സ്ത്രീകൾ ലൈംഗികാതിക്രമണങ്ങൾ നേരിടുമ്പോൾ അപ്പോൾ അതിന്റെ തെളിവെടുത്ത് വെക്കുകയാണോ വേണ്ടതെന്ന് നടി ഷീല. ഒരാൾ ഓടി വന്ന് നമ്മളെ ഉമ്മ വെയ്ക്കുമ്പോൾ വീണ്ടും ഉമ്മവെയ്ക്കൂ തെളിവിനാണെന്ന് പറഞ്ഞ് സെൽഫി എടുത്ത് വെയ്ക്കാൻ സാധിക്കുമോയെന്നും അവർ ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർ വിവാദങ്ങളും സംബന്ധിച്ചുള്ള ചോദ്യങ്ങളിൽ മാതൃഭൂമി ന്യൂസിനോടായിരുന്നു ഷീലയുടെ പ്രതികരണം.
‘ടിവിയിൽ ഇതൊക്കെ കണ്ടപ്പോൾ ഭയങ്കര അത്ഭുതവും സങ്കടവും തോന്നി. പരാതിയുമായി പോലീസിൽ പോയാലും കോടതിയിൽ പോയാലും എന്താണ് തെളിവ് എന്നാണ് ചോദിക്കുന്നത്. ഒരാൾ ഓടി വന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാൽ നമ്മൾ ഉടനെ സെൽഫിയെടുക്കുമോ. ഒന്നുകൂടി ഉമ്മ വെക്കൂ, ഞാൻ തെളിവിനായി എടുക്കട്ടെ എന്ന് പറയുമോ. അങ്ങനെയൊന്നും പറയില്ല. അന്നത്തെ കാലത്തൊക്കെ വിളിക്കുന്നത് ലാൻഡ് ലൈനായിരിക്കും. ലാൻഡ് ലൈനിൽ വിളിച്ച് മോശം പറഞ്ഞാൽ റെക്കോഡ് ചെയ്യാൻ സംവിധാനങ്ങളൊന്നുമില്ല.ഒരു കാലത്ത് ഹേമ കമ്മിറ്റി വരും അതോണ്ട് റെക്കോഡ് ചെയ്ത് വെക്കാം എന്ന് പറഞ്ഞ് റെക്കോഡ് ചെയ്യോ.ഇതിനൊക്കെ എങ്ങനെ തെളിവ് കാണിക്കാൻ പറ്റും.
ഡബ്ല്യു സി സിയോട് എനിക്ക് ഭയങ്കര ബഹുമാനം ഉണ്ട്. അന്ന് മുതൽ ഇന്ന് വരെ അവർ എത്രയാണ് പോരാടുന്നത്. അവരുടെ കരിയർ തന്നെ പോയി ഇത് കാരണം . അതിലെ നടികൾ എന്ത് സുന്ദരികളാണ്, എന്ത് കഴിവുള്ളവരാണ്. അവരുടെ കരിയർ പോയല്ലോ. ഇതിന് വേണ്ടി അവർ എത്ര ഓടി, എല്ലാവരേയും വിളിച്ച് പറഞ്ഞ്,ആൾക്കാരെ വിളിച്ചു, പത്രസമ്മേളനം നടത്തി, അവർ ഗ്രേറ്റ് ആണ്. പവർ ഗ്രൂപ്പ് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇപ്പോൾ കേൾക്കുമ്പോഴാണ് മനസിലാകുന്നത് ദൈവമേ ഇങ്ങനെയൊക്കെ ഉണ്ടല്ലോ എന്ന് . ഇതൊക്കെ അക്രമമല്ലേ ഒരു നടിയുടെ ജീവിതത്തിൽ കയറി കളിക്കുന്നത്. ഇതൊക്കെ സാധാരണ കാര്യമാണോ. ഒരു മനുഷ്യന്റെ തൊഴിൽപരമായ കാര്യങ്ങളിലൊക്കെ കയറി കളിക്കുന്നത് ശരിയാണോ?
ഞാൻ അഭിനയിച്ച സ്ഥാനാർഥി സാറാമ്മ, കള്ളിച്ചെല്ലമ്മ, കടത്തനാട്ട് മാക്കം അങ്ങനെ എൻ്റെ പേരിലുള്ള പടങ്ങൾ വന്നിട്ടുപോലും എനിക്ക് പുരുഷന്മാരെക്കാൾ പണം എനിക്ക് കിട്ടിയിട്ടില്ല. പണം തരില്ല അവർ. സ്ത്രീക്ക് പ്രാധാന്യം ഉള്ള ഒരു കഥാപാത്രമാണെങ്കിൽ സ്ത്രീകൾക്ക് തന്നെ കൂടുതൽ വേതനം കൊടുക്കണം’, ഷീല പറഞ്ഞു. .