IPL മത്സരത്തിനിടെ മൈതാനത്തെത്തിയ നായയെ തൊഴിച്ച് ഓടിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മൃഗസ്നേഹികൾ.

0
51

ഐപിഎൽ മത്സരത്തിനിടെ മൈതാനത്തെത്തിയ നായയെ ചവിട്ടിയും തൊഴിച്ചും ഓടിച്ച അധികൃതർക്കെതിരെ നിയമ നടപടിയാവശ്യപ്പെട്ട് മൃഗസ്നേഹികൾ രംഗത്ത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിനിടെ അപ്രതീക്ഷിതമായി മൈതാനത്തേക്ക് കടന്നു വന്ന നായയുടെ വീഡിയോ സമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. മൈതാനത്തെത്തിയ നായയെ പിടികൂടാനായുള്ള ശ്രമത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവർ നായയെ ഉപദ്രവിക്കുന്നത് വീഡിയോയിൽ കാണാം. അധികൃതരുടെ ഈ മനുഷ്യത്വ രഹിത പെരുമാറ്റമാണ് മൃഗസ്നേഹികളെ ചൊടിപ്പിച്ചത്.

“ ഒരു തരത്തിലുള്ള ന്യായീകരണവും അർഹിക്കാത്ത പെരുമാറ്റമാണിതെന്നും ആൾക്കൂട്ടത്തിൽ ഭയന്ന നായയെ ഒന്നിലധികം ആളുകൾ ചവിട്ടുകയും തൊഴിക്കുകയും ചെയ്തതിനാൽ സ്വയരക്ഷക്കായി പ്രതികരിക്കാൻ നായ നിർബന്ധിതമായെന്നും പിഇടിഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. നായയെ ഉപദ്രവിച്ചവരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അവരിൽ നിന്നും പിഴ ഈടാക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കൂടാതെ പൊതുജനങ്ങളിൽ നിന്നോ, സ്റ്റാഫുകളിൽ നിന്നോ, നിയമ പാലകരിൽ നിന്നോ ഭാവിയിൽ ഇത്തരം പെരുമാറ്റം ഉണ്ടാകാതിരിക്കാൻ സ്റ്റേഡിയം അതോറിറ്റി അധികൃതർ നടപടികൾ സ്വീകരിക്കണമെന്നും പിഇടിഎ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here