തിരുവനന്തപുരം: ജൂനിയർ ഡോക്ടർമാരുടെ തസ്തിക നിർണയിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. എൻഎച്ച്എം ഡോക്ടർമാരുടെ അതേ സേവന വ്യവസ്ഥകളായിരിക്കും ഉത്തരവു പ്രകാരം ജൂനിയർ ഡോക്ടർമാർക്കും ലഭിക്കുക. ഇന്നു മുതൽ ജൂനിയർ ഡോക്ടർമാരുടെ മുടങ്ങിക്കിടക്കുന്ന ശന്പളം വിതരണം ചെയ്യാനും സർക്കാർ ഉത്തരവായിട്ടുണ്ട്.
ആയിരത്തിലേറെ ജൂനിയർ ഡോക്ടർമാരെയാണ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ നിയോഗിച്ചത്. ഇവർക്കു പ്രതിമാസം 42,000 രൂപ വീതം വേതനം നൽകുന്നതിനു 13.33 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ വ്യക്തമായിരുന്നു. എങ്കിലും ഇവർക്കു ശമ്പളം നൽകിയിരുന്നില്ല. തുടർന്ന് ഇവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കോവിഡ് പ്രതിരോധത്തിന്റെ പേരിൽ ചൂഷണം നേരിടുകയാണെന്നും തസ്തികയും സേവന വ്യവസ്ഥകളും നിർണയിക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു കോടതിയെ സമീപിച്ചത്. ഇതിനു പിന്നാലെയാണ് സർക്കാർ നടപടി.