തമിഴ്‌നാട് സര്‍ക്കാരിന്റെ മദ്യവില്‍പന സ്ഥാപനമായ ടാസ്മാക് മദ്യ അഴിമതിയുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ എസ്. വിശാഖന്‍, ചലച്ചിത്ര നിര്‍മാതാവ് ആകാശ് ഭാസ്‌കരന്‍ എന്നിവരുടെ വസതിയില്‍ അടക്കം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ടാസ്മാക് ഇടപാടുകളിൽ 1,000 കോടിയിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഇഡി പരിശോധന നടത്തുന്നത്.
പത്തോളം കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയതായാണ് വിവരം. എസ്എൻജെ ഡിസ്റ്റില്ലെറീസിന്റെയും സര്‍ക്കാര്‍ കരാറുകാരുടെയും വീടുകളും ഇതില്‍ ഉള്‍പ്പെടുന്നു. ടാസ്മാക് ആസ്ഥാനത്തും വിവിധ ഇടങ്ങളിലും ഇഡി റെയ്ഡ് നടത്തിയതിനെ തുടര്‍ന്നാണ് 1,000 കോടി രൂപയുടെ ക്രമക്കേടുകള്‍ കണ്ടെത്തിയത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) പ്രകാരം അഴിമതിയില്‍ അന്വേഷണം തുടരാന്‍ മദ്രാസ് ഹൈക്കോടതി ഇഡിയോട് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് റെയ്ഡ് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചത്. അതേസമയം, ഇഡി റെയ്ഡ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ടാസ്മാകും ഡിഎംകെയും സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.
ഐഎഎസ് ഉദ്യോഗസ്ഥന്‍ വിശാഖന്റെ മണപ്പാക്കത്തെ വസതിയിലാണ് ആദ്യം റെയ്ഡ് നടത്തിയത്. ഏറെ വൈകിയും റെയ്ഡ് തുടര്‍ന്നു. ടാസ്മാകിന്റെ മദ്യസംഭരണം സംബന്ധിച്ച വിവരങ്ങള്‍ അടങ്ങുന്ന വാട്‌സാപ്പ് ചാറ്റിന്റെ പ്രിന്റ്ഔട്ടുകള്‍ ഇഡി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വസതിക്ക് സമീപം നിന്ന് കണ്ടെടുത്തതായാണ് അറിയുന്നത്.
മാര്‍ച്ച് ആദ്യ വാരത്തിലും രണ്ടാമത്തെ ആഴ്ച്ചയിലുമായി ടാസ്മാക് ആസ്ഥാനത്ത് ഇഡി നടത്തിയ പരിശോധനയുടെ തുടര്‍ച്ചയായാണ് ഇപ്പോള്‍ വീണ്ടും റെയ്ഡുകള്‍ നടക്കുന്നതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടാസ്മാക് പണം സമ്പാദിച്ച വഴികളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നും ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ടാസ്മാക് എംഡി വിശാഖനെ കൂടാതെ ഡോണ്‍ പിക്‌ച്ചേഴ്‌സ് നിര്‍മാതാവും ഡിഎംകെ കുടുംബവുമായി ബന്ധവുമുള്ള ആകാശ് ഭാസ്‌ക്കരനെ കുറിച്ചും ഇഡി അന്വേഷിക്കുന്നുണ്ട്.ടാസ്മാക് ഓഫീസിലും മറ്റ് സ്ഥലങ്ങളിലുമായി രണ്ട് ദിവസത്തിലധികം നീണ്ടുനിന്ന പരിശോധനയ്ക്ക് ശേഷം തമിഴ്‌നാട്ടില്‍ 1,000 കോടിയിലധികം രൂപയുടെ മദ്യ അഴിമതി കണ്ടെത്തിയതായി മാര്‍ച്ച് 13ന് ഇഡി ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ റെയ്ഡില്‍ കണ്ടെത്തിയതായും ഇഡി അറിയിച്ചിരുന്നു.
വിവിധ മദ്യക്കമ്പനികൾ 1,000 കോടിയിലധികം രൂപയുടെ കണക്കില്‍പ്പെടാത്ത പണം തട്ടിയെടുത്തതായി കാണിക്കുന്ന രേഖകള്‍ കണ്ടെത്തിയതായും ടാസ്മാകില്‍ നിന്നും കൂടുതല്‍ ഓര്‍ഡറുകള്‍ നേടുന്നതിനായി ഇത് കൈക്കൂലിയായി ഉപയോഗിച്ചതായും തെളിയിക്കുന്ന രേഖകള്‍ റെയ്ഡില്‍ ലഭിച്ചിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കിയിരുന്നു.കണക്കില്‍പ്പെടാത്ത പണം സമ്പാദിക്കുന്നതിനുള്ള ഒരു ആസൂത്രിത പദ്ധതിയാണിതെന്ന് ഇഡി ആരോപിച്ചു.
വിവിധ മദ്യക്കമ്പനികള്‍ നിയമവിരുദ്ധമായി പണമിടപാടുകള്‍ നടത്തിയതായി തെളിയിക്കുന്ന രേഖകളും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ ആസൂത്രിതമായി ചെലവ് പെരുപ്പിച്ച് കാണിക്കുകയും വില്‍പ്പന സംബന്ധിച്ച കണക്കുകളില്‍ തിരിമറി നടത്തിയതായും ഇഡി പറയുന്നു. ഇത്തരത്തില്‍ 1,000 കോടിയിലധികം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.