രാമേശ്വരം കഫേയില്‍ വെള്ളിയാഴ്ചയുണ്ടായ സ്‌ഫോടനത്തിന്‍റെ അന്വേഷണ ചുമതല എൻഐഎയ്ക്ക് കൈമാറി.

0
35

രാമേശ്വരം കഫേയില്‍ വെള്ളിയാഴ്ചയുണ്ടായ സ്‌ഫോടനത്തിന്‍റെ അന്വേഷണ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഐഎയ്ക്ക് കൈമാറി. സംഭവത്തിൽ ഉയർന്ന ആശങ്കയും സമഗ്രമായ അന്വേഷണത്തിന്‍റെ അടിയന്തിര ആവശ്യവും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

സ്‌ഫോടനസ്ഥലം കഴിഞ്ഞദിവസം ഏജൻസിയുടെ സംഘം സന്ദർശിച്ചതിന് പിന്നാലെയാണ് കേസന്വേഷണം എൻഐഎയ്ക്ക് കൈമാറാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം. കേസ് വീണ്ടും രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്ത NIA സ്ഫോടനത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ വിഷയത്തിലേക്ക് ആഴ്ന്നിറങ്ങാൻ ഒരുങ്ങുകയാണ്.

മാർച്ച് ഒന്നാം തിയതി വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്ത് ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഏരിയയിലെ തിരക്കേറിയ കഫേയിൽ നടന്ന സ്ഫോടനം നഗരത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. സംഭവത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റിരുന്നു. ആരുടേയും പരിക്ക് ഗുരുതരമായിരുന്നില്ല. അതേസമയം, സ്ഫോടനം ആളുകളില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തുകയും ചെയ്തു.

സംഭവം നടന്നയുടന്‍ തന്നെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട്, സ്‌ഫോടകവസ്തുക്കൾ ആക്‌ട് എന്നിവ പ്രകാരം കേസെടുത്ത് ബെംഗളൂരു പോലീസ് അതിവേഗ നടപടി സ്വീകരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള പ്രാഥമിക കണ്ടെത്തലുകൾ സ്ഫോടനം നടക്കുന്നതിന് മുമ്പ് കഫേയ്ക്കുള്ളിൽ ഒരു വ്യക്തി ഒരു ബാഗ് വയ്ക്കുന്നത് CCTV ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കിയിരുന്നു.

സ്ഫോടനം സൃഷ്ടിച്ച ആശങ്കയ്ക്കിടയിൽ, ‘കുറ്റവാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി.  സംഭവത്തില്‍ പല ടീമുകള്‍ വ്യത്യസ്ത ദിശകളിൽ അന്വേഷണം നടത്തുകയാണ്.  ഇത് രാഷ്ട്രീയ വിഷയമാക്കരുത്, ബിജെപി നിഷേധാത്മക പ്രസ്താവനകൾ പുറപ്പെടുവിക്കരുത്’, കർണാടക ആഭ്യന്തരമന്ത്രി ഞായറാഴ്ച പറഞ്ഞു.

ബെംഗളൂരു സ്പോടനത്തിന്‍റെ അന്വേഷണം എൻഐഎയെ ഏൽപ്പിച്ചത് എന്തുകൊണ്ട് എന്ന ചോദ്യം ഉയരുന്നു. ഈ അവസരത്തില്‍ ഏതുതരം കേസുകളാണ് എൻഐഎ അന്വേഷിക്കുന്നത് എന്നറിയേണ്ടത് പ്രധാനമാണ്.

ഇന്ത്യയുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കേന്ദ്രസർക്കാരിന്‍റെ ഏജൻസിയാണ് എൻഐഎ എന്ന് നമുക്കറിയാം. ഇത്തരത്തില്‍ ഏതെങ്കിലും കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ ആ കേസിന്‍റെ അന്വേഷണം എൻഐഎയ്ക്ക് കൈമാറും. എൻഐഎ കേന്ദ്ര തീവ്രവാദ വിരുദ്ധ നിയമ നിർവ്വഹണ ഏജൻസിയാണ്. സ്‌ഫോടനം, ആയുധങ്ങൾ, വ്യാജ കറൻസി, മയക്കുമരുന്ന് കടത്ത് എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ ഉണ്ടെങ്കിൽ, അത് സംസ്ഥാന സർക്കാരിന്‍റെ ശുപാർശ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് എൻഐഎയ്ക്ക് കൈമാറും.

LEAVE A REPLY

Please enter your comment!
Please enter your name here