മുംബൈ: സവാളക്കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. വിളവെടുപ്പിനുശേഷം സവാള സൂക്ഷിക്കാന്‍ പുതിയപദ്ധതിക്ക് ഉടനെ തുടക്കമാവും. ഗാമാരശ്മികള്‍ പ്രയോഗിച്ച് വികിരണംനടത്തി മുളയ്ക്കുന്നത് തടയാനുള്ള പദ്ധതിക്ക് അംഗീകാരമായി.
വിളവെടുപ്പിനുശേഷമുള്ള സവാളയുടെ നഷ്ടം വളരെ വലുതാണ്. സവാള ഗണ്യമായി ചീഞ്ഞുപോകുകയും കോള്‍ഡ് സ്റ്റോറേജില്‍ പോലും മുളയ്ക്കാന്‍ തുടങ്ങുകയുംചെയ്യുന്നു. വിളവെടുപ്പിനുശേഷമുള്ള നഷ്ടം നിലവിലുള്ള 25 ശതമാനത്തില്‍നിന്ന് 10-12 ശതമാനമായി കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് സംഭരിച്ച സവാള റേഡിയേഷന്‍ പ്ലാന്റുകളിലേക്കും പിന്നീട് കോള്‍ഡ് സ്റ്റോറേജിലേക്കും മാറ്റാനുള്ള പദ്ധതിക്ക് അംഗീകാരമായിരിക്കുന്നത്. റാബി
സീസണില്‍ ഏകദേശം 4,000 ടണ്‍ സവാള വികിരണം ചെയ്യുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
വിലയിടിവില്‍നിന്ന് കര്‍ഷകരെ സഹായിക്കുന്നതിനായി നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും നിലവില്‍ സവാള സംഭരിക്കുന്നു. ഇങ്ങനെ സംഭരിക്കുന്ന സവാള നശിച്ചുപോകാതിരിക്കുന്നതിന് വേണ്ടിയാണ് വികിരണ പ്രകിയ നടത്തുന്നത്.
വിളകളുടെ കേടുപാടുകള്‍ കുറയ്ക്കുന്നതിന് ഫലപ്രദമായ ഒരു സംരക്ഷണരീതിയാണ് ഗാമാറേ വികിരണം. ഭക്ഷ്യജന്യരോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും ഈ പ്രക്രിയ പ്രയോജനകരമാണെന്ന് വിദഗ്ധര്‍ പറയുന്നു. കര്‍ഷകര്‍ ഏപ്രില്‍-മേയ് മാസങ്ങളില്‍ റാബി ഉള്ളി വിളവെടുക്കുകയും ജൂണ്‍-ജൂ ലായ് മാസങ്ങളില്‍ വില്‍ക്കുകയും ചെയ്യുന്നു. സവാള ഉത്പാദനത്തില്‍ മുന്നില്‍നില്‍ക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്,തൊട്ടുപിന്നില്‍ മധ്യപ്രദേശ്, കര്‍ണാടക, ഗുജറാത്ത് എന്നിവയാണ്. ഇന്ത്യയുടെ മൊത്തം ഉത്പാദനത്തിന്റെ 80 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്.