SSLC മോഡൽ പരീക്ഷാ ചോദ്യപേപ്പറിന് വിദ്യാർത്ഥികളിൽ നിന്നും പണപ്പിരിവിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്.

0
62

തിരുവനന്തപുരം: എസ്എസ്എൽസി മോഡൽ പരീക്ഷയ്ക്ക് വിദ്യാർത്ഥികളിൽ നിന്നും പണംപ്പിരിക്കാൻ തീരുമാനം. ചോദ്യപേപ്പർ അച്ചടിക്കാൻ 10 രൂപ പിരിക്കാൻ ആണ് സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കുട്ടികളിൽ നിന്ന് ചോദ്യപേപ്പറിന് പണം ഈടാക്കാനുള്ള തീരുമാനത്തിനെതിരെ കെ എസ് യു രംഗത്തെത്തി.

എസ്‌സി – എസ്ടി, ഒഇസി വിദ്യാർത്ഥികൾ പണം അടക്കേണ്ടതില്ല. മറ്റുള്ള വിദ്യാർത്ഥികൾ ഹെഡ്മാസ്റ്റർ മുഖേന കൃത്യമായി തുക അടക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്. വിദ്യാർത്ഥികളിൽ നിന്ന് ശേഖരിക്കുന്ന തുകയിൽ നിന്ന് ചോദ്യപേപ്പർ അച്ചടിക്കുന്ന വകയിൽ ചെലവാകുന്ന തുക ഒഴിച്ച് ബാക്കി വിദ്യാഭ്യാസ ഉപഡയറക്ടർ എന്ന പേരിൽ ഡിമാൻഡ് ഡ്രാഫ്റ്റാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ എത്തിക്കണമെന്നും നിർദേശമുണ്ട്.

ഫെബ്രുവരി 19 മുതൽ 23 വരെയാണ് എസ്എസ്എൽസി മോഡൽ പരീക്ഷ നടക്കുക. സർക്കുലർ ഇറങ്ങിയതിന് പിന്നാലെ പ്രതിഷേധങ്ങളും ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ പോക്കറ്റടിക്കുന്ന സര്‍ക്കാര്‍ നീക്കം തടയുമെന്നും കെ എസ് യു നേതാക്കൾ പറഞ്ഞു.

എന്നാൽ, എസ്എസ്എൽസി മോഡൽ പരീക്ഷയുമായി ബന്ധപ്പെട്ട് അനേക വർഷങ്ങളായി ചെയ്തുവരുന്ന നടപടിക്രമം ഈ വർഷവും തുടർന്നുവെന്നതല്ലാതെ പരീക്ഷാർത്ഥികളിൽ നിന്നും
ഫീസ് ശേഖരിയ്ക്കുന്നതിന് പുതിയ തീരുമാനം എടുത്ത് നടപ്പിലാക്കിയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. എസ്എസ്എൽസി. പരീക്ഷ എഴുതുന്ന നാല് ലക്ഷത്തിലധികം കുട്ടികളിൽ നിന്ന് നാൽപത് ലക്ഷത്തോളം രൂപയാണ് ഫീസിനത്തിൽ സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here