സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. നിപ ലക്ഷണങ്ങളോടെ കോഴിക്കോട് പതിനാലുകാരനാണ് ചികിത്സയിൽ കഴിയുന്നത്. പെരിന്തൽമണ്ണ സ്വദേശിയാണ് കുട്ടി. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.
കുട്ടിയുടെ സ്രവ സാംപിൾ ഇന്ന് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ ഫലം വന്നാൽ മാത്രമേ വൈറസ് ബാധ സ്ഥിരീകരിക്കുകയുള്ളൂ. സ്വകാര്യ ലാബിൽ നടത്തിയ സ്‌ക്രീനിങ് പരിശോധനാഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്രവം പരിശോധനയ്ക്ക് അയച്ചതെന്നാണ് റിപ്പോർട്ട്.
നിപ ബാധയെന്ന് സംശയമുള്ള പ്രദേശത്ത് കര്‍ശന ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യ നില നിലവിൽ തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പനി, തലവേദന, ശ്വാസം മുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.