ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ പെട്രോള്‍ പമ്ബുകളില്‍ ഇന്ധനം നിറയ്ക്കുന്നതിനായി വാഹനങ്ങളുടെ നീണ്ട ക്യൂ. രാജ്യത്തെ വിദേശ നാണ്യശേഖരം പരിതാപകരമായ അവസ്ഥയില്‍ എത്തിയതോടെ രാജ്യത്തിന്റെ സമ്ബദ്‌വ്യവസ്ഥ നേരിടുന്ന തകര്‍ച്ചയുടെ നേര്‍ക്കാഴ്ചയാണ് പമ്ബുകളില്‍ കാണാനാവുന്നത്.
ഇന്ധനം തീര്‍ന്നതിനാല്‍ മിക്ക പമ്ബുകളും അടച്ചിട്ടിരിക്കുകയാണ്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പ്രധാന നഗരങ്ങളിലുടനീളം അടഞ്ഞു കിടക്കുന്ന പമ്ബുകളുടെ കാഴ്ചകള്‍ പാക് ചാനലുകള്‍ പുറത്തുവിട്ടു.
ഇന്ധനത്തിന്റെ സ്റ്റോക്ക് തീരുന്ന മുറയ്ക്ക് പമ്ബുകള്‍ പൂട്ടിയിടുകയാണ്. ഇത് വാഹനമുടമകളെ ആശങ്കയിലാഴ്ത്തുന്നു. കഴിയുന്നയത്ര ഇന്ധനം സ്റ്റോക്ക് ചെയ്യുക എന്ന ഉദ്ദേശത്തോടെ എത്തുന്നവര്‍ പെട്രോള്‍ പമ്ബുകളില്‍ നീണ്ട ക്യൂവിന് കാരണമാവുന്നു. അടുത്തിടെ പാക് സര്‍ക്കാര്‍ ഇന്ധനവിലയില്‍ വന്‍ വര്‍ദ്ധനയാണ് നടപ്പിലാക്കിയത്. ഇതിനൊപ്പം പെട്രോള്‍ ക്ഷാമം കൂടിയായതോടെ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്.
പഞ്ചാബിന് പുറമേ പാക് നഗരങ്ങളായ ലാഹോര്‍, ഫൈസലാബാദ്, ഗുജ്രന്‍വാല തുടങ്ങിയ ഇടങ്ങളിലെ പമ്ബുകള്‍ അടച്ചിട്ടതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെട്രോള്‍ ക്ഷാമം കണക്കിലെടുത്ത് ഇവിടെ റേഷനിംഗ് ഏര്‍പ്പെടുത്തി.
ബൈക്ക് യാത്രക്കാര്‍ക്ക് 200 രൂപയും നാല് ചക്ര വാഹനങ്ങള്‍ക്ക് 5,000 രൂപയുടേയും ഇന്ധനം മാത്രമേ നല്‍കുന്നുള്ളുവെന്ന് സമാ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പ്രതിസന്ധി മുതലെടുത്ത് ചിലര്‍ കരിഞ്ചന്തയില്‍ കൂടിയ വിലയില്‍ ഇന്ധനം വില്‍ക്കപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയുടെ അയല്‍രാജ്യമായ ശ്രീലങ്കയിലും സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ അത് ഏറ്റവും ഗുരുതരമായി പ്രതിഫലിച്ചത് രാജ്യത്തിന്റെ ഇന്ധന ഇറക്കുമതിയെയായിരുന്നു