റെഡ് ക്രസന്റിനെ ലൈഫ് പദ്ധതിയില്‍ലേക്ക് കൊണ്ടുവന്നത് ശിവശങ്കർ; നടപടി വേഗത്തിലാക്കാനും ഇടപെട്ടു

0
80

പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് സഹായം വാഗ്ദാനം ചെയ്ത യുഎഇയിലെ റെഡ് ക്രസന്റിനെ ലൈഫ് പദ്ധതിയിലേക്ക് കൊണ്ടുവന്നത് എം.ശിവശങ്കര്‍. സഹായം വാഗ്ദാനം ചെയ്ത് റെഡ് ക്രസന്റ് അയച്ച ഇ-മെയില്‍ ശിവശങ്കര്‍ തദ്ദേശസ്വയം ഭരണവകുപ്പിന് കൈമാറുകയായിരുന്നു. പിന്നീടാണ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന് ശിവങ്കര്‍ ഇടപെട്ടത്.

പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് സഹായം തേടി മുഖ്യമന്ത്രിയും സംഘവും നടത്തിയ യുഎഇ സന്ദര്‍ശനത്തിലായിരുന്നു റെഡ് ക്രസന്റിന്റെ പിന്തുണ അഭ്യര്‍ഥിച്ചത്. തുടര്‍ന്ന് റെഡ് ക്രസന്റ് സഹായം വാഗ്ദാനം ചെയ്തു. ആരോഗ്യമേഖലയിലും പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലുമായിരുന്നു സഹായ വാഗ്ദാനം. പ്രളയബാധിതരെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ റെഡ് ക്രസന്റിന്റെ സഹായം ആ വഴിക്ക് തിരിച്ചുവിടാമെന്ന നിര്‍ദേശം ശിവശങ്കര്‍ മുന്നോട്ടുവച്ചു. സഹായം വാഗ്ദാനം ചെയ്ത് അവര്‍ അയച്ച ഇ-മെയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറുകയും ചെയ്തു. തുടര്‍ന്ന് തദ്ദേശവകുപ്പില്‍ ഇത് ഫയലാക്കുകയും തുടര്‍നടപടിയെടുക്കുകയുമായിരുന്നു.

ഇതിനു പിന്നാലെയാണ് ഈ ഫയല്‍ വേഗം പരിശോധിച്ചു കൈമാറണമെന്ന് നിയമ സെക്രട്ടറിയോട് ശിവശങ്കര്‍ ആവശ്യപ്പെട്ട പ്രകാരം തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ പത്തിന് വൈകിട്ടെത്തിയ ഫയല്‍ പരിശോധിച്ച് പിറ്റേന്നുതന്നെ നിയമസെക്രട്ടറി തിരിച്ചു നല്‍കി. നേരത്തെ ലൈഫ് പദ്ധതി സിഇഒ ആയിരുന്ന ശിവശങ്കര്‍ ആ താല്‍പര്യ പ്രകാരം റെഡ് ക്രസന്റിന്റെ സഹായം വഴിതിരിച്ചു വിട്ടെന്നായിരുന്നു തദ്ദേശസ്വയംഭരണവകുപ്പിലെ ഉന്നതര്‍ കരുതിയത്.

സാമൂഹ്യപ്രതിബദ്ധത മുന്‍നിര്‍ത്തി കോര്‍പറേറ്റുകള്‍ നീക്കിവയ്ക്കുന്നതുക ലൈഫ് പദ്ധതിയിലേക്ക് ലഭിക്കുമോയെന്ന് തദ്ദേശസ്വയംഭരണവകുപ്പും ലൈഫ് മിഷനും അന്വേഷിച്ചുകൊണ്ടിരുന്ന സമയവുമായിരുന്നു അത്. ഒടുവില്‍ വടക്കാഞ്ചേരിയില്‍ 20 കോടിരൂപ ചെലവില്‍ 140 വീടുകള്‍ വച്ചു നല്‍കുന്നതിനുള്ള ധാരണാപത്രത്തില്‍ റെഡ് ക്രസന്റും സര്‍ക്കാരും ഒപ്പിടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here