പൂജ ഖേദ്ക‍റിനെതിരെ ഡൽഹി പോലീസ് ക്രിമിനൽ കേസെടുത്തു.

0
59

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷ (യുപിഎസ്സി) ൻ്റെ പരാതിയിൽ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ ഉൾപ്പെട്ട ഐഎഎസ് പ്രൊബേഷനറി ഓഫീസർ പൂജ ഖേദ്ക‍റിനെതിരെ ഡൽഹി പോലീസ് ക്രിമിനൽ കേസെടുത്തു. വഞ്ചന, കൃത്രിമ രേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. 2022ലെ സിവിൽ സർവീസ് പരീക്ഷാ ഉദ്യോഗാർഥിത്വം റദ്ദാക്കാതിരിക്കാനായി യുപിഎസ്സി പൂജയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.

വ്യാജ സർട്ടിഫിക്കറ്റ് ആരോപണത്തിൽ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് യുപിഎസ്സിയുടെ നടപടി.അന്വേഷണത്തിൽ പേര്, മാതാപിതാക്കളുടെ പേര്, ഫോട്ടോ/ ഒപ്പ്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവയിൽ മാറ്റം വരുത്തിയതായി കണ്ടെത്തിയെന്ന് യുപിഎസ്സി പ്രസ്താവനയിലൂടെ അറിയിച്ചു. അനുവദനീയമായതിലും കൂടുതൽ തവണ പരീക്ഷ എഴുതാനുള്ള അവസരം പൂജ നേടിയെന്നും കണ്ടെത്തലുണ്ട്. കാരണം കാണിക്കൽ നോട്ടീസിന് പൂജ നൽകുന്ന മറുപടി അനുസരിച്ചാകും തുടർനടപടികൾ യുപിഎസ്സി തീരുമാനിക്കുക.

യുപിഎസ്സി പരീക്ഷകളിൽനിന്ന് പൂജയെ ഡീബാർ ചെയ്യാനും സാധ്യതയുണ്ട്.പൂനെ അസിസ്റ്റൻ്റ് കളക്ടറായി ട്രെയിനിങ് തുടരുന്നതിനിടെ കളക്ട‍റുടെ ഓഫീസിൽ പ്രത്യേക ചേമ്പർ, ഔദ്യോഗിക വാഹനം, സ്റ്റാഫുകൾ എന്നിവ ആവശ്യപ്പെട്ടതോടെയാണ് പൂജ വിവാദത്തിലേക്ക് എത്തുന്നത്. നിയവിരുദ്ധമായി ബീക്കൺ ലൈറ്റും ‘മഹാരാഷ്ട്ര സർക്കാർ’ എന്ന ബോർഡും ഘടിപ്പിച്ച പൂജയുടെ വാഹനം പോലീസ് പിടിച്ചെടുത്തതോടെ പൂജയുടെ പേര് വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചു. ഇതിന് പിന്നാലെയാണ് കൂടുതൽ ആരോപണം ഉയർന്നത്.2023 ബാച്ച് മഹാരാഷ്ട്ര കേഡർ ഐഎഎസ് ഉദ്യോഗസ്ഥയായ പൂജ സിവിൽ സ‍‍ർവീസിൽ മികച്ച സ്ഥാനം ഉറപ്പിക്കാനായി ഒബിസി ക്വാട്ട, പേഴ്സൺസ് വിത്ത് ബെഞ്ച്മാർക്ക് ഡിസബിലിറ്റി (പിഡബ്യുബിഡി) എന്നീ ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം. പിതാവിൻ്റെ ആസ്തി 40 കോടി ആണെന്നിരിക്കെ പൂജ സമർപ്പിച്ച രേഖയിൽ താൻ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളാണെന്നാണ് ചൂണ്ടിക്കാട്ടിയിരുന്നതെന്നാണ് ആരോപണം.

ഇതിന് പുറമേ തനിക്ക് കാഴ്ചാപരിമിതിയുണ്ടെന്ന് കാട്ടിയും സർട്ടിഫിക്കറ്റ് സമർപ്പിച്ചിരുന്നു. ഇത് പരിശോധിക്കാൻ വേണ്ടി ഡിപ്പാർട്ട്മെൻ്റ് ഓഫ് പേഴ്സണൽ ആൻ്റ് ട്രെയിനിങ് പലതവണ വിളിപ്പിച്ചെങ്കിലും ഹാജരായില്ലെന്നും ആരോപണമുണ്ട്.ആരോപണത്തിൻ്റെ പശ്ചാത്തലത്തിൽ പൂജ സമ‍ർപ്പിച്ച രേഖകൾ പുനപരിശോധിക്കാനായി ഏകാംഗ കമ്മിറ്റിയെ കേന്ദ്രസ‍ർക്കാർ നിയോഗിച്ചിരുന്നു. കുറ്റം തെളിയിക്കപ്പെടുന്നതുവരെ താൻ നിരപരാധിയാണെന്നും മാധ്യമവിചാരണയിലൂടെ താൻ കുറ്റക്കാരിയാണെന്ന് പറയുന്നത് തെറ്റാണെന്നും പൂജ ഖേദ്കർ ഇക്കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here