ജനാലയിലൂടെ കടന്നുവരുന്ന നനുത്ത കാറ്റുപോലെ സുഖമുള്ള പാട്ടുകള്‍ തീര്‍ത്ത പ്രതിഭ; ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മകള്‍ക്ക് 13 വയസ്

0
55

ഗാനരചയിതാവും കവിയുമായ ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മകള്‍ക്ക് പതിമൂന്ന് വയസ്. മലയാളിക്ക് പാട്ടുകളുടെ വസന്തം സമ്മാനിച്ച എഴുത്തുകാരന്‍ വിടവാങ്ങി വര്‍ഷങ്ങള്‍ കഴിയുമ്ബോഴും മനോഹരമായ പാട്ടുകളിലൂടെ ആ അതുല്യ കലാകാരന്‍ ഇന്നും മലയാളികളുടെ മനസിലുണ്ട്.

തുറന്നിട്ട ജനാലയിലൂടെ നിലാവ് കടന്നുവരുംപോലെ, നനുത്തകാറ്റുപോലെ ഹൃദയത്തില്‍ വന്ന് തൊടുന്ന മനോഹരമായ പാട്ടുകളൂടെയാണ് ഗിരീഷ് പുത്തഞ്ചേരി ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ ഇന്നും ജീവിക്കുന്നത്. പുത്തഞ്ചേരി-ജോണ്‍സണ്‍ മാസ്റ്റര്‍ കൂട്ടുകെട്ടില്‍ പിറന്ന പാട്ടുകളൊക്കെയും മലയാളി ഗൃഹാതുരതയുടെ തിളക്കമുള്ള ഏടുകളാണ്.

ആകാശവാണിയില്‍ ലളിതഗാനങ്ങള്‍ രചിച്ചാണ് ഗിരീഷ് പുത്തഞ്ചേരി പാട്ടെഴുത്തിന് തുടക്കമിടുന്നത് .പിന്നെ ചലച്ചിത്രരംഗത്തേക്ക് കടന്നു. രണ്ട് പതിറ്റാണ്ടിനിടെ മലയാളികള്‍ ഹൃദയത്തിലേറ്റിയ 1500ലേറെ പാട്ടുകള്‍ അദ്ദേഹം എഴുതി. ചുരുങ്ങിയ കാലം കൊണ്ട് ആ സര്‍ഗപ്രതിഭ നമുക്ക് സമ്മാനിച്ചത് പാട്ടിന്റെ വസന്തമാണ്. പ്രണയവും വിരഹവും വാല്‍സല്യവും നിറഞ്ഞ വരികളിലൂടെ ആ പാട്ടുകളൊക്കെയും സൂപ്പര്‍ഹിറ്റുകളായി മാറി.

ജോണിവാക്കര്‍, ദേവാസുരം ,കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് തുടങ്ങി എത്രയോ ചിത്രങ്ങളില്‍ ആ തൂലികയില്‍ പിറന്ന മന്ത്രമധുരമായ ഗാനങ്ങള്‍ മലയാളി കേട്ടു. രാവണപ്രഭു, കഥാവശേഷന്‍ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ ഹൃദയത്തെ തൊട്ടു. നെഞ്ചില്‍ നീറ്റലായി. മേലേപറമ്ബില്‍ ആണ്‍വീട്, വടക്കും നാഥന്‍, പല്ലാവൂര്‍ ദേവനാരായണന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും രചിച്ചു. ഷഡ്ജം ,തനിച്ചല്ല എന്നീ കവിതാസമാഹാരങ്ങളും എന്റെ പ്രിയപ്പെട്ട പാട്ടുകള്‍ എന്ന ഗാനസമാഹാരങ്ങളും ഗിരീഷ് പുത്തഞ്ചേരിയുടേതായുണ്ട്. വിടവാങ്ങി വര്‍ഷങ്ങള്‍ കഴിയുമ്ബോഴും ആ സര്‍ഗപ്രതിഭ സമ്മാനിച്ച പാട്ടുകള്‍ കേള്‍ക്കാതെ മലയാളിയുടെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here