‘ലോകകപ്പ് നേടിയ മുഹൂര്‍ത്തത്തില്‍ ഡീഗോ ഖത്തറില്‍ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു’ -മെസ്സി

0
64

ദോഹ: ഖത്തറിലെ ഓരോ നിമിഷവും ആസ്വദിച്ചിരുന്നതായി അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സി. ഖത്തറില്‍ ലോകകപ്പ് നേടിയ മുഹൂര്‍ത്തത്തില്‍ ഡീഗോ മറഡോണ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നതായും മെസ്സി പറഞ്ഞു.

‘അര്‍ജന്റീന ലോക ചാമ്ബ്യന്മാരാകുന്നതു കാണാന്‍ ഡീഗോ ഉണ്ടായിരുന്നെങ്കില്‍ ഏറെ സന്തോഷമായേനേ. എന്തുമാത്രം ഡീഗോ അതാഗ്രഹിച്ചിരുന്നുവെന്ന് എനിക്കറിയാം, നാഷനല്‍ ടീമിനെ അദ്ദേഹം എത്രത്തോളം സ്നേഹിച്ചിരുന്നുവെന്നും. ഡീഗോ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം എനിക്ക് കപ്പ് നല്‍കുമായിരുന്നു. ആ ഫോട്ടോ അതിമനോഹരമായേനേ. ആകാശത്തുനിന്ന് ഡീഗോയും അതുപോലെ എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുമാണ് എനിക്ക് കരുത്തുപകര്‍ന്നത്’-ഉര്‍ബാന പ്ലേ റേഡിയോയില്‍ അര്‍ജന്റീനന്‍ ജേണലിസ്റ്റ് ആനി കുസ്നെറ്റ്സോഫുമായുള്ള അഭിമുഖത്തില്‍ മെസ്സി പറഞ്ഞു.

മികച്ച കളിക്കാരനുള്ള പുരസ്കാരം നേടി തിരിച്ചുവരുന്നതിനിടെ ലോകകപ്പിനടുത്തെത്തി അതില്‍ മുത്തമിട്ടതിനെക്കുറിച്ച്‌ മെസ്സി പറഞ്ഞതിങ്ങനെ- ‘കപ്പ് അവിടെ തിളങ്ങിനില്‍ക്കുന്നതാണ് മടങ്ങിവരവെ ഞാന്‍ കണ്ടത്. വരൂ എന്നെ എടുക്കൂ എന്ന് അത് പറയുന്നതുപോലെ തോന്നി. പിന്നെ ഞാനൊന്നും ആലോചിച്ചില്ല’.

ഫൈനലിനുശേഷം ടീമിന്റെ കുക്കിനെ ആലിംഗനം ചെയ്തതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പലരും അത് മെസ്സിയുടെ മാതാവാണെന്ന് തെറ്റിദ്ധരിച്ചിരുന്നു. ‘അവരുമായി വളരെ അടുത്ത ബന്ധമാണ് എനിക്കുള്ളത്. 18 വയസ്സുമുതല്‍ അവരോടൊപ്പമുള്ള ഓര്‍മകള്‍ എനിക്കുണ്ട്. ഇതുപോലുള്ള ടൂര്‍ണമെന്റുകള്‍ക്ക് അവര്‍ വര്‍ഷങ്ങളായി ഞങ്ങളെ അനുഗമിക്കുന്നു. ഒരുപാടു കാര്യങ്ങള്‍ ഞങ്ങള്‍ പങ്കുവെക്കാറുണ്ട്. കളത്തില്‍ കളിക്കുകയും ലോകകപ്പ് നേടുകയും ചെയ്ത ഞങ്ങളെപ്പോലെതന്നെ ഈ നേട്ടത്തില്‍ അവരും അത്രയേറെ ആവേശഭരിതയായിരുന്നു’-മെസ്സി പറഞ്ഞു.

ഞങ്ങളുടെ കോച്ചിങ് സ്റ്റാഫ് അതിമഹത്തരമായിരുന്നു. മികവുറ്റ കളിക്കാരായിരുന്നു അവര്‍. ഓരോ സന്ദര്‍ഭങ്ങളെയും സാഹചര്യങ്ങളെയും എങ്ങനെ നേരിടണമെന്ന് അവര്‍ക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. ലോകകപ്പ് കളിച്ച അനുഭവമുണ്ടായിരുന്നു അവര്‍ക്ക്. ഓരോ സമയത്തും എന്താണ് പറയേണ്ടതെന്നും ചെയ്യേണ്ടതെന്നും അവര്‍ക്കറിയാമായിരുന്നു.

നെതര്‍ലന്‍ഡ്സിനെതിരെ ഗോള്‍ നേടിയ ശേഷം നടത്തിയ ആഹ്ലാദപ്രകടനത്തെക്കുറിച്ചും മെസ്സി വിശദീകരിച്ചു. ‘ഹോളണ്ടിനെതിരായ മത്സരശേഷം ഞാന്‍ റിക്വല്‍മെയുമായി സംസാരിച്ചിരുന്നു. മത്സരശേഷം ഞങ്ങള്‍ മെസേജുകളും അയക്കാറുണ്ടായിരുന്നു. അത് ലോകകപ്പില്‍ മാത്രമല്ല, വര്‍ഷങ്ങളായി ചെയ്യാറുണ്ട്. ബാഴ്സലോണയില്‍ കോച്ചായിരുന്നപ്പോള്‍ ലൂയി വാന്‍ ഗാലുമായുള്ള പ്രശ്ങ്ങളെക്കുറിച്ചൊക്കെ ഞങ്ങള്‍ സംസാരിച്ചിരുന്നു’- മെസ്സി പറഞ്ഞു. ഇന്റര്‍നെറ്റിന്റെ ചരിത്രത്തില്‍ മെസ്സി ലോകകപ്പുമായി നില്‍ക്കുന്ന ചിത്രം ഏറ്റവും കൂടുതല്‍ ലൈക് നേടിയ ഫോട്ടോയി മാറിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് ‘അതിന് എത്രമാത്രം ലൈക് കിട്ടിയെന്നതല്ല ഞാന്‍ നോക്കിയത്.

ഞാന്‍ കപ്പുമായി നില്‍ക്കുന്ന പടം ആളുകള്‍ എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്നതിന്റെ പ്രതിഫലനമായാണ് ഞാനതിനെ കണ്ടത്’. ഇന്‍സ്റ്റഗ്രാമില്‍ തന്റെ ചിത്രങ്ങളെല്ലാം സ്വയം പോസ്റ്റ് ചെയ്യുന്നതാണെന്നും അതിനായി ഏതെങ്കിലും കമ്ബനിയെയോ മാനേജറെയോ താന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അഭിമുഖത്തില്‍ മെസ്സി വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here