ചാത്തന്നൂര്‍: വേനല്‍മഴയില്‍ ദേശീയപാതയോരത്ത് വെള്ളക്കെട്ടായി വീടുകളില്‍ വെള്ളം കയറി ദുരിതം. പലയിടത്തും റോഡില്‍ കാലവര്‍ഷത്തിലേതിന് സമാനമായ വെള്ളക്കെട്ട് രൂപപ്പെട്ടു.
ദേശീയപാത വികസന പ്രവൃത്തികള്‍ നടക്കുന്ന മിക്ക സ്ഥലങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത വേനല്‍മഴയില്‍ ചെറുറോഡുകളിലേക്ക് കടക്കുന്ന പാതയില്‍ വലിയ കുഴികള്‍ രൂപപ്പെട്ടു. വൈദ്യുതി തൂണുകള്‍ ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
ചാത്തന്നൂര്‍ ജങ്ഷനിലെ കടകളില്‍ വെള്ളം കയറി. ഊറാംവിളയിലും ശീമാട്ടിയിലും വീടുകളില്‍ വെള്ളം കയറി. റോഡുകള്‍ ചളിക്കുണ്ടായി കാല്‍ നടയാത്രപോലും ദുസ്സഹമായി മാറി. മഴവെള്ളം ഒലിച്ചുപോകുന്നതിന് വന്‍മതില്‍പോലെ നിര്‍മിക്കുന്ന ദേശീയപാതയില്‍ സംവിധാനം ഒരുക്കിയിട്ടില്ല.
താഴ്ന്ന പ്രദേശങ്ങളിലേക്കും വീടുകളിലേക്കും വെള്ളം ഒഴുകിയെത്തുകയാണ്. ഇത്തിക്കര പാലത്തിന് സമീപമുള്ള തോടുകളും കൈതോടുകളും ദേശീയപാതക്കുവേണ്ടി മണ്ണിട്ടപ്പോള്‍ മൂടിയനിലയിലാണ്. ബൈപാസ് റോഡിന് സമീപമുള്ള വയല്‍പ്രദേശത്തും വെള്ളക്കെട്ടുണ്ടായി.
പലയിടത്തും കൈതോടുകളും ഡ്രെയിനേജുകളും മൂടിപ്പോയതായുള്ള പരാതികളുണ്ട്. ദേശീയപാത നിര്‍മാണ കരാര്‍ ഏജന്‍സികള്‍ ഉത്തരേന്ത്യയില്‍നിന്നുള്ള കമ്ബനികളാണ്. പ്രവൃത്തി നടത്തുന്ന തൊഴിലാളികളും ഉത്തരേന്ത്യയില്‍ നിന്നുള്ളവരാണ്. ആറ് മാസത്തിലധികം മഴ നീളുന്ന കേരളത്തിന്റെ കാലവര്‍ഷത്തെക്കുറിച്ചോ വെള്ളക്കെട്ട് സാധ്യതകളെക്കുറിച്ചോ ഇവര്‍ക്ക് ധാരണയില്ല.