എഡിജിപി എംആർ അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി എംഎൽഎ പിവി അൻവർ. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ പ്രതികളായ സോളാർ കേസ് അട്ടിമറിച്ചത് എംആർ അജിത് കുമാർ ആണെന്നും അദ്ദേഹത്തിന് അനധികൃത സ്വത്ത് സമ്പാദനം ഉണ്ടെന്നും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളുമായാണ് ഇക്കുറി അൻവർ രംഗത്ത് വന്നിരിക്കുന്നത്. ഇന്ന് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിനാണ് അൻവർ ഇക്കാര്യങ്ങൾ ആരോപിച്ചത്.
പ്രമുഖ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ പ്രതികളായിരുന്ന സോളാര്‍ കേസ് അട്ടിമറിച്ചത് എംആര്‍ അജിത് കുമാര്‍ ആണെന്നും അതിലൂടെ കേരള ജനതയെ അദ്ദേഹം വഞ്ചിച്ചുവെന്നും പിവി അന്‍വര്‍ വാർത്താ സമ്മേളനത്തിൽ. പേര് വെളിപ്പെടുത്താന്‍ കഴിയാത്ത ഉന്നത ഉദ്യോഗസ്ഥന്‍ തനിക്ക് അയച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ഉന്നയിക്കുന്നതെന്നും പറഞ്ഞ അൻവർ ഈ സന്ദേശം മാധ്യമങ്ങളെ കേൾപ്പിക്കുകയും ചെയ്‌തു.
തിരുവനന്തപുരം നഗരത്തിലെ തന്നെ ഏറ്റവും വിലകൂടിയ ഭാഗത്ത് അജിത്കുമാർ ഭൂമി വാങ്ങിയെന്നും അവിടെ ആഡംബര വീട് നിർമ്മിക്കുന്നുണ്ടെന്നും അൻവർ പറയുന്നു. കവടിയാര്‍ കെട്ടാരത്തിന്റെ കോമ്പൗണ്ടിലാണ് സ്ഥലം വാങ്ങിയത്. 10 സെന്റ് അജിത് കുമാറിന്റെ പേരിലും 12 സെന്റ് അദ്ദേഹത്തിന്റെ അളിയന്റെ പേരിലുമാണ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. 12,000 സ്ക്വയര്‍ ഫീറ്റ് വീടാണ് നിര്‍മ്മിക്കുന്നുണ്ടെന്നാണ് വിവരം.
60 ലക്ഷം രൂപ വരെയാണ് ഇവിടെ സെന്റിന് വിലയെന്നും അൻവർ ചൂണ്ടിക്കാട്ടി. ലുലു ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ എംഎ യൂസഫലിയുടെ വീടിനോട് ചേർന്നാണ് ഇതെന്നും അൻവർ പറഞ്ഞു. ‘കേരള ചരിത്രത്തില്‍ ഇടതുപക്ഷം ഏറ്റവും ശക്തമായ സമരം നടത്തിയ കേസായിരുന്നു സോളാര്‍ കേസ്. അതെങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ എന്നോട് വെളിപ്പെടുത്തി. പാര്‍ട്ടിയേയും മുന്നണിയേയും പൊതുസമൂഹത്തേയും നന്നായി വഞ്ചിച്ച് കേസ് അട്ടിമറിച്ചു എന്നാണ് വെളിപ്പെടുത്തിയത്. അതിന്റെ പ്രധാന ഉത്തരവാദി എംആര്‍ അജിത് കുമാറാണെന്നാണ് അദ്ദേഹം പറയുന്നത്’ അൻവർ പറയുന്നു.