ഓപ്പറേഷന്‍ സിന്ദൂറിനിടെ തുര്‍ക്കിയും അസര്‍ബൈജാനും പാകിസ്ഥാന്റെ പക്ഷം ചേര്‍ന്നത് ഇന്ത്യക്കാരെ ചൊടിപ്പിച്ചിരിക്കുകയാണ്. തുര്‍ക്കിയെയും അസര്‍ബൈജാനും ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം സാമൂഹികമാധ്യമത്തിലും വ്യവാസയമേഖലയിലും ടൂറിസം മേഖലയിലും ശക്തിപ്രാപിക്കുകയാണ്. നിരവധി ഇന്ത്യന്‍ വിനോദസഞ്ചാരികളാണ് ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്ര റദ്ദാക്കിയിരിക്കുന്നത്. തുര്‍ക്കി യാത്രയ്ക്ക് ചെലവാകുന്ന തുകയും സമാനമായ യാത്രാസുഖവും കിട്ടുന്ന മറ്റ് ഇടങ്ങള്‍ ഇന്ത്യക്കാര്‍ നേടുകയാണെന്ന് കോക്‌സ് ആന്‍ഡ് കിംഗ്‌സിന്റെ ഡയറക്ടര്‍ കരണ്‍ അഗര്‍വാള്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈം റിപ്പോര്‍ട്ട് ചെയ്തു.
ബഹിഷ്‌കരണാഹ്വാനത്തിന് പിന്നാലെ തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കുമുള്ള യാത്രാ പാക്കേജുകള്‍ ഇന്ത്യന്‍ യാത്രാ കമ്പനികള്‍ മരവിപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്തിരിക്കുകയാണ്. ഇന്ത്യയിലെ ബിസിനസ് സ്ഥാപനങ്ങളും രാഷ്ട്രീയ പ്രമുഖരും ബഹിഷ്‌കരണാഹ്വാനം ഏറ്റെടുത്തിട്ടുണ്ട്. ചിലര്‍ തുര്‍ക്കിയുടെ ഉത്പന്നങ്ങള്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കും യാത്ര ചെയ്യുന്നതില്‍ ഇന്ത്യക്കാര്‍ അതീവ താത്പര്യം കാണിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2024-ല്‍ 3.3 ലക്ഷം ഇന്ത്യക്കാരാണ് തുര്‍ക്കി സന്ദര്‍ശിച്ചത്. ഇതേ കാലയളവില്‍ 2.4 ലക്ഷം ഇന്ത്യക്കാര്‍ അസര്‍ബൈജാനും സന്ദര്‍ശിച്ചു. രണ്ടുരാജ്യങ്ങളുടെയും ടൂറിസം മേഖലയില്‍ ഇത് ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്.
എളുപ്പത്തില്‍ എത്തിച്ചേരാമെന്നതും ചെലവ് കുറവെന്നതുമാണ് തുര്‍ക്കിയും അസര്‍ബൈജാനും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായി മാറാന്‍ കാരണമെന്ന് കരണ്‍ പറഞ്ഞു. ”ഇരുരാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയിലേക്ക് 69 ബില്ല്യണ്‍ ഡോളര്‍ സംഭാവന നല്‍കി,” അദ്ദേഹം പറഞ്ഞു.
ഇ-വിസ സൗകര്യവും നേരിട്ട് വിമാനസര്‍വീസ് ഉണ്ടെന്നതും അസര്‍ബൈജാന്‍ ഇന്ത്യക്കാരുടെ ഇഷ്ടവിനോദകേന്ദ്രമാക്കി മാറ്റി. അസര്‍ബൈജാന്റെ ഇ-വിസ സൗകര്യം, കുറഞ്ഞ ദൂരം, നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എന്നിവ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായി. അതേസമയം, തുര്‍ക്കിയിലെ ചരിത്ര സ്ഥലങ്ങള്‍, മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍, താരതമ്യേന താങ്ങാവുന്ന ചെലവ് എന്നിവ തുര്‍ക്കിയെയും ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കി.
തുര്‍ക്കിയും അസര്‍ബൈജാനും ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങള്‍ക്കിടെ ഗ്രീസിനോടും കസാക്കിസ്ഥാനോടും ഈജിപ്തിനോടുമുള്ള താത്പര്യം വര്‍ധിച്ചതായി ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. പരമ്പരാഗത, ആധുനിക സംസ്‌കാരങ്ങളുടെ മിശ്രിതമായ വിശാലമായ രാജ്യമാണ് കസാഖിസ്ഥാന്‍. പകരം പുരാതന ചരിത്രത്തിലും സാംസ്‌കാരിക പൈതൃകത്തിനും പേരുകേട്ട അര്‍മേനിയ തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായതായി ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്താക്കുന്നു.