നിപ പ്രതിരോധം; കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ശബരിമല തീര്‍ത്ഥാടനം പാടില്ലെന്ന് നിർദേശം.

0
56

നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ശബരിമല തീര്‍ത്ഥാടനം പാടില്ലെന്നാണ് നിർദേശം. കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട പ്രദേശം ശബരിമല തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കരുത്. പനി, ജലദോഷം, ശ്വാസകോശ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ യാത്ര ഒഴിവാക്കണം. മറ്റ് രോഗ ബാധിതര്‍ അനുബന്ധ ചികിത്സ രേഖകള്‍ കൈയില്‍ കരുതണമെന്നും മാര്‍ഗനിര്‍ദ്ദേശത്തിൽ വ്യക്തമാക്കുന്നു.

നിപയെ തുടർന്ന് കോഴിക്കോട് പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ്‌ സോണുകളിൽ ഇളവ് വരുത്തിയിട്ടുണ്ട്. കടകമ്പോളങ്ങൾ രാത്രി 8 മണി വരെ തുറന്ന് പ്രവർത്തിക്കാമെന്നും ബാങ്കുകൾ ഉച്ചയ്ക്ക് രണ്ടുമണിവരെ പ്രവർത്തിക്കാമെന്നും ജില്ലാഭരണകൂടം അറിയിച്ചു. മറ്റുനിയന്ത്രണങ്ങൾ തുടരും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട് ഇതുവരെ പരിശോധിച്ച എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവാണ്. അതുകൊണ്ടാണ് കണ്ടെയ്ന്‍മെന്റ്‌ സോണുകളിൽ ഇളവു വരുത്തിയത്.

വടകര താലൂക്കിലെ കുറ്റ്യാടി, കായക്കൊടി, വില്യപ്പള്ളി, കാവിലുംപാറ പുറമേരി, ചങ്ങോരത്ത്, ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ തുടങ്ങിയ പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ്‌ സോണുകളായി പ്രഖ്യാപിച്ചിരുന്നു. ഈ സ്ഥലങ്ങളിലെ നിയന്ത്രണങ്ങൾക്കാണ് ഇളവ് വരുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് പുതുതായി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. എങ്കിലും നിരന്തരം വീക്ഷിച്ച് പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടി സ്വീകരിക്കണം. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്പര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്, തൃശൂര്‍, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

LEAVE A REPLY

Please enter your comment!
Please enter your name here