കരി പിടിച്ച പാത്രം എത്ര ഉരച്ചിട്ടും രക്ഷയില്ലേ? എങ്കില്‍ ഞൊടിയിടയില്‍ പാത്രം വൃത്തിയാക്കുന്ന ഈ ട്രിക്ക് ഒന്ന് പരീക്ഷിച്ചു നോക്കൂ.
നമ്മളില്‍ പലരും അടുപ്പില്‍ എന്തെങ്കിലുമൊക്കെ തിളയ്ക്കാന്‍ വച്ചിട്ട് മറന്നു പോകുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറില്ലേ? ഓര്‍മ്മ വരുമ്പോഴേക്കും വെള്ളമെല്ലാം വറ്റി പാത്രത്തിന്‍റെ അടിഭാഗം കഴിഞ്ഞിട്ടുമുണ്ടാകും. പിന്നീട് ആ പാത്രം എങ്ങനെ വൃത്തിയാക്കുമെന്ന ചിന്തയിലായിരിക്കും. എത്ര പെടാപ്പാട്ട് ഉരച്ചാലും യാതൊരു രക്ഷയുമുണ്ടാവാറില്ല. ദിവസേന ഉരച്ചിട്ടായിരിക്കും ഈ കരി മുഴുവനായും പോകുന്നത്. എന്നാല്‍ പാത്രത്തിനടിയില്‍ കരിപിടിച്ചാല്‍ കളയാന്‍ ചില എളുപ്പവഴികളുണ്ട്.
1. കരിഞ്ഞുപോയ പാത്രത്തിൽ അല്പം ബേക്കിങ് സോഡ വിതറുക അല്പനേരത്തിന് ശേഷം അതേ അളവിൽ ഉപ്പിടണം. മുപ്പത് മിനുറ്റു കഴിഞ്ഞാല്‍ ഒരു സ്ക്രബര്‍ കൊണ്ട് നന്നായി ഉരച്ചുകഴുകാം. പാത്രത്തിലെ കരി പോകും.
2. ഒരു ചെറുനാരങ്ങയുടെ നീര് പാത്രത്തിലേക്ക് ഒഴിച്ചു വയ്ക്കണം. ഇതിന് ശേഷം അതിലേക്ക് ഒരു ടീസ്‌പൂണ്‍ ഉപ്പും ചേര്‍ത്ത് ഒരു മണിക്കൂര്‍ മാറ്റിവയ്ക്കാം. ശേഷം ചെറുനാരങ്ങയുടെ തൊലി ഉപയോഗിച്ച് നന്നായി ഉരയ്ക്കുക. ഇതിന് ശേഷം സ്ക്രബര്‍ കൊണ്ട് ഉരച്ചു കഴുകാം. പാത്രം വൃത്തിയാകും.
3. പാത്രത്തിലേക്ക് ഒരു സ്‌പൂണ്‍ വിനാഗിരിയൊഴിച്ച് രണ്ടുമണിക്കൂർ വെക്കുക. കുറച്ച് സമയത്തിനുള്ളില്‍ കരിയെല്ലാം ഇളകി വരുന്നത് കാണാം.
4. കരി കൂടുതലുണ്ടെങ്കില്‍ അതിന് മുകളിലേക്ക് ബേക്കിങ് സോഡ തൂവുക. ശേഷം ഇതിലേക്ക് ചെറുനാരങ്ങയുടെ നീര് ഒഴിച്ച് സ്ക്രബര്‍ ഉപയോഗിച്ച് ഉരച്ച് കഴുകാം.
5. കരിഞ്ഞ കുക്കറോ പാത്രമോ എന്തുമാകട്ടെ ആദ്യം അതിലേക്ക് ഡിഷ് വാഷും അല്പം വെള്ളവും രണ്ട് സ്പൂണ്‍ ഉപ്പും ചേര്‍ത്ത് മൂന്ന് മണിക്കൂറെങ്കിലും വയ്ക്കാം. ശേഷം സ്‌ക്രബര്‍ ഇട്ട് കഴുകിയെടുക്കാം.
6. കരിഞ്ഞ പാത്രത്തിലേക്ക് അൽപം വിനാഗിരിയും വെള്ളവും ചേർത്ത് അടുപ്പിൽ വച്ച് തിളപ്പിക്കാം. വിനാഗിരിയും വെള്ളവും തിളച്ച് തുടങ്ങുമ്പോൾ അടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കറ ഇളകി പോകുന്നതായി കാണാം.
7. കരിഞ്ഞ പാത്രം പത്ത് മിനിറ്റ് വെള്ളത്തിലിട്ട് വയ്ക്കുക. ഇതിലേക്ക് അല്പം നാരങ്ങനീരും ഉപ്പും ചേര്‍ത്ത് പാത്രത്തില്‍ തേച്ച് പിടിപ്പിക്കണം. ഇതിന് ശേഷം ഡിഷ്‌വാഷ് ഉപയോഗിച്ച് കഴുകാം. പാത്രം വെട്ടിത്തിളങ്ങും.
8. കരിഞ്ഞ പാത്രത്തിലേക്ക് അല്പം വെള്ളവും ഒന്നര സ്പൂണ്‍ സോപ്പ് പൊടിയും ചേര്‍ത്ത് നന്നായി തിളപ്പിക്കാം. പത്ത് മിനിറ്റ് തണുപ്പിച്ചതിന് ശേഷം ആ വെള്ളം മാറ്റി അതിലേക്ക് ഒന്നര ടീസ്‌പൂണ്‍ ലിക്വിഡ് ഡിഷ്‌വാഷും ഒന്നര ടീസ്പൂണ്‍ ബേക്കിങ് സോഡയും ഉപ്പും ചേര്‍ത്ത് യോജിപ്പ് നന്നായി സ്‌ക്രബര്‍ ഉപയോഗിച്ച് ഉരച്ച് കഴുകാം.
9. കാല്‍കപ്പ് വെള്ളവും ചെരുനാരങ്ങ മുറിച്ചതും ചേര്‍ത്ത് കരിപിടിച്ച പാത്രം നന്നായി തിളപ്പിക്കുക. ഇറക്കി വച്ചതിന് ശേഷം ചൂടില്‍ തന്നെ ഒരു സ്‌പൂണ്‍ ഉപയോഗിച്ച് കരി ഇളക്കി കൊടുക്കാം. ഇങ്ങനെ മുഴുവന്‍ കരിയും ഇളകി വരും. ശേഷം ചൂട് മാറി കഴിഞ്ഞാല്‍ ഉരച്ച് കഴുകാം.







