നെഹ്റു ട്രോഫി വള്ളംകളി നടത്തും, ഈ മാസം 28ന് നടത്തിയേക്കുമെന്ന് റിപ്പോർട്ട്

0
60

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച നെഹ്രു ട്രോഫി വള്ളംകളി സെപ്റ്റംബർ 28ന് നടത്തിയേക്കുമെന്ന് റിപ്പോർട്ട്. നെഹ്റു ട്രോഫി വള്ളംകളി ഒരു നാടിന്‍റെ വികാരമാണെന്നും അനിശ്ചിതമായി മാറ്റിവെക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. നെഹ്റുട്രോഫി നടത്തും. നടത്തണമെന്ന് തന്നെയാണ് അഭിപ്രായമെന്നും സര്‍ക്കാര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഓണത്തോട് അനുബന്ധിച്ച് കഴിയുന്നത്ര നേരത്തെ വള്ളംകളി നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിപുലമായ സംഘാടക സമിതി ഉടന്‍ രൂപീകരിക്കുമെന്ന് മന്ത്രി പറയുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം വള്ളംകളി ഈ മാസം 28ന് നടത്താനാണ് സാധ്യത. സെപ്റ്റംബർ 28 ശനിയാഴ്ച മറ്റ് വള്ളംകളികളില്ല. കൂടുതൽ സൗകര്യപ്രദമായ ദിവസമാണെന്നതും അന്നത്തെ സാധ്യത നൽകുന്നു.വള്ളംകളിയുമയി ബന്ധപ്പെട്ട് നാളയോ, മറ്റന്നാളോ എൻടിബിആര്‍ സൊസൈറ്റി എക്സിക്യൂട്ടീവ് യോഗം നടത്തിയേക്കും.

ഈ യോഗത്തിലാണ് തീയതി സംബന്ധിച്ച ഔദ്യോഗിക തീരുമാനം വരിക. ചാമ്പ്യൻസ് ബോട്ട് ലീഗ് നടത്തണോ എന്ന കാര്യവും ഈ യോഗത്തിൽ ചർച്ചയാകും. നെഹ്രു ട്രോഫി വള്ളംകളിയ്ക്ക് ടൂറിസം വകുപ്പ് ഒരുകോടിരൂപ നൽകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.’നെഹ്‌റു ട്രോഫി വള്ളം കളിക്ക് ഇത്തവണയും ടൂറിസം വകുപ്പ് ഒരു കോടി രൂപ നൽകും. ഇതോടൊപ്പം വിനോദ സഞ്ചാര വകുപ്പിന്‍റെ മുഴുവൻ പിന്തുണയും സഹായവും ഉണ്ടാവും’ എന്നും മന്ത്രി റിയാസ് പറഞ്ഞിരുന്നു.നെഹ്റു ട്രോഫി ബോട്ട് റേസ് (N T B R) സൊസൈറ്റി ആണ് വള്ളം കളിയുടെ സംഘാടകർ.

ആലപ്പുഴ ജില്ലാ കളക്ടർ ആണ് ചെയർമാൻ. ടൂറിസം വകുപ്പ് നെഹ്‌റ്രുട്രോഫി വള്ളംകളിക്ക് ധന സഹായം നൽകാറുണ്ട്. കഴിഞ്ഞ വർഷം ഒരു കോടി രൂപയാണ് അനുവദിച്ചത്. നെഹ്റു ട്രോഫി വള്ളംകളി എപ്പോൾ നടത്തുവാൻ തീരുമാനിച്ചാലും ടൂറിസം വകുപ്പ് എല്ലാ നിലയിലും സഹകരിക്കുവാൻ മുൻപന്തിയിലുണ്ടാകുമെന്ന് മന്ത്രി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.ബേപ്പൂരിൽ മുടക്കി വാട്ടർ ഫെസ്റ്റിന് അനുമതി നൽകിയപ്പോൾ ആലപ്പുഴയിൽ വള്ളം കളി വേണ്ടെന്ന് വച്ചതിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്‍റെ മണ്ഡലമായ ബേപ്പൂരിൽ വാട്ടർ ഫെസ്റ്റിനായി രണ്ടരക്കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here