പ്രകൃതി പലവിധത്തിലും നമ്മെ വിസ്മയിപ്പിക്കാറുണ്ട്. പ്രാണികളെ ഭക്ഷണമാക്കുന്ന ചെടികള്‍, ശത്രുക്കളെ കാണുമ്പോള്‍ നിറം മാറ്റാന്‍ കഴിവുള്ള ഓന്തുകള്‍ തുടങ്ങി പലവിധ വിസ്മയകാഴ്ചകള്‍ നിറഞ്ഞതാണ് നമുക്കുചുറ്റുമുള്ള പ്രകൃതി. എന്നാല്‍, ഇപ്പോഴിതാ ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് യോര്‍ക്കിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ കാര്യം കൗതുകവും അതിനൊപ്പം അറിവും പങ്കിടുന്നു. ശത്രുവിനെ നേരിടുന്നതിനായി ഒരേ നിറത്തിലുള്ള ചിത്രശലഭങ്ങള്‍ അസാധാരണമായ ഒരു പറക്കല്‍ രീതി പിന്തുടരുന്നുവെന്നതാണ് അവരുടെ കണ്ടെത്തല്‍.
വേഗതയില്‍ പ്ലേ ചെയ്ത വീഡിയോയിലൂടെ 351 ചിത്രശലഭങ്ങളെയാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. തുടര്‍ന്ന് ചിത്രശലഭങ്ങളുടെ നിറത്തിലെ വ്യത്യാസവും പറക്കുന്ന സ്വഭാവവും തമ്മിലുള്ള പരസ്പര ബന്ധം വിലയിരുത്തുകയായിരുന്നു. തെക്കന്‍ അമേരിക്കയില്‍ നിന്നുള്ള 38 ചിത്രശലഭ ഇനങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ചിറകുകളുടെ ആകൃതിയും താപനിലയേക്കാളും ചിത്രശലഭങ്ങളുടെ നിറത്തിനാണ് പഠനത്തില്‍ ഊന്നല്‍ നല്‍കിയത്. ഇവയുടെ പറക്കല്‍ രീതി നിര്‍ണയിക്കുന്നതില്‍ ഇത് സുപ്രധാന പങ്കുവഹിക്കുന്നതായും അവര്‍ കണ്ടെത്തി. ഒരേ നിറമുള്ള ചിത്രശലഭങ്ങള്‍ ഒന്നിച്ച് നിന്ന് പ്രത്യേക രീതിയില്‍ പറക്കുന്നു. ഇത് ശത്രുക്കളുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാനും അതിജീവനം ഉറപ്പാക്കാനുമുള്ള ഒരു അടയാളമായി പ്രവര്‍ത്തിക്കുന്നു. ഈ കഴിവ് ഒരേ ഇനത്തില്‍പ്പെട്ട ചിത്രശലഭങ്ങള്‍ക്കിടയില്‍ മാത്രമല്ല ഇരപിടിക്കാന്‍ സാധ്യതയുള്ളവരുമായുള്ള ആശയവിനിമയമായും പ്രവര്‍ത്തിക്കുന്നു.
“ചിത്രശലഭത്തിന്റെ പറക്കുന്ന രീതി അവയുടെ നിറവുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ടോയെന്നാണ് അറിയേണ്ടിയിരുന്നത്. നിറത്തിനൊപ്പം അവയുടെ പറക്കുന്ന രീതിയും ശത്രുക്കളെ തുരത്താന്‍ സഹായിക്കുന്നുണ്ടോയെന്നും പഠനവിധേയമാക്കി,” പഠനത്തിന് നേതൃത്വം നല്‍കിയ സംഘത്തിലുണ്ടായിരുന്ന പിഎച്ച്ഡി വിദ്യാര്‍ഥി എഡ്ഡ് പേജ് പറഞ്ഞു. ചിത്രശലഭങ്ങളുടെ പെരുമാറ്റത്തിലുള്ള അനുകരണം കണ്ടെത്താന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ‘എന്നെ ഭക്ഷണമാക്കരുത്’ എന്ന സന്ദേശം നല്‍കുന്നതില്‍ ഈ പറക്കുന്ന രീതി നിര്‍ണായകമായി മാറുന്നതായും അദ്ദേഹം വ്യക്തമാക്കി.
ജീവജാലങ്ങളുടെ പെരുമാറ്റത്തില്‍ പരിണാമത്തിന്റെ അഗാധമായ സ്വാധീനം ഉണ്ടെന്നുള്ളതിന്റെ ശ്രദ്ധേയമായ ഉദാഹരണമാണിതെന്ന് യൂണിവേഴ്‌സിറ്റിയിലെ ജീവശാസ്ത്രവിഭാഗം പ്രൊഫസര്‍ കാഞ്ചന്‍ ദാസ്മഹാപാത്ര പറഞ്ഞു. ഈ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന ജീനുകളെ തിരിച്ചറിയുക എന്നാണ് ഇപ്പോള്‍ മുന്നിലുള്ള വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ഗവേഷണം നടത്തേണ്ടതിന്റെ പ്രധാന്യമാണ് ഈ കണ്ടെത്തല്‍ അടിവരയിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിത്രശലഭത്തിന്റെ ആശയവിനിമയത്തെയും പ്രതിരോധതന്ത്രങ്ങളെയും കുറിച്ചുള്ള പുതിയ കണ്ടെത്തല്‍ നമുക്ക് നല്‍കുന്നത് പാരിസ്ഥിതിക ഇടപെടലുകളുടെയും പരിണാമ പ്രക്രിയകളെയും കുറിച്ചുള്ള വിശാലമായ ഉള്‍ക്കാഴ്ചകളാണ്. ഒരേ നിറത്തിലുള്ള ചിത്രശലഭങ്ങള്‍ക്കിടയില്‍ പ്രത്യേക രീതിയിലുള്ള പറക്കല്‍ സ്വഭാവം കണ്ടെത്താന്‍ കഴിഞ്ഞത് പ്രകൃതിയുടെ രൂപകല്‍പ്പനയുടെയും ജീവികളുടെ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാനുള്ള കഴിവുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ജനിതക ശാസ്ത്രം, പെരുമാറ്റം, പാരിസ്ഥിതിക സമ്മര്‍ദ്ദം എന്നിവ തമ്മിലുള്ള ആഴമേറിയ ഇടപെടലിനെ ഇത് അടിവരയിരുന്നു. ഇതിന് പുറമെ പരിണാമ ജീവശാസ്ത്ര മേഖലയില്‍ പര്യവേഷണത്തിനും കണ്ടെത്തലിനുമുള്ള പുതിയ വഴികള്‍ തുറക്കപ്പെടുകയാണ് ഈ കണ്ടെത്തലിലൂടെ.