഷരക്തം ഞെക്കിക്കളഞ്ഞു കഴുകി ശുദ്ധിയാക്കി തുന്പയില അരച്ചു പുരട്ടുന്നത് ഏറെ ഗുണംചെയ്യും. അണലിയാണു കടിച്ചതെങ്കില്‍ മുകളില്‍ കൊടുത്തിരിക്കുന്ന പ്രഥമശുശ്രൂഷ ചെയ്തശേഷം വിഷഹാരിയെ സമീപിക്കുന്നതിനുമുന്പ് തുന്പ സമൂലം ഇടിച്ചുപിഴിഞ്ഞ് കുരുമുളകുചേര്‍ത്തു കുടിപ്പിക്കുക.

തുന്പയില കാടിയിലോ പച്ചവെള്ളത്തിലോ അരച്ചു നെറ്റിയില്‍ നന്നായി പൂശിയാല്‍ തലവേദന മാറും. തുന്പനീരില്‍ കടല്‍നുര പൊടിച്ചിട്ടുതേനും എണ്ണയും ചേര്‍ത്തു വായിലൊഴിച്ചു കവിള്‍ക്കൊണ്ടാല്‍ പല്ലുവേദന ശമിക്കും. വലതുചെന്നിയിലെ കൊടിഞ്ഞിക്ക് (സൂര്യാവര്‍ത്തനം) ഇടതുകാലിലെ തള്ളവിരലിലും ഇടതുചെന്നിയിലേതിന് വലതുകാലിലെ തള്ളവിരലിലും നഖത്തിലും നഖത്തിനുചുറ്റും സൂര്യോദയത്തിനു മുന്പു തുടങ്ങി തുന്പനീര് വറ്റുന്നതനുസരിച്ചു തുടര്‍ച്ചയായി മൂന്നുദിവസം ഒഴിച്ചു നിര്‍ത്തുക.

ജലദോഷത്തിനും പനിക്കും തുന്പ

ജലദോഷം മാറാന്‍ തുന്പയിലയും തുളസിയിലയും വെള്ളത്തിലിട്ടു തിളപ്പിച്ച് ആവി ശ്വസിക്കുകയും മൂക്കടപ്പുണ്ടെങ്കില്‍ ഏതാനും തുള്ളി തുന്പയിലനീരു നസ്യംചെയ്യുകയും കുഞ്ഞുങ്ങള്‍ക്ക് ഏതാനും തുള്ളി ഉച്ചിയില്‍ ഒഴിക്കുകയും ചെയ്യുക. സാധാരണ പനി ശമിക്കാന്‍ ചെന്തെങ്ങിന്‍റെ ഒരു തുടം കരിക്കിന്‍വെള്ളത്തില്‍ രണ്ട് ഔണ്‍സ് തുന്പപ്പൂവ് അരച്ചുകലക്കി സേവിക്കുക. തുന്പയുടെയും തുളസിയുടെയും പൂങ്കുലകള്‍ അരച്ചു ശര്‍ക്കരയില്‍ സേവിച്ചാലും ജ്വരം ശമിക്കും (യോഗാമൃതം). തുന്പയിലനീരില്‍ കുരുമുളകു മേന്പൊടി ചേര്‍ത്തു സേവിക്കുന്നതു മലന്പനിക്കു നല്ലതാണ്. രാപ്പനി മാറാനും കുട്ടികളുടെ തുള്ളള്‍പനിക്കും തുന്പപ്പൂവും പശുവില്‍പാലും ചേര്‍ത്ത് പൊടിയരിയിട്ടു കഞ്ഞിവച്ചുകൊടുക്കുക (ചികിത്സാമഞ്ജരി). മൂപ്പെത്താത്ത തുന്പച്ചെടിയും തുന്പപ്പൂവും കഷായമാക്കി കറന്നെടുത്ത ചൂടുള്ള പാലില്‍ കലര്‍ത്തിക്കൊടുത്താല്‍ ഒന്നരാടന്‍പനി ശമിക്കും.

ഉദരരോഗങ്ങള്‍ക്കും സ്ത്രീരോഗങ്ങള്‍ക്കും പ്രതിവിധി

തുന്പയുടെ ഇലനീര് 30 മില്ലി വീതം അതിരാവിലെ പതിവായി കുടിച്ചു കൊണ്ടിരുന്നാല്‍ ഗ്യാസട്രബിള്‍ ഇല്ലാതാകും. സാധാരണ വയറ്റുവേദന മാറാന്‍ തുന്പച്ചാറില്‍ പച്ചെണ്ണ ചേര്‍ത്തു സേവിക്കുകയോ തുന്പയിലതോരന്‍ വച്ചുകഴിക്കുകയോ ചെയ്യുക, ദഹനക്കേടിനും സ്ത്രീകള്‍ക്കുണ്ടാകുന്ന വേദനയോടുകൂടിയ ഗുന്മത്തിനും ഇതു പരിഹാരമാണ്. തുന്പപ്പൂവും മുത്തങ്ങാക്കിഴങ്ങും പാലിലിട്ടു കാച്ചിക്കൊടുത്താന്‍ കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന പല ഉദരരോഗങ്ങളും ശമിക്കും സുഖവിരേചനയുമുണ്ടാകും. വയറിളക്കാന്‍ തുന്പപ്പൂവരച്ച് കറന്നു ചൂടാറാത്ത പാലില്‍ സേവിക്കുക. ഇക്കിള്‍രോഗം മാറാന്‍ തുന്പപ്പൂവിട്ട ആട്ടില്‍പാല്‍ കാച്ചിക്കുടിക്കുക. തുന്പവേരും ജീരകവും അരച്ച് ചൂടുവെള്ളത്തില്‍ കഴിച്ചാല്‍ പെട്ടെന്നുതന്നെ വയറുവേദന വിട്ടുമാറും (ചികിത്സാമഞ്ജരി). പ്രസവിച്ച സ്ത്രീകള്‍ക്ക് മൂന്നുദിവസത്തേക്ക് ഗര്‍ഭാശയശുദ്ധിക്കായി തുന്പച്ചാറ് ചക്കരചേര്‍ത്ത് കുറുക്കിക്കൊടുക്കുന്നത് ഉത്തമമാണ്. ഇതോടൊപ്പം തുന്പയിട്ടുവെന്ത വെള്ളത്തില്‍ ഒരാഴ്ച കുളിച്ചാല്‍ രോഗാണുബാധ ഒഴിവാകും. വയര്‍ ശുദ്ധമാകാന്‍ തുന്പ സമൂലം ഇടിച്ചുപിഴിഞ്ഞെടുത്ത നീരു സേവിക്കുന്നതും നന്ന്. മാസമുറക്കാലത്തെ ഉദരവ്യഥയ്ക്ക് തുന്പയിലയും ചുക്കും ഉണ്ടശര്‍ക്കരയും കൂടി ഇടിച്ചു 10 ഗ്രാം വീതം രാവിലെയും വൈകിട്ടും സേവിക്കുക, കൂടാതെ തുന്പയിലയോടൊപ്പം വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചുപിഴിഞ്ഞെടുക്കുന്ന നീരില്‍ ഇന്തുപ്പും കായവും പൊടിച്ചുചേര്‍ത്ത് 20 മില്ലിവീതം കഴിക്കുന്നത് അതിവിശേഷമാണ്.

തുന്പ ബഹുവിധ രോഗ ചികിത്സയില്‍

കണ്ണിലെ മുറിവുകള്‍ കരിയാന്‍ അരിച്ചെടുത്ത തുന്പയിലനീര് രണ്ടു തുള്ളിവീതം കണ്ണിലൊഴിക്കുക, തുന്പപ്പൂ ചതച്ച് ഇന്തുപ്പുകൂട്ടി പിഴിയുന്നതും നല്ലതാണ്. കുട്ടികളുടെ കരപ്പന്‍ മാറാന്‍ തുന്പയില വെളിച്ചെണ്ണയില്‍ കാച്ചി തേയ്ക്കുക. തുന്പവേരു കഷായം, വാതത്തിനും ആസ്മയ്ക്കും ഫലപ്രദമായ ഔഷധമാണ്. തുന്പയില അരച്ചു നെല്ലിക്കാ വലുപ്പത്തില്‍ ഉരുട്ടി കാച്ചാത്ത പാലില്‍ കലക്കി ഏതാനും ദിവസം അതിരാവിലെ കഴിച്ചു പഥ്യം നോക്കുകയും ഇലനീരു കൊണ്ട് കണ്ണെഴുതുകയും ചെയ്താല്‍ സാധാരണ മഞ്ഞപ്പിത്തം ശമിക്കും.

നീരു വലിയാന്‍ തുന്പയില അരച്ചു നീരുള്ള ഭാഗത്ത് കട്ടിയായി പൂശുക. തുന്പയിലനീര്‍ തുടര്‍ച്ചയായി പുരട്ടിയാല്‍ ചുണങ്ങുമാറും. തലയില്‍ വട്ടംവട്ടമായി രോമം പോയാല്‍ ആ ഭാഗം ശുദ്ധിചെയ്ത പേനാക്കത്തി കൊണ്ടോ പനയോല കൊണ്ടോ ചുരണ്ടിയ ശേഷം തുന്പയില അരച്ചതും ചുണ്ണാന്പും ചേര്‍ത്തു പുരട്ടി ഒരു മണിക്കൂറിനുശേഷം കഴുകിക്കളയുക. മൂന്നുദിവസം ഈ ഔഷധപ്രയോഗം നടത്തിയാല്‍ രണ്ടാഴ്ച കഴിയുന്പോള്‍ നല്ല രോമം കിളിര്‍ക്കും. പ്രമേഹക്കരുക്കള്‍ ശമിക്കാന്‍ തുന്പപ്പൂവും എള്ളും പാലില്‍ പുഴുങ്ങി വെണ്ണയുമായി തേയ്ക്കുക (യോഗാമൃതം). തുന്പത്തളിരിട്ട മൂപ്പിച്ച വെളിച്ചെണ്ണയോ നെയ്യോ പുരട്ടിയാല്‍ കുഴിനഖം മാറും. അഞ്ചുമുതല്‍ 15 തുള്ളിവരെ തുന്പപ്പൂനീര് ഇരട്ടി തേനും അല്പം പൊന്‍കാരം വറുത്തതും ചേര്‍ത്തു സേവിച്ചാല്‍ മൂക്കിലും തൊണ്ടയിലും ഉണ്ടാകുന്ന പഴുപ്പും ചുമയും ശമിക്കും. തുന്പപ്പൂക്കള്‍ ഭക്ഷിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കും. തുന്പ സമൂലം അരച്ചു കഞ്ഞിവച്ചു ശീലിച്ചാല്‍ ലണി വീര്‍പ്പു നിശേഷം ശമിക്കും. തുന്പയുടെ വേരും ഇലയും വായിലിട്ടു ചവച്ചശേഷം കണ്ണില്‍ ഊതിയാല്‍ പല നേത്രരോഗങ്ങള്‍ക്കും ശമനമുണ്ടാകും. തുന്പപ്പൂ പാലിലരച്ചു നാഭിയില്‍ ലേപനം ചെയ്യുന്നത് കല്ലടപ്പിനു പ്രതിവിധിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here