പൂനെ: ഹിന്ദുവായതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വൈസ് ചാന്‍സലര്‍ ശാന്തിശ്രീ പണ്ഡിറ്റ്. കൂടാതെ രാഷ്ട്രീയ സ്വയം സേവകുമായുള്ള (ആര്‍എസ്എസ്) ബന്ധത്തിലും തനിക്ക് അഭിമാനമുണ്ടെന്നും ഇടതുപക്ഷ ആഖ്യാനങ്ങളെ പ്രതിരോധിക്കണമെന്നും അവര്‍ പറഞ്ഞു.
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനോടൊപ്പം വേദി പങ്കിടവെയാണ് വിസിയുടെ പരാമര്‍ശം. ഒരു പുസ്തക പ്രകാശന വേദിയില്‍ സംസാരിക്കുകയായിരുന്നു ഇവര്‍. അഭിജിത്ത് ജോഗിന്റെ Leftist termite burrowing the world എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്.
” സംഘിന്റെ കീഴില്‍ നില്‍ക്കുന്നതിലും ഹിന്ദുവായതിലും ഞാന്‍ അഭിമാനിക്കുന്നു. ഇടതുപക്ഷ പ്രൊപ്പഗന്‍ഡയെ ചെറുത്ത് തോല്‍പ്പിക്കാന്‍ നമുക്ക് ഒരു ആഖ്യാന ശക്തി വേണം,”എന്ന് ശാന്തിശ്രീ പണ്ഡിറ്റ് പറഞ്ഞു.
സാവിത്രിഭായ് ഫൂലെ പൂനെ സര്‍വകലാശാലയില്‍ താന്‍ നേരിട്ട വെല്ലുവിളികളെപ്പറ്റിയും ശാന്തിശ്രീ തുറന്ന് പറഞ്ഞു. ജെഎന്‍യു വിസി ആകുന്നതിന് മുമ്പ് എസ്പിപിയുവില്‍ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപികയായി ശാന്തിശ്രീ സേവനമനുഷ്ടിച്ചിരുന്നു.
” ജെഎന്‍യുവിലേക്കാള്‍ കൂടുതല്‍ ഇടതുപക്ഷക്കാര്‍ പൂനെ സര്‍വകലാശാലയിലുണ്ടെന്നാണ് തോന്നുന്നത്. ജെഎന്‍യുവില്‍ പരസ്യമായി കാണുന്നു. എന്നാല്‍ പൂനെയില്‍ പരസ്യമായി ദൃശ്യമല്ല,” എന്നും ശാന്തിശ്രീ പറഞ്ഞു.
” സംസ്‌കാരവും മൂല്യങ്ങളും എനിക്ക് ആര്‍എസ്എസില്‍ നിന്നാണ് ലഭിച്ചത്.ആര്‍എസ്എസില്‍ പെട്ടയാളാണ് ഞാന്‍ എന്ന് പറയുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ഞാനൊരു ഹിന്ദുവാണെന്ന് പറയുന്നതിലും അഭിമാനിക്കുന്നു,” എന്ന് ശാന്തിശ്രീ പറഞ്ഞു.
ഇടതുപക്ഷം തങ്ങളുടെ കള്‍ച്ചറല്‍ മാര്‍ക്‌സിസത്തിലൂടെ സംസ്‌കാരത്തെ ഇല്ലാതാക്കുന്നുവെന്നും അതിനെ പ്രതിരോധിക്കണമെന്നും ശാന്തിശ്രീ പറഞ്ഞു. കൂടാതെ അവര്‍ വസ്തുതകളെ സൗകര്യപൂര്‍വ്വം അവഗണിക്കുന്നുവെന്നും ശാന്തിശ്രീ കുറ്റപ്പെടുത്തി.
അതേസമയം സുപ്രീം കോടതിയേയും ശാന്തിശ്രീ പരിഹസിച്ചു. ടീസ്റ്റ സെതല്‍വാദിന് ജാമ്യം നല്‍കാനായി മാത്രമാണ് സുപ്രീം കോടതി ശനിയാഴ്ചയും തുറന്ന് പ്രവര്‍ത്തിച്ചത് എന്നായിരുന്നു ഇവരുടെ വിമര്‍ശനം.
രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്ന ഇടതുപക്ഷ ആഖ്യാനത്തെ ചെറുക്കുന്നതിന് ഒരു ബദല്‍ വേണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും പറഞ്ഞു.
” ഇടതുപക്ഷ പ്രത്യയശാസ്ത്രം വെറും മിഥ്യയാണ്. രാജ്യത്തെ ആശയക്കുഴപ്പത്തിലേക്കും അരാജകത്വത്തിലേക്കും നയിക്കുന്ന ആശയമാണ് അവരുടേത്. ഇതിനെതിരെ ബദല്‍ സംവിധാനങ്ങള്‍ ഉയര്‍ന്നുവരണം,” ഭാഗവത് പറഞ്ഞു.
ഈ ആശങ്കകള്‍ക്കിടയിലും ഇന്ത്യയുടെ പുനരുജ്ജീവനം അനിവാര്യമാണെന്നും ഭാഗവത് പറഞ്ഞു.
”ശത്രു കെണിയൊരുക്കി കാത്തിരിക്കുകയാണ്. മറ്റ് വഴികളില്ലാത്തതിനാല്‍ അതിലൂടെ നമുക്ക് സഞ്ചരിച്ചേ മതിയാകു. ആഖ്യാനത്തെ ചുറ്റിപ്പറ്റിയുള്ള യുദ്ധമാണിത്. ഇടത്, വലത് എന്ന ആശയം ഇവിടെ ഉണ്ടായതല്ല. അത് പുറത്ത് നിന്ന് ഇറക്കുമതി ചെയ്തതാണ്,” ഭാഗവത് പറഞ്ഞു.
” തങ്ങളാണ് കരുത്തരായ ശക്തി എന്നവര്‍ ധരിക്കുന്നു. അവര്‍ അഹങ്കാരികളാണ്. തങ്ങളുടെ ആധിപത്യം സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അവര്‍ ശാസ്ത്രവിരുദ്ധരാണ്,” എന്നും ഭാഗവത് പറഞ്ഞു.
ഭാഷയെ ആയുധമാക്കുന്നവരാണ് ഇടതുപക്ഷമെന്ന് എഴുത്തുകാരന്‍ അഭിജിത്ത് ജോഗും പറഞ്ഞു. നാസിസവും ഫാസിസവുമായി ബന്ധമുള്ളവരാണ് ഇടതുപക്ഷമെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇടതുപക്ഷം രാജ്യത്ത് അരാജകത്വത്തിന്റെയും അശാന്തിയുടേയും വിത്തുപാകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.