ഇനി എടിഎമ്മിലൂടെ പണം എടുക്കാൻ മാത്രമല്ല ബാങ്ക് അക്കൗണ്ട് തുറക്കാനും ലോണിനായി അപേക്ഷിക്കാനും ആകും. നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) സഹകരിച്ച് ഇന്ത്യയിലെ ആദ്യത്തെ ആൻഡ്രോയിഡ് അധിഷ്ഠിത ക്യാഷ് റീസൈക്ലിംഗ് മെഷീൻ പുറത്തിറക്കുകയാണ് ഹിറ്റാച്ചി. ഹിറ്റാച്ചി പേയ്‌മെൻ്റ് സർവീസസ് ആണ് ഇക്കാര്യം അറിയിച്ചത്.
ഒറ്റത്തവണ സേവനങ്ങൾ നൽകുന്ന ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റായും ക്യാഷ് റീസൈക്ലിംഗ് മെഷീൻ ഇനി പ്രവർത്തിക്കും.ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയായിരിക്കും ക്യാഷ് റീസൈക്ലിംഗ് മെഷീൻ പ്രവർത്തിക്കുക.
ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റ് ഡിജിറ്റൽ ബാങ്കിംഗ് ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകും. നിലവിലുള്ള സാമ്പത്തിക ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഡിജിറ്റലായി സേവനം നൽകും.
എന്തൊക്കെ സേവനങ്ങൾ ലഭിക്കും?
ക്യുആർ അടിസ്ഥാനമാക്കിയുള്ള യുപിഐ സംവിധാനത്തിലൂടെ ക്യാഷ് പിൻവലിക്കലും ക്യാഷ് ഡെപ്പോസിറ്റും സാധ്യമാണ്. അക്കൗണ്ട് തുറക്കൽ, ക്രെഡിറ്റ് കാർഡ് വിതരണം, വ്യക്തിഗത വായ്പകൾ എന്നിവയും സാധ്യമാകും., ഇൻഷുറൻസ്, എംഎസ്എംഇ ലോണുകൾ, ഫാസ്ടാഗ് ആപ്ലിക്കേഷൻ എന്നിവയും ലഭിക്കുമെന്ന് ഹിറ്റാച്ചി പേയ്‌മെൻ്റ് സർവീസസ് പറഞ്ഞു.
രാജ്യത്തെ എടിഎം സംവിധാനത്തിൽ വൻ മാറ്റങ്ങൾ വരുത്തുന്ന പദ്ധതികൾക്ക് മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ തുടക്കമിട്ടു. ഉപഭോക്താക്കൾക്ക് എടിഎമ്മുകളിലൂടെ കാർഡ് ഇല്ലാതെ തന്നെ തങ്ങളുടെ സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്കോ മറ്റ് ഏതെങ്കിലും ബാങ്ക് അക്കൗണ്ടുകളിലേക്കോ പണം നിക്ഷേപിക്കാനാവും. യുപിഐയുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ, വെർച്വൽ പെയ്മൻ്റ് അഡ്രെസ്റ്റ് (വിപിഎ), അക്കൗണ്ട് തുടങ്ങിയവയുടെ സഹായത്തോടെയാണ് പണം നിക്ഷേപിക്കാനാവുന്നതും പ്രക്രിയകൾ ലളിതമാക്കുന്നതും. ഭാരത് ബിൽ പെയ്മെന്റ് സിസ്റ്റത്തെ ഭാരത് കണക്ട് ആയി റീ ബ്രാൻഡിങ് ചെയ്യുന്ന പ്രഖ്യാപനവും ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ നടത്തി.
ബാങ്കിംഗ് സേവനങ്ങളിലേക്കുള്ള ഡിജിറ്റൽ ആക്‌സസ് വിപുലീകരിക്കാൻ ആകും എന്നതാണ് ഒരു മെച്ചം. ബാങ്ക് ലൊക്കേഷൻ പ്രശ്നങ്ങൾ ഇല്ലാതെ തന്നെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ സേവനങ്ങൾ ലഭിക്കും.
ഒരൊറ്റ ടച്ച് പോയിൻ്റിലൂടെ കൂടുതൽ വിപുലമായ ബാങ്കിഹ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സംവിധാനമാണിത്. ഉപഭോക്തൃ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കും.
എപ്പോഴും സേവനങ്ങൾ ലഭ്യമാണ്. ആൻഡ്രോയിഡ് ക്യാഷ് റീസൈക്ലിംഗ് മെഷീൻഎല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാണ്.