നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ചീര ഏറ്റവും നല്ല വിളവ് ലഭിക്കുന്ന രീതിയില്‍ കൃഷി നമ്മുക്ക് ചെയ്താലോ..
കനത്ത മഴക്കാലത്തൊഴിച്ച് ബാക്കി എല്ലാ സമയത്തും ചീര കൃഷി നടത്താം.
നേരിട്ട് വിത്തിട്ടോ അല്ലെങ്കില്‍ തൈകളുണ്ടാക്കിയോ ചീര വളര്‍ത്താം. ഒരു സെന്റ് സ്ഥലത്ത് കൃഷി ചെയ്യുന്നതിന് 5 ഗ്രാം വിത്ത് ആണ് ആവശ്യം. വിത്തിനൊപ്പം മഞ്ഞള്‍പൊടി കലര്‍ത്തി വേണം വിത്ത് പാകാൻ. നാലില പ്രായത്തില്‍ പറിച്ചുനടാം.
ചീര നടേണ്ടത് ചാലുകളില്‍ ആണ്. 30 സെന്റീമീറ്റര്‍ വീതിയാണ് ചാലുകള്‍ക്ക് വെട്ടേണ്ടത്. ചാലുകള്‍ തമ്മില്‍ 30 സെന്റീമീറ്റര്‍ അകലം വരാൻ ശ്രദ്ധിക്കണം. ഒരടി ഇടവിട്ട് ചാലുകളില്‍ തൈകള്‍ നടാം.
തൈകള്‍ നടുന്നതിനു മുന്നോടിയായി സ്യൂഡോമോണാസ് ഫ്‌ളൂറസന്‍സ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയില്‍ 20 മിനിറ്റ് മുക്കി വയ്‌ക്കുന്നത് ഗുണം ചെയ്യും.
ഒരു സെന്റിന് 10 കിലോ കാലിവളം അടിവളമായി നല്‍കണം. ആഴ്ചയിലൊരിക്കല്‍ ചാണകപ്പൊടി, എല്ലുപൊടി, കടല പിണ്ണാക്ക്, ചാരം എന്നിവ ഒരേ അനുപാതത്തില്‍ ചേര്‍ത്ത് ചീരത്തടത്തില്‍ വിതറുന്നത് ഗുണകരമാണ്. ഇതല്ലെങ്കില്‍ എട്ടിരട്ടി വെള്ളം ചേര്‍ത്ത് നേർപ്പിച്ചെടുത്ത വെര്‍മിവാഷോ ഗോമൂത്രമോ മേല്‍വളമായി ചേർത്തുകൊടുക്കാം. ഒരു കിലോഗ്രാം ചാണകസ്ലറി 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ചുവട്ടില്‍ തളിക്കുന്നതും ചീരയ്‌ക്ക് നല്ലതാണ്. ഇതുമല്ലെങ്കില്‍ കടല പിണ്ണാക്ക് ഒരു കിലോഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ആഴ്ചതോറും സ്‌പ്രേ ചെയ്യാം.
ചീര വിളവെടുത്ത ശേഷം ചാണക സ്ലറിയോ വെര്‍മിവാഷോ ഗോമൂത്രമോ നേർപ്പിച്ച രീതിയില്‍ ചെടികളില്‍ തളിക്കുന്നത് അടുത്ത തവണയും നല്ല വിളവ് നല്‍കാന്‍ സഹായിക്കും. ചീരത്തടങ്ങളില്‍ പച്ചിലകൊണ്ടോ ചകിരി ചോറ് കൊണ്ടോ പുതയിടുന്നതാണ് ഏറ്റവും നല്ലത്. വേനല്‍ക്കാലത്ത് കൃത്യമായ ഇടവേളകളില്‍ ജലസേചനം നല്‍കാന്‍ ശ്രദ്ധിക്കണം.