തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് മുന്നോട്ടുവെക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങൾ മൂടിവെച്ച് നിർദേശങ്ങൾ മാത്രം പുറത്തു വിട്ടാൽ പോരെന്ന് ഡബ്ല്യൂസിസി. റിപ്പോർട്ടിൽ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും (അതിജീവതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കിക്കൊണ്ടു തന്നെ), കണ്ടെത്തലുകളും തങ്ങൾക്ക് അറിയേണ്ടതുണ്ട്. അതിനാലാണ് ഹേമ കമ്മിറ്റിയുടെ നിർദേശങ്ങൾ മാത്രം ചർച്ചചെയ്ത് കമ്മിറ്റികൾ ഒന്നിനു പുറകെ ഉണ്ടാക്കിയിട്ട് കാര്യമില്ല എന്നു പറയുന്നത്. ഹേമ കമ്മിറ്റി മുന്നോട്ടുവെച്ച നിർദേശങ്ങളിൽ അവർ എത്തിച്ചേർന്നതിനു പിന്നിലുള്ള കാരണം പൊതുജനങ്ങൾക്ക് അറിയേണ്ടതുണ്ടെന്നും ഡബ്ല്യൂസിസി ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാത്തത് ഡബ്ല്യുസിസി ആവശ്യപ്പെട്ടതുകൊണ്ടാണെന്ന് മന്ത്രി പി.രാജീവ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡബ്ല്യുസിസിയുടെ പ്രതികരണം. റിപ്പോർട്ട് പുറത്തുവിടേണ്ടെന്ന് തങ്ങൾ ആവശ്യപ്പെട്ടെന്ന മന്ത്രിയുടെ വെളിപ്പെടുത്തലിൽ ഡബ്ല്യുസിസി മറുപടി നൽകിയിട്ടില്ല. അതേസമയം, ജനുവരി 21-ന് മന്ത്രി രാജീവുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹത്തിന് സമർപ്പിച്ച കത്ത് ഡബ്ല്യുസിസി പുറത്തുവിട്ടിട്ടുണ്ട്.
ഇന്ത്യൻ എക്സ്പ്രസ് സംവാദത്തിലാണ് ഡബ്ല്യുസിസിയെ പ്രതിക്കൂട്ടിലാക്കി ഹേമ കമ്മീഷൻ റിപ്പോർട്ട് അവർ പുറത്തുവിടേണ്ടതില്ലെന്ന് അവർ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തിയത്. എന്നാൽ താൻ പറഞ്ഞത് റിപ്പോർട്ട് അതേപടി പുറത്തുവിടരുതെന്നും അതിലെ ശുപാർശകൾ നടപ്പാക്കണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടെന്നുമാണ് എന്ന് മന്ത്രി പി.രാജീവ് ഡോട്ട്കോമിനോട് വിശദീകരിക്കുകയുണ്ടായി.
ഒന്നര കോടി രൂപയിലേറെ നികുതിപ്പണം ചെലവിട്ട് രണ്ടുവർഷമെടുത്ത് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ഒരു നടപടിയും എടുക്കാത്തത് തങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നുവെന്ന് മന്ത്രി രാജീവിന് നൽകിയ കത്തിൽ ഡബ്ല്യുസിസി പറയുന്നുണ്ട്. സ്ത്രീക്ക് നീതി ഉറപ്പുവരുതുന്ന സംവിധാനത്തിന് മാത്രമേ സ്ത്രീപക്ഷ കേരളം വാർത്തെടുക്കാനാവൂവെന്നും കത്തിൽ പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നാലാം തീയതി സർക്കാർ ക്ഷണിച്ച യോഗത്തെ ഏറെ പ്രതീക്ഷകളോടെയാണ് തങ്ങൾ കാണുന്നതെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ ഡബ്ല്യൂസിസി വ്യക്തമാക്കുന്നു.