ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) യുമായി ബന്ധമുള്ള തീവ്രവാദികളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മൂന്ന് തീവ്രവാദികളെയാണ് അറസ്റ്റ് ചെയ്തത്.
മുസമിൽ അഹമ്മദ്, ഇഷ്ഫാഖ് പണ്ഡിറ്റ് (ഇരുവരും അഗ്ലാർ പട്ടാൻ നിവാസികൾ), മുനീർ അഹമ്മദ് ആർ/ഒ മീരിപോറ ബീർവ എന്നീ മൂന്ന് തീവ്രവാദ കൂട്ടാളികളെ മാഗമിലെ കവൂസ നർബൽ പ്രദേശത്ത് നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.
ഭീകരരുടെ കൈവശത്തു നിന്നും ഒരു പിസ്റ്റളും ഒരു ഹാൻഡ് ഗ്രനേഡും ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും പൊലീസ് കണ്ടെടുത്തു.അറസ്റ്റിലായ വ്യക്തികൾക്ക് 2020 ൽ പാകിസ്ഥാനിലേക്ക് കടക്കുകയും പിന്നീട് സംഘടനയിൽ ചേരുകയും ചെയ്ത സജീവ ലഷ്കർ ഇ തൊയ്ബ ഭീകരനായ ആബിദ് ഖയൂം ലോണുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രാദേശിക യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക് ആകർഷിക്കുന്നതിലും അവരെ തീവ്രവാദ സംഘടനകളിൽ ചേരാൻ പ്രേരിപ്പിക്കുന്നതിലും മേഖലയിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടത്താൻ അവരെ പ്രേരിപ്പിക്കുന്നതിലും ഇയാൾ പങ്കാളിയാണെന്ന് പൊലീസ് പറഞ്ഞു.അറസ്റ്റിലായ കൂട്ടാളികൾ ഇയാളുടെ നിർദ്ദേശങ്ങൾക്കനുസൃതമായി പ്രവർത്തിച്ചു വരികയായിരുന്നു. പ്രദേശത്ത് ഭീകര പ്രവർത്തനങ്ങൾ നടത്തുക, മറ്റ് യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുക, തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുക എന്നിവയാണ് ഇവരുടെ ചുമതലകൾ.